അമ്പലവയൽ ∙ ഒന്നര വർഷത്തിനു ശേഷം സ്കൂളുകളിലേക്കു വിദ്യാർഥികളെത്തുമ്പോൾ പ്രതീക്ഷയോടെ വ്യാപാരികൾ. കോവിഡ് പശ്ചാത്തലത്തിൽ ക്ലാസുകൾ ഓൺലൈനായി മാറിയതോടെ വിദ്യാർഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും ബാഗുകളുമെല്ലാം വിൽക്കുന്ന കടകളിലെ വിൽപനയും നിലനിൽപ്പുമെല്ലാം താളം തെറ്റിയിരുന്നു. കഴിഞ്ഞ അധ്യയന വർഷം പൂർണമായും ഇത്തവണ അധ്യയന വർഷം പകുതിയിലേറെയും പിന്നിട്ടതിനു ശേഷമാണ് സ്കൂൾ വീണ്ടും തുറക്കുന്നത്.
പൂർണമായും വിദ്യാർഥികൾ എത്തില്ലെങ്കിലും സ്കൂൾ സജീവമാകുന്നത് എല്ലാ മേഖലയിലും ഉണർവാകും. പുസ്തകങ്ങൾ അടക്കമുള്ളവ വിദ്യാർഥികൾ ഓഫ്ലൈൻ ക്ലാസുകൾക്കെല്ലാമായി വാങ്ങിയിട്ടുണ്ടെങ്കിലും സ്കൂൾ തുറക്കുമ്പോൾ പഠനോപകരണങ്ങളെല്ലാം കൂടുതലായി ആവശ്യം വരുമെന്നാണു വ്യാപാരികളുടെ കണക്കുകൂട്ടൽ. ബാഗുകളെല്ലാം വിൽപന കേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്.
ബാഗുകൾ നിർമിച്ചു നൽകുന്ന കടകളിലും കൂടുതലായി ബാഗുകൾ ഒരുക്കിയിട്ടുണ്ട്. 200 രൂപ മുതൽ 650-700 രൂപ വരെയുള്ള ബാഗുകളുണ്ട്. സ്കൂളുകളിൽ ഹാജർ നിർബന്ധമില്ലാത്തതിനാലും ഓൺലൈൻ ക്ലാസുകൾ തുടരുമെന്നതിനാലും മുഴുവൻ വിദ്യാർഥികളും ക്ലാസുകളിലെത്തുമെന്നതു സംബന്ധിച്ചു വിവരമില്ല.
രക്ഷിതാക്കൾക്ക് പലർക്കും വിദ്യാർഥികളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നതിനാൽ പൂർണമായും വിദ്യാർഥികൾ വിദ്യാലയങ്ങളിലേക്ക് എത്താൻ സാധ്യതയില്ല. സ്കൂളുകളിൽ യൂണിഫോം നിർബന്ധമില്ലാത്തതിനാൽ അവ വിൽക്കുന്ന കടകൾക്കും തയ്ക്കുന്ന കടകൾക്കും തൽക്കാലത്തേക്കു ഗുണമെന്നും ലഭിക്കില്ല.
, ജീപ്പ്, ഓട്ടോ തുടങ്ങിയ സർവീസുകൾക്കെല്ലാം സ്കൂളുകളും കോളജുകളും തുറക്കുന്നത് ആശ്വാസമാകും. ഓട്ടം കൂടുതൽ ലഭിക്കും. കുറെക്കാലമായി ഓട്ടമില്ലാതെ കിടക്കുന്ന സ്കൂൾ ബസുകൾ ഏറെയും ആദ്യഘട്ടത്തിൽ സർവീസ് നടത്താൻ സാധ്യതയില്ല. പലതിനും ലക്ഷങ്ങൾ ചെലവഴിച്ചാൽ മാത്രമേ നിരത്തിലിറക്കാൻ സാധിക്കൂ. ഇതിനാൽ കുട്ടികൾ കെഎസ്ആർടിസി അടക്കമുള്ള പൊതു സർവീസുകളെ ആശ്രയിച്ചാകും സ്കൂളുകളിലേക്ക് എത്തുക.