തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ നവജാതശിശുവിനെ കടത്തിയ സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ(Anavoor Nagappan) പരുഷമായാണ് പെരുമാറിയതെന്ന് കുട്ടിയെ നഷ്ടപ്പെട്ട അമ്മ അനുപമ. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും സി പി എം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനെ(A Vijayaraghavan) സമീപിച്ചപ്പോഴും അനുകൂല നിലപാടുണ്ടായില്ല. അന്നത്തെ ഡിജിപി ലോക് നാഥ് ബഹ്റയെ(Lokanath Behera) നേരിട്ട് കണ്ടിട്ടും പരാതിയിൽ കേസെടുത്തില്ലെന്നും അനുപമ പറഞ്ഞു.
കുട്ടിയെ കിട്ടാനുള്ള അമ്മയുടെ അവകാശത്തിനൊപ്പമെന്ന ജില്ലാ സെക്രട്ടറിയുടെ ഇപ്പോഴത്തെ വാദം പൊള്ളയെന്ന് അനുപമ പറഞ്ഞു. വൃന്ദകാരാട്ട് മാത്രമാണ് സഹായിച്ചത്. നീതി പ്രതീക്ഷിച്ച തന്നെയും ഭർത്താവിനെയും ഇതിൻ്റെ പേരിൽ പാർട്ടി പുറത്താക്കി. മുഖ്യമന്ത്രി, കോടിയേരി ബാലകൃഷ്ണൻ(Kodiyeri Balakrishnan), വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി(p sathidevi) എന്നിവർക്ക് നല്കിയ പരാതികളും അവഗണിക്കപ്പെട്ടു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും വീട്ടുകാരുമായി ഒത്തുകളിച്ചെന്നാണ് കരുതുന്നത്. കുഞ്ഞിനെ തിരികെ കിട്ടാൻ നിയമ നടപടിയുമായി ഏതറ്റം വരെയും പോകുമെന്നും അനുപമ പറഞ്ഞു.