തിരുവനന്തപുരം: അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വിശദീകരിക്കുവാന്‍ വിളിച്ചുചേര്‍ത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച സര്‍ക്കാരിന്റെ മാര്‍ഗരേഖ വിശദീകരിച്ച് സംസാരിച്ച മന്ത്രി, അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് വ്യക്തമാക്കി.
സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തി, അവരെ ആ അവസ്ഥയില്‍ നിന്നും പുറത്തെത്തിക്കാനുള്ള സഹായവും പദ്ധതികളും മൈക്രോപ്ലാനിലൂടെ തയ്യാറാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായി സമൂഹത്തിലെ ദാരിദ്ര്യത്തെയും, അതിദാരിദ്ര്യത്തെയും വേര്‍തിരിച്ചറിഞ്ഞ് അതിദാരിദ്ര്യത്തിലുഴറുന്ന വ്യക്തികളെയും കുടുംബങ്ങളെയും കണ്ടെത്തി, അവര്‍ക്ക് അതിജീവനത്തിനുളള കരുത്ത് പകരണമെന്നും അത് സാമൂഹിക ഉത്തരവാദിത്വമാണെന്നും മന്ത്രി വ്യക്തമാക്കി.
അതിദരിദ്രരെ കണ്ടെത്താനുള്ള പ്രക്രിയയുടെ പ്രാരംഭ പഠനം തിരുവനന്തപുരം ജില്ലയിലെ അഞ്ച് തെങ്ങ് പഞ്ചായത്ത്, വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്ത്, തൃശ്ശൂര്‍ വടക്കാഞ്ചേരി മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നടത്തിയിട്ടുണ്ട്. അതിദരിദ്രരുടെ പേരുവിവരം ഉള്‍പ്പെടെയുളള പട്ടിക തയ്യാറാക്കല്‍ അവിടങ്ങളില്‍ അന്തിമ ഘട്ടത്തിലാണ്. അനര്‍ഹരായവര്‍ പട്ടികയില്‍ ഇടം പിടിക്കാതെയും അര്‍ഹരായ ഒരാളും വിട്ടുപോകാതെയും അതീവ ജാഗ്രതയോടെ, ജനകീയ പങ്കാളിത്തത്തോടുകൂടിയാണ് പട്ടിക തയ്യാറാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സംസ്ഥാനതല സമിതി, ജില്ലാതല സമിതി, പഞ്ചായത്ത് തല സമിതികള്‍ എന്നിവയുടെ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അതിദരിദ്രരെ കണ്ടെത്തേണ്ട പ്രക്രിയയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണെന്നും അത് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
സമ്പൂര്‍ണ്ണ സാക്ഷരതയുടെയും ജനകീയാസൂത്രണ, കുടുംബശ്രീ പ്രസ്ഥാനങ്ങളുടെയും വിജയത്തിന് ചുക്കാന്‍ പിടിച്ച സമൂഹമാണ് കേരളത്തിലുള്ളത്. അതിന്റെ തുടര്‍ച്ചയായി അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് അതിജീവനത്തിനുളള പദ്ധതി തയ്യാറാക്കുന്ന ബൃഹത്തായ ഈ ജനകീയ മുന്നേറ്റത്തിന് എല്ലാവരുടെയും പിന്തുണയും സഹായസഹകരണവുമുണ്ടാകണമെന്ന് എം വി ഗോവിന്ദന് മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു. സൂം മീറ്റിംഗിലൂടെ നടത്തിയ യോഗത്തില്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ വി എസ്. സന്തോഷ് കുമാര്‍, കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍ തുടങ്ങിയവരും പങ്കെടുത്തു.