കൊച്ചി∙ വ്യാജ പുരാവസ്തു, സാമ്പത്തിക തട്ടിപ്പു കേസിൽ ആരോപണ വിധേയരായ മോൻസനും പ്രവാസി അനിത പുല്ലയിലും അരോപണങ്ങളിൽ നിന്ന് പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുന്നു. സഹോദരിയുടെ വിവാഹം നടത്താൻ വാങ്ങിയ 18 ലക്ഷം രൂപ അനിത പുല്ലയിൽ തിരിച്ചു നൽകിയില്ലെന്ന് ഒരു ടെലിഫോൺ സംഭാഷണ രേഖയിൽ പറയുന്നത് പുറത്തായി. വിവാഹം കഴിഞ്ഞ ശേഷം യൂറോയായി ഈ തുക നൽകാമെന്ന വാഗ്ദാനം അനിത ലംഘിച്ചതായാണ് ആരോപണം.
എന്നാൽ പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചേർന്നു സംരക്ഷിച്ചു നിർത്തിയ മോൻസനെതിരെ കേസ് റജിസ്റ്റർ ചെയ്തതിനു പിന്നിൽ തന്റെ ഇടപെടലുണ്ടെന്ന് അവകാശപ്പെട്ട അനിത പുല്ലയിൽ സഹോദരിയുടെ വിവാഹാഘോഷത്തിന്റെ ചെലവ് മോൻസന്റെ വകയായിരുന്നുവെന്നു സമ്മതിച്ചു. അതു നേരത്തെ മോൻസൻ കടം വാങ്ങിയ പണമായിരുന്നുവെന്നും പറഞ്ഞു. ഇറ്റലിയിലുള്ള അനിതയുടെ മൊഴി വിഡിയോ കോൺഫറൻസിങ് വഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി.
‘സാധാരണ സ്ത്രീയായ എന്നെ എല്ലാവരും കൂടി നെഗറ്റീവ് സ്റ്റാറാക്കി മാറ്റി’യെന്ന് അന്വേഷണ സംഘത്തിനു മൊഴി നൽകിയ ശേഷം അനിത മാധ്യമങ്ങളോടു പ്രതികരിച്ചു. ‘മോൻസനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ല. ഒരാൾ തട്ടിപ്പുകാരനാണെന്നു തിരിച്ചറിഞ്ഞ ശേഷവും ഇടപാടുകൾ നടത്തിയാലാണ് അതു കുറ്റകരമാവുന്നത്. മോൻസനുമായി അകന്ന ശേഷമാണു തട്ടിപ്പുകളെക്കുറിച്ച് അറിയുന്നത്’. അവർ പറഞ്ഞു. അനിതയ്ക്കെതിരായ മോൻസന്റെ ശബ്ദരേഖ മോൻസനെ കുടുക്കിയ കേസിലെ പരാതിക്കാരനായ ഷെമീറുമായി മുൻപ് നടത്തിയ ടെലിഫോൺ സംഭാഷണമാണ്.