മസ്കറ്റ്: പാപ്പുവ ന്യൂ ഗിനിയയെ 84 റൺസിനു തകർത്ത് ബംഗ്ലാദേശ്. ഈ ജയത്തോടെ ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലേക്ക് യോഗ്യത ബംഗ്ലാദേശ് ഉറപ്പാക്കി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ ഏഴിന് 181 എന്ന കൂറ്റന്‍ സ്കോര്‍ നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാപ്പുവ ന്യൂ ഗിനിയ 19.3 ഓവറിൽ 97നു പുറത്താവുകയായിരുന്നു..
ക്യാപ്റ്റൻ മുഹമ്മദുള്ള (28 പന്തിൽ 50), ഷക്കീബ് അൽ ഹസൻ(46) എന്നിവരുടെ മികവിലാണ് ബംഗ്ലാദേശ് മികച്ച സ്കോർ പടുത്തുയർത്തിയത്.
മറുപടി ബാറ്റിംഗിൽ പാപ്പുവ ന്യൂ ഗിനിയ തുടക്കം തന്നെ തകർന്നടിഞ്ഞു. ഒരുഘട്ടത്തിൽ ഏഴിന് 29 റൺസെന്ന നിലയിലായിരുന്നു ടീം. വിക്കറ്റ് കീപ്പർ കിപ്ലിൻ ഡോറിഗയുടെ ബാറ്റിംഗാണ് വൻതകർച്ചയിൽ നിന്ന് ടീമിനെ കരകയറ്റിയത്. 34 പന്തിൽ 46 റൺസുമായി ഡോറിഗ പുറത്താകാതെ നിന്നു. ബംഗ്ലാദേശിന് വേണ്ടി ഷക്കീബ് അൽ ഹസൻ നാല് വിക്കറ്റ് നേടി.
രണ്ടാം ജയത്തോടെ ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശ് ഒന്നാമത്തെത്തി. സ്കോട്‍ലൻഡിനെക്കാൾ റൺശരാശരിയിൽ വളരെയേറെ മുന്നിലാണ് ബംഗ്ലാദേശ്. അതിനാൽ ബംഗ്ലാദേശിനെ മൂന്നാം സ്ഥാനക്കാരാക്കി പിന്തള്ളി സ്കോട്ലൻഡും ഒമാനും ഒരുമിച്ച് മുന്നേറാൻ സാധിക്കില്ല.