ടി20 ലോകകപ്പ് സമയത്ത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിൽ ഓളമുണ്ടാക്കാനായി ട്വിറ്ററും രംഗത്തിറങ്ങുന്നു. 2020 ജൂലൈ 1 മുതല്‍ 2021 ജൂലൈ 1 വരെ 7.5 കോടിയിലേറെ ക്രിക്കറ്റ് സംബന്ധമായ ട്വീറ്റുകളാണ് തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഇന്ത്യക്കാര്‍ നടത്തിയിരിക്കുന്നതെന്ന് ട്വിറ്റര്‍ പറയുന്നു. ലൈവ് ട്വീറ്റുകളും ചര്‍ച്ചകളുമൊക്കെ ഇപ്പോള്‍ ക്രിക്കറ്റ് കളി നടക്കുന്ന സമയത്ത് ട്വിറ്ററിലും സജീവമാണ്. ഇതെല്ലാം കണ്ട ട്വിറ്റര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഫാന്‍സിനായി ലൈവ് സ്കോര്‍കാര്‍ഡ് നല്കാന് ഒരുങ്ങുകയാണ്. ലൈവ് കമന്ട്രി നല്‍കാനുളള സാധ്യതയും കമ്പനി ആരായുന്നുണ്ട്. ഐഒഎസ്, ആന്‍ഡ്രോയിഡ് ട്വിറ്റര്‍ ആപ്പുകൾ ഇന്ത്യന്‍ സ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തവര്‍ക്കായിരിക്കും പുതിയ ഫീച്ചറുകള്‍ ലഭിക്കുക. അമേരിക്കയ്ക്കു പുറത്ത് ഒരു കമ്യൂണിറ്റി അദ്യമായി സൃഷ്ടിക്കാനും തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് ട്വിറ്റര്‍ പറയുന്നു. ക്രിക്കറ്റ് ട്വിറ്റര്‍-ഇന്ത്യ എന്നായിരിക്കും അതിന്റെ പേര്. രാജ്യത്തെ വിവിധ ഭാഷകളില്‍ ഇതു ലഭ്യമാക്കും. അമേരിക്കയില്‍ കമ്യൂണിറ്റികള്‍ തുടങ്ങിയത് ഈ വര്‍ഷം സെപ്റ്റംബറിലാണ്.