കൊല്ലം: കൊട്ടാരക്കരയിൽ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. കൊട്ടാരക്കര സ്വദേശി രാഹുലാണ് മരിച്ചത്. ബുധനാഴ്ച നടന്ന സംഘര്‍ഷത്തിലാണ് രാഹുലിന് കുത്തേറ്റത്.
കൊട്ടാരക്കരയിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ വാക്കു തർക്കങ്ങൾ ഉണ്ടായിരുന്നു. ഇത് പരിഹരിക്കാൻ ബുധനാഴ്ച കുന്നിക്കോട് ചർച്ച നടത്തി. ഇവിടെവച്ച് ഇരുകൂട്ടരും തമ്മിൽ വീണ്ടും വാക്കുതർക്കമായി. സിദ്ദിഖ് എന്ന ഡ്രൈവർക്ക് കാര്യമായി മർദനമേറ്റു. പരിക്കേറ്റ സിദ്ദിഖിനെ കൊട്ടാരക്കര വിജയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് ശേഷം ആശുപത്രിയിൽ വച്ചും ഒത്തുതീർപ്പ് ചർച്ച തുടർന്നു. ഇതിനിടയിലാണ് വീണ്ടും സംഘർഷം ഉണ്ടായത്.
സംഘർഷത്തിനിടെ ചക്കുപാറ സ്വദേശികളായ വിഷ്ണു, സഹോദരൻ വിനീത്, രാഹുൽ എന്നിവർക്കാണ് കുത്തേറ്റത്. വിഷ്ണു, വിനീത് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും രാഹുലിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്നാണ് രാഹുലിന്റെ മരണം സംഭവിച്ചത്. സംഭവത്തിൽ 30 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.