പീരുമേട്∙ ശുചിമുറി നോക്കുകുത്തിയായതോടെ പരുന്തുംപാറയിലെത്തുന്ന സഞ്ചാരികൾ വലയുന്നു. അത്യാവശ്യ സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എ ന്തിനാണ് ശുചിമുറി ?വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ പഞ്ചായത്ത് നിർമിച്ച ശുചിമുറികൾ ഉപയോഗശൂന്യമായതോടെയാണ് സഞ്ചാരികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ടൂറിസം മേഖലയുടെ പ്രവർത്തനം സുഖമമാക്കുന്നതിനായി 15 ലക്ഷം രൂപ ചെലവിട്ടാണ് പീരുമേട് പഞ്ചായത്ത് പരുന്തുംപാറയിൽ നിർമിച്ച ശുചിമുറികൾ സ്ഥാപിച്ചത്.
എന്നാൽ വെള്ളമില്ലാത്തതിനാൽ ശുചിമുറി ഉപയോഗിക്കാനാവാതെ അടച്ചിട്ടിരിക്കുകയാണ്. ജല അതോറിറ്റിയിൽനിന്നുള്ള വിതരണ കണക്ഷൻ ലഭിക്കാത്തതിനാലാണ് ശുചിമുറികൾ അടച്ചിട്ടിരിക്കുന്നതെന്നാണ് പഞ്ചായത്ത് നൽകുന്ന വിശദീകരണം. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതു മുതൽ ഹൈറേഞ്ചിലേക്ക് ഒട്ടേറെ വിനോദ സഞ്ചാരികളാണ് എത്തുന്നത്
എന്നാൽ പരുന്തുംപാറയിൽ എത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള വിനോദസഞ്ചാരികൾ ശുചിമുറി ഉപയോഗിക്കാനാകാതെ വലയുന്ന സാഹചര്യമാണുള്ളത്. ജല അതോറിറ്റിയുടെ പദ്ധതിയിൽ പരുന്തുംപാറയിൽ ശുചിമുറി ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ വെള്ളം എത്തിച്ച് ശുചിമുറികൾ തുറന്നു പ്രവർത്തിപ്പിക്കുമെന്നും വാർഡ് അംഗം എ.രാമൻ പറഞ്ഞു.