ബീജിങ്: പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നിയന്ത്രണം കടുപ്പിച്ച് ചൈന. നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ കേസുകൾ കണ്ടെത്തിയ രാജ്യത്തിന്റെ വടക്കൻ, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നിലവിൽ 492 പേർക്ക് രോഗമുള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതേ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച വ്യാപക കോവിഡ് പരിശോധന നടത്തി.
അതേസമയം രോഗത്തെ അതിവേഗം വരുതിയിലാക്കിയ ചൈന പെട്ടെന്നുതന്നെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാജ്യത്ത് വീണ്ടും രോഗം കണ്ടെത്തിയത്. പിന്നാലെ വടക്കുപടിഞ്ഞാറൻ ചൈനയിലെ ലാൻഷോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുകയായിരുന്നു. പ്രദേശവാസികളോട് അവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. പോകുന്നവർ കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കണം.