നടൻ കൃഷ്ണൻ കുട്ടി നായരെപ്പറ്റി പ്രമുഖ എഴുത്തുകാരൻ എം രാജീവ് കുമാർ എഴുതുന്നു
രണ്ട് മാസത്തിനു മുമ്പ് എഴുതിയ കുറിപ്പാണിത്. അൽപ്പസ്വൽപ്പം മാറ്റങ്ങളുണ്ട്.നടൻ കൃഷ്ണൻ കുട്ടിനായരെപ്പറ്റി …ഇപ്പോൾ ഇത് വീണ്ടും പ്രസിദ്ധപ്പെടുത്താൻ പ്രത്യേകിച്ച് കാരണമുണ്ട്. വിക്കിപ്പീടികയിൽ ചരമം തെറ്റിച്ചു കൊടുത്തിട്ടുള്ളത് തിരുത്താൻ ചിലർ തയ്യാറല്ല.ഡി.സി. യുടെ നാല് വാല്യമുള്ള വിജ്ഞാനകോശത്തിൽ എഡിറ്ററുടെപടവും ജീവചരിത്രക്കുറിപ്പും വരെ വെണ്ടക്കയിൽ കയറ്റിയിട്ടുണ്ട്. പാവം കൃഷ്ണൻ കുട്ടി നായരെപ്പറ്റി കമാന്ന് ഒരക്ഷരം പോലും മിണ്ടിക്കാണുന്നുമില്ല. ഡി.സി.ബുക്സിന്റെ വിശ്വാസ്യത അവരുടെ മെഗാ പരിപാടികളിൽ പൊളിഞ്ഞു പോയത തെല്ലാർക്കും ബോധ്യമായിക്കാണുമല്ലോ.!
അത് പോട്ടെ. ഏമാന്മാരുടെ പേരെടുത്ത് എഴുനള്ളിക്കാനല്ലാതെ ആന മാർക്ക് പ്രോജക്ടുകൾ എലിമാർക്ക് പൂക്കുറ്റികളുക്കുന്ന സ്ഥിരം കലാപരിപാടിയാണല്ലോ ലവന്മാരുടേത്!
വിക്കിപ്പീടിക നോക്കി കടതുറക്കുന്ന അനന്തപുരി ആകാശവാണിയുടെ ദിനാചരണം മിക്കതും അബദ്ധപഞ്ചാംഗമാണ് ! ഒരു ദാഹരണം ഇതാ. കൃഷ്ണൻ കുട്ടി നായർഅന്തരിച്ച തീയതി അനന്തപുരി ക്കണക്കനുസരിച്ച്ഒക്ടോബർ 25ആണ്. ഒരാഴ്ചക്കു മുൻപേ അനന്തപുരി കൃഷ്ണൻ കുട്ടി നായരെ കഴിഞ്ഞ കൊല്ലവും കൊന്നു. ഇക്കൊല്ലവും നോക്കിക്കോ കൊല്ലാൻ പോകുന്നത്! വല്ല ഒതളങ്ങകളെയും പിടിച്ച് മേധാവികളാക്കിയാൽ അങ്ങനിരിക്കും. അറിവുള്ള നാലാളുകളോട് ചോദിച്ച് തിരുത്താൻ ,എങ്ങനാ ദുരഭിമാനം അനുവദിക്കേണ്ടേ? സർവ്വജ്ഞപീഠമല്ലേ കയറിയിരിക്കുന്നത്; തലനിറയെ തേങ്ങാപിണ്ണാക്കും നിറച്ചു കൊണ്ട് …
കൃഷ്ണൻകുട്ടി നായർ മരിച്ചിട്ട് ഈ നവംബർ 6 ന് 25 വർഷമാകാൻ പോകുന്നതേയുള്ളൂ.അതല്ല വിക്കിപീഡിയ നോക്കി അതിൽ കൊ കുറിച്ച തീയതിക്കേ ഞങ്ങൾ ചരമം ആഘോഷിക്കുകയുള്ളൂ എന്നാണെങ്കിൽ പുറത്തിറങ്ങുമ്പോൾ രണ്ട് കോർക്കും ഒരു മണ്ടും കൂടി കരുതിയേക്കണം. ചെവിയിൽ തിരുകാനും തല വഴി മൂടാനും. ! കൂകി വെളുപ്പിക്കാൻ ഒരു പട തന്നെ പൈപ്പിൻ മൂട്ടീന്ന് തിരിച്ചിട്ടുണ്ട്.എത്ര പെട്ടന്നാണ് കാലം കടന്ന് പോകുന്നത്.1977 ലാണ് കൃഷ്ണൻ കുട്ടി നായരെ എനിക്ക് പരിചയമാകുന്നത്. ക്യാമ്പസ് തിയേറ്റർ കാലത്ത്.
ജി.ശങ്കരപ്പിള്ളയുടെയും കാവാലത്തിന്റെയും നാടകങ്ങളിലെ നടനായിരുന്നു അന്ന് അദ്ദേഹം. എത്രയോ നടന്മാരുണ്ട്. ആടിത്തെളിഞ്ഞും അടിച്ചു പൊളിച്ചും വിളഞ്ഞു പാറി നടന്നവർ. നാല് സിനിമയിൽ കൂടെ നിന്ന് അഞ്ചിന്റന്ന് സംവിധായകരായി വിപ്ലവ ഗാഥകൾ രചിച്ചവർ. ഒരു വരി പോലുമെഴുതാതെ ആണുങ്ങളെഴുതിയ തിരക്കഥയിൽ സ്വന്തം പേരെഴുതിക്കേറ്റി കേമൻമാരായി ഞെളിഞ്ഞിരുന്ന എഴുപതുകളിലെ ഓട്ടു കാലണകൾക്കിടയിലാണ് കൃഷ്ണൻകുട്ടി നായരെപ്പോലുള്ളവർ സ്വന്തം നടനവൈഭവം കൊണ്ട് തിളങ്ങിയത്. ആസനവും വായും തിരിച്ചറിയാത്തവരായിരുന്നു അക്കാലത്തെ പല സിനിമക്കാരെന്നു പറഞ്ഞാലും അധികമാവില്ല. അവാർഡും നോറ്റിരിക്കുന്ന
ആലത്തൂർ കാക്കകൾ!
“അവനവൻ കടമ്പ ” യോടെയാണ് കൃഷ്ണൻകുട്ടി നായർ പ്രസിദ്ധനാകുന്നത്.
ശോഷിച്ച ശരീരം കൊണ്ട് അല്പപ്രാണനായി നിന്നുകൊണ്ടാണ് പിന്നെ വെള്ളിത്തിരയിൽ അദ്ദേഹം
കൊള്ളിയാൻപായിച്ചത്.ഒരു കാലത്ത് നെടുമുടി വേണുവിന്റെ ചെല്ലപ്പനാശാരി പോലെ മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളെക്കൊണ്ട് നിറഞ്ഞ കേരള ഗ്രാമങ്ങളിലെ തന്ത്രശാലികൾ എത്രയോ പേരെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. മഴവിൽക്കാവടിയിലെ ബാർബറും കാക്കോത്തിക്കാവിലെ കാലൻ മത്തായിയും പൊൻമുട്ടയിടുന്ന താറാവിലെ തട്ടാൻ ,ഒരിടത്തൊരു ഫയൽവാനിലെയുംഅരപ്പട്ടകെട്ടിയ ഗ്രാമത്തിലെയും,വരവേൽപ്പിലേയും കടിഞ്ഞൂൽ കല്യാണം,കുറ്റപത്രം, ഉള്ളടക്കം, മൂക്കില്ലാ രജ്യത്ത്, കിഴക്കൻ പത്രോസ്,…. എന്നു വേണ്ട മിന്നിമറയുന്നിടത്തെല്ലാം ആ നടനവൈഭവമുണ്ടായിരുന്നു. “സ്ഥലത്തെ പ്രധാന പയ്യൻസി”ൽ വിദേശയാത്ര കഴിഞ്ഞു വന്ന് നീന്തൽകുളത്തിൽ നീന്തുന്ന മന്ത്രിയെ സാക്ഷാൽ ലീഡറുണ്ടായിരുന്ന കാലത്ത് എങ്ങനെ മറക്കാനാവും? വൃദ്ധന്മാരെ സൂക്ഷിക്കുക, അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ …. ചിരിച്ചു മണ്ണുകപ്പുകയല്ല. വേദനിപ്പിക്കുന്നൊരു ചിരി വന്ന് ഞരമ്പുകളിൽ പ്രകാശം പരത്തുകയാണ് ചെയ്യുന്നത്.
ഇരന്ന് മക്കളെപ്പോറ്റിയാൽ ഇരപ്പത്തരം അവരിലും നിറച്ച് നടത്തുന്ന ചിലരില്ലേ? എന്ത് ഭംഗിയായിട്ടാണ് ആ നടൻ അത്തരക്കാരെ ആവിഷ്ക്കരിക്കുന്നത്.ഇന്ന് സിനിമയിലെന്താ? ഇറച്ചിയിരിക്കെയല്ലേ തൂവൽ കിടന്നു് പിടയ്ക്കുന്നത്. ഇടത്ത് കാൽ തലയിൽ വച്ച് കയറാൻ നോക്കി നിൽക്കുന്നവർക്കിടയിലൂടെയാണ് അന്ന് കൃഷ്ണൻകുട്ടി നായർ വലതുകാൽ വച്ച് സിനിമയിൽ വന്നത്.
ശരീരപ്രകൃതിയിൽ ഇന്ദ്രൻസിന്റെ ചേട്ടനാണ് കൃഷ്ണൻകുട്ടി നായരെങ്കിലും അഭിനയത്തിലുംവായനയിലും സംവേദനത്തിലും ഇന്ദൻസിന്റെ അപ്പൂപ്പനാണ്. ബഹുദൂരവ്യത്യസ്ഥതകളുണ്ട്. പുസ്തകങ്ങൾക്കിടയിലാണ് കൃഷ്ണൻകുട്ടി നായരെ പലപ്പോഴും ഞാൻ കണ്ടിട്ടുള്ളത്.സെക്രട്ടേറിയറ്റ് ലൈബ്രറിയിൽ വച്ചാണ് അദ്ദേഹവുമായുള്ള അടുപ്പം കൂടുന്നത്. എന്നു കരുതി വായനക്കാരനായി വന്നതല്ല ജോലി തന്നെ പുസ്തകങ്ങൾ എടുത്തു കൊടുപ്പാണ്.
1983ൽ. ഓടിനടന്ന് സിനിമ അഭിനയിക്കുന്നതിന് മുമ്പാണ്. സെക്രട്ടേറിയറ്റ് ലൈബ്രറിയിലായിരുന്നു അദ്ദേഹത്തിന് ജോലി.കോമൺപൂളിൽ വന്നതാണ്. പത്താം ക്ലാസ്സ് കഴിഞ്ഞ് ലാബ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചു.. അവിടെ നിന്ന് ബ്രണ്ണൻ കോളേജിലും ആലപ്പുഴ മെഡിക്കൽ കോളേജിലുമൊക്കെ ജോലി ചെയ്തിട്ട് സെക്രട്ടേറിയറ്റിൽ വരികയാണ്. ഞാനന്ന് പുസ്തക പ്രസാധനവും ഗവേഷണവുമൊക്കെയായി നടക്കുന്ന കാലം. സെക്രട്ടേറിയറ്റിൽ കഥാകൃത്ത് ടി.പി.കിഷോർ ഉൾപ്പെടെ നേരത്തേ ജോലി കിട്ടിയ എന്റെ പല സുഹൃത്തുക്കളുമുണ്ട്. ടി.പി. കിഷോർ അന്ന് ലൈബ്രറിയിലുണ്ട്. മിക്കവാറും ഉച്ചകഴിഞ്ഞാൽ ഞാനവിടെയെത്തും. സെക്രട്ടേറിയറ്റ് ലൈബ്രറിയിൽ! അവിടില്ലാത്ത പുസ്തകങ്ങളില്ല. ഇന്നത്തെ നിയമസഭാ കോംപ്ലക്സ് വന്നിട്ടില്ല. എല്ലാ ലൈബ്രറിയും ഒരിടത്താണ്. ജീവനക്കാരെ വായിക്കാൻ പ്രേരിപ്പിക്കലാണ് കൃഷ്ണൻകുട്ടി നായരുടെ അന്നത്തെ പ്രധാന ജോലി. തിരക്കുള്ള നടനായപ്പോഴും അഭിനയം കഴിഞ്ഞ് വന്നാൽ മറ്റുള്ളവരെ വായിപ്പിക്കാൻ നിർബന്ധിക്കുകയാണ് ചെയ്യാറ്.
ട്രിവാൻഡ്രം ഹോട്ടലിൽ നടക്കുന്ന ചെറുകിട ഫിലിം സൊസൈറ്റി ചർച്ചകളിലും മറ്റും അദ്ധ്യക്ഷ സ്ഥാനത്ത് കൃഷ്ണൻകുട്ടി നായർ അല്ലെങ്കിൽ എം.എഫ് തോമസായിരിക്കും.വിജയകൃഷ്ണനും മധുവയ്പനയും കെ.പി.കുമാര നുമൊക്കെയാണ് ചർച്ചിക്കാനെത്തുന്നവർ. വേദിയിൽ സ്ഥാനമൊന്നുമില്ലങ്കിലും കാണികളുടെ കൂട്ടത്തിലിരിക്കാനും അദ്ദേഹത്തിന് യാതൊരു മടിയുമില്ല. സുഹൃത്തുക്കളുടെ സ്കൂട്ടറിനു് പിന്നിലിരുന്നാണ് യാത്ര. സ്വന്തം വാഹനം ഓടിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അങ്ങനെ വാഹനവും ഉണ്ടായിട്ടില്ല.വൈകുന്നേരങ്ങളിൽ റിഹേഴ്സലില്ലെങ്കിൽ എന്തെങ്കിലുമൊക്കെ കലാ സാഹിത്യ പരിപാടികൾ കാണും.
അങ്ങനെ ഒരു സിനിമാ ചർച്ചയിൽ അടൂർ ഗോപാലകൃഷ്ണനുമുണ്ടായിരുന്നു.ചർച്ചകഴിഞ്ഞു മടങ്ങുമ്പോൾ അടൂർ ചോദിച്ചു.” അദ്ധ്യക്ഷനായിരുന്ന ചടച്ച ആളെ ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ. നല്ല മുഖപരിചയം..അതാരാ?””അതോ, അത് കൃഷ്ണൻകുട്ടിനായരു്.എഡിറ്റർ രവിയുടെ “അസ്ഥി ” യിൽ അഭിനയിച്ച നടൻ “അന്നേ അടൂർ നോക്കി വച്ചതാണ്.ഇന്നാരോർക്കുന്നു രവിയെ? “അരുത് ” സംവിധാനം ചെയ്ത എഡിറ്റർ രവിയെ ഏതെങ്കിലും വിക്കീപീഡിയയിൽ നോക്കിയാൽപ്പോലും കാണില്ല?
ചിന്തരവിയെപ്പോലും മറന്ന അനാഗത ശ്മശ്രുക്കളായ സിനിമാ പൈതങ്ങൾ ജി.എസ്. പണിക്കരെ ഓർക്കുന്നുണ്ടോ? ഏകാകിനിയും പാണ്ഡവപുരവുമെടുത്ത പണിക്കരെ?
സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ കൊണ്ടുവന്ന ആസാദിനെ ഓർക്കുന്നോ?
പണം തന്നെ ഗുണം. പത്തിരട്ടിക്കുന്ന വാണിജ്യത്തേക്കാൾ വിത്തിരട്ടിക്കുന്ന കൃഷിയാണ് നല്ലതെന്നു പറഞ്ഞാൽ തല്ലാൻ വരും. പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ ?പറഞ്ഞാൽ പറഞ്ഞു കൊണ്ടിരിക്കും. അത്ര തന്നെ.നോക്കാൻ കൊടുത്ത പണത്തിന് വെള്ളിയാഴ്ച കുറ്റം ചുമത്തുന്ന നിർമ്മാതാക്കളും
പടയ്ക്കും അടയ്ക്കും കുടയ്ക്കും ചളിക്കും നടുനല്ലതെന്നു് കരുതുന്ന സംവിധായകരും പടം വീണാൽ “പടിപ്പുര പ്രശ്നമാണത്” എന്നോതുന്ന നടന്മാരും പട്ടണം ചുട്ട് പകലിറങ്ങി ഇനിയെന്തിനാ മുട്ടാക്ക് എന്നൂരിക്കളയുന്ന നടിമാരുംചേർന്ന് അതു മില്ലിതുമില്ലമ്മയുടെ ദീക്ഷയുമില്ലെന്ന മട്ടിൽ സിനിമയെക്കൊണ്ട് തൊഴുത്തിൽ കെട്ടിയ കാലത്താണ് അടൂർ എള്ളിടതെറ്റിയാൽ സിനിമ വില്ലിടയാകുമെന്ന് കാട്ടിക്കൊടുത്തത്.
ഞാൻ ചത്തേ കോഴി കൂകൂ എന്ന ധാർഷ്ട്യത്തിൽ കട്ടിലൊഴിയാതെ വമ്പന്മാർ ഇളകിയാടുമ്പോഴാണ് ആകാശവാണിയിലെ റേഡിയോ അമ്മാവൻ പി.ഗംഗാധരൻ നായരെ നായകനാക്കി സഖാക്കന്മാരുടെ മുഖത്ത് കരിവാരിത്തേച്ച് “മുഖാമുഖം”അടൂർ സംവിധാനം ചെയ്യുന്നത്. കൃഷ്ണൻകുട്ടി നായരെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് ബീഡി തെറുക്കാനിരുത്തിയതുംപ്ലീനംവരുന്നെന്ന് ആഹ്ലാദിപ്പിച്ചുറക്കെ വിളിപ്പിച്ചതും വിപ്ലവ ശുദ്ധീകരണചരിത്രമാണ്
അരവിന്ദനും അടൂരുമൊക്കെ ആർട്ട്സ് ഫിലിം എടുക്കുമ്പോൾ ഒരു ന്യായം പറയാം. “ഉഷ്ട്രലഗൂഡന്യായം “. എന്താണെന്നു വച്ചാൽ ഒട്ടകം വടി ചുമക്കു ന്നതുപോലെ. ആളിനേയും സാമാനങ്ങളേയും എന്ന പോലെ അതിനെ അടിക്കുന്ന വടിയും ചുമക്കുന്നു. നയാ പൈസ പ്രതിഫലം കിട്ടുകയില്ലെന്നു മാത്രമല്ല. സംവിധായകന്റെ വായിലിരിക്കുന്നത് മുഴുവൻ നടൻ കേൾക്കുകയും വേണം. ടെൻഷൻ മൂത്ത് വടിയെടുത്ത് രണ്ട് തന്നാൽകൊള്ളുകയും വേണം. സത്യജിത് റായിയുടെ അടികൊള്ളുക, അടൂരിന്റെ ചീത്ത കേൾക്കുക എന്നൊക്കെപ്പറഞ്ഞാൽ ഭാഗ്യനക്ഷത്രം എവിടുദിച്ചെന്നു മാത്രം നോക്കിയാൽ മതി.
പ്രശസ്തിയുടെ പാല് അധികം തരുന്നതു കൊണ്ട് അടൂരരവിന്ദാദി കറവപ്പശുക്കളുടെ ചവിട്ട് അഹന്തയുള്ള പല നടന്മാർക്കു പോലും അഹിതമായി തോന്നാറുമില്ല.കൃഷ്ണൻകുട്ടി നായരുടെ കാര്യം തന്നെ നോക്കുക.
സംസ്ഥാന അവാർഡ് മേടിച്ച അടൂരിന്റെ “മുഖാമുഖ”ത്തിൽ കൃഷ്ണൻകുട്ടിനായർ
ബീഡിതെറുക്കാനിരുന്നത് ഒരു ദിവസം മുഴുവനുമാണ്. കടിച്ചു പിടിച്ചിരുന്നില്ലേ? ഫലമോ അവാർഡ് സിനിമയിൽ അഭിനയിക്കാൻ പറ്റിയില്ലേ?1984 സെപ്റ്റംബറിൽ “മുഖാമുഖം” റിലീസ് ചെയ്തു.ആ ബീഡി തെറുപ്പുകാരനെ മറക്കാനാവുമോ?
പി.കേശവദേവിന്റെ “വെളിച്ചം കേറുന്നു” എന്ന കഥയുടെ കാർബൺ കോപ്പി കൊണ്ട് കേശവദേവറിയാതെ
“ഒരിടത്ത് ” എന്ന സിനിമയുണ്ടാക്കിയ അരവിന്ദന്റെ തയ്യൽക്കാരനെ ഓർക്കുന്നില്ലേ? പ്ലീനം വരുന്നതിൽ ആഹ്ലാദം കൊള്ളുന്ന തൊഴിലാളിയെ !വേണ്ട ,അതിനുമുമ്പ് 1979ൽ പുറത്തിറങ്ങിയ പി.പത്മരാജന്റെ പെരുവഴിയമ്പലത്തിൽ കാലൻ കുടയൂന്നി നവാഗതൻ അശോകനെ നോക്കുന്ന വൈദ്യരുടെ ശബ്ദവും ഭാവവും നാല് പതിറ്റാണ്ടിനു ശേഷവും കൃഷ്ണൻകുട്ടി നായരുടേതല്ലാത്ത ശബ്ദത്തിലും ഭാവത്തിലും നമുക്ക് സങ്കല്പിക്കാനാവുമോ? ഒരെഴുത്തുകാരന്റെ വാക്കുകൾ അങ്ങനെയാണ് അനശ്വരതയെ പുൽകുന്നത് എന്ന് കൃഷ്ണൻകുട്ടിനായർ കാണിച്ചു തന്നില്ലേ? ഇതിൽപ്പരം ഒരു നടന് സാധിക്കാനെന്തുണ്ട്?
കൊച്ചു കൊച്ചു റോളുകളിൽ വന്ന് മലയാള സിനിമയിൽ നിറഞ്ഞ മറ്റൊരാൾ കൃഷണൻകുട്ടി നായരെപ്പോലെ ആരുണ്ട്? മന്ദബുദ്ധികളും അരി തൂറികളുമായി വെളുക്കെ ച്ചിരിക്കുന്ന കോമാളികളെ എഴുന്നള്ളിക്കുന്നതിലായിരുന്നല്ലോ മലയാള സിനിമ ഇടക്കാലത്ത് ഉത്സാഹം കാട്ടിയിരുന്നത്. കൊച്ചിയിലെ മിമിക്രിമാക്രികൾ പെടുത്ത വെള്ളത്തിൽ കിടന്ന് ശ്വാസം മുട്ടുകയായിരുന്നില്ലേ മലയാള സിനിമ.
പഞ്ചസാരയെന്നു പറഞ്ഞാൽ മധുരിക്കയില്ല , നാവിലിട്ടാലേ മധുരിക്കൂ എന്നു മലയാളികളെ വെള്ളിത്തിരയിൽ കാട്ടിക്കൊടുക്കുന്നത് സത്യൻ അന്തിക്കാടാണ്. ഒരേയൊരന്തിക്കാട് !1987ലാണെന്നു തോന്നുന്നു ശാസ്തമംഗലത്ത് വച്ച് കൃഷ്ണൻകുട്ടി നായരെ കണ്ടപ്പോൾ ഒരു ബ്രാണ്ടഡ് ഷർട്ടും മുണ്ടും ധരിച്ചിരിക്കുന്നു. സത്യൻ അന്തിക്കാടിന്റെ ഹിറ്റ് സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞുള്ള വരവാണ്. കടയിൽ നിന്ന് “ഗുഡ്‌നൈറ്റ് ” കൊതുകുതിരി വാങ്ങുന്നു. അന്ന് “ഗുഡ് നൈറ്റ് ” ഒരു സ്റ്റാറ്റസ് സിംബലാണ്. വീട്ടിൽ കുട്ടികൾക്കു കൊടുക്കാൻ ഫൈവ് സ്റ്റാർ ചോക്ക്ലറ്റും.
“മറ്റേ സിനിമയിൽ നിന്നെല്ലാം പ്രശസ്തി കിട്ടും. . ഈ സിനിമകളിൽ നിന്നാണ് യഥാർഥത്തിൽ പണം കിട്ടിത്തുടങ്ങിയത്.”സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു. വായ്നിറയെ പല്ലാണെന്നെനിക്കു തോന്നാറുണ്ട്. ഒരു കോമ്പല്ല് ചേർന്നിരിപ്പുണ്ട്. എന്നാലും ആ ചിരിയും ഭാവവും ക്ലാസ്സിക്കൽ കലകളെ ഓർമ്മിപ്പിക്കുന്നതാണ്. ചുട്ടി കുത്തി നൂറടിച്ച് മയങ്ങുന്ന നടനെ സമയമാകുമ്പോൾ തട്ടിയുണർത്തി അരങ്ങത്ത് കയറ്റി കഥയേതെന്നു് ചെവിയിലോതിക്കൊടുത്താൽ അരങ്ങ് തകർക്കുന്ന കഥകളി നടന്മാരുടെ ശ്രേണിയിലാണ് കൃഷ്ണൻകുട്ടി നായരെ ഞാൻ പ്രതിഷ്ഠിക്കുന്നത്. അനായാസേന അഭിനയിക്കും.
എന്തായാലും “മഴവിൽക്കാവടി ” അഭിനയിച്ച് തകർത്തിട്ട് വന്നിട്ടാണ് ഗുഡ് നൈറ്റും വാങ്ങിക്കൊണ്ടു പോകുന്നത്.
ശാസ്തമംഗലത്ത് നിന്ന് രണ്ട് ഫർ ലോങ്ങ് നടന്നാൽ പൈപ്പിൻ മൂടായി. അവിടെയാണ് അദ്ദേഹം താമസിക്കുന്നത്. സാധനങ്ങളും വാങ്ങി നടന്നാണ് പോകുന്നത്. ഒരു ഷൂട്ടിങ്ങ് കഴിഞ്ഞ് പോകുകയാണെന്നോർക്കണംപൈപ്പിൻമൂട് അന്ന് സാഹിത്യ നാടകപ്പുലികളുടെ മേടാണ്. അവിടെ ഒരു ലൈബ്രറിയുണ്ട് .”കലാധർ കലാസമിതി ഗ്രന്ഥശാല” ! മലയാളത്തിലിറങ്ങിയ ഒട്ടുമിക്ക നാടകങ്ങളും അവിടെയുണ്ട്. എങ്ങനെ കാണാതിരിക്കും. കെ.എസ്.നാരായണപിള്ളയും കാവാലവുമല്ലേ അടുത്ത് താമസിക്കുന്നത്.
ഒരു കാലത്ത് സജീവമായിരുന്നു ആ ലൈബ്രറി.ദിവസവും കാലത്ത് കട്ടനടിച്ചിട്ട് അവിടെ പത്രം നോക്കാൻ വരുന്നവരാരൊക്കയായിരുന്നു!പൈപ്പിൻ മൂട്ടിലെ എഴുത്തുകാരെല്ലാമുണ്ട്. കാവാലം, കെ.എസ്.നാരായണപിള്ള, ഡി.വിനയചന്ദ്രൻ, നെടുമുടി വേണു, നരേന്ദ്രപ്രസാദ്, കടമ്മനിട്ട, മുരളി, നടൻ കലാധരൻ…അതിനപ്പുറത്ത് ഒരു വിളിപ്പാടകലെ സാഹിത്യ വാരഫലം പ്രൊ.എം.കൃഷ്ണൻ
നായർ ഇരുന്നെഴുതുന്നുമുണ്ടായിരുന്നു..
രണ്ട് ദിവസം മുമ്പ് നെടുമുടിയും പോയി. ഇന്നവരിൽ കലാധരനൊഴിച്ച് ആരുമില്ലെങ്കിലും എൺപതുകളിലെ പൈപ്പിൻമൂട് കലാസാഹിത്യ രംഗത്തെ “പൈപ്പിൻമൂടു” തന്നെയിരുന്നു. അവിടുന്ന് നാല്ഫർലോങ്ങ് കിഴക്കോട്ട് പോയാൽ ഊളൻപാറ ചിത്ത രോഗാശുപത്രി. പടിഞ്ഞാട്ടു പോയാൽ ഐ.എ എസ് കാരുടെ മരിച്ചീനിവിളജവഹർനഗർ.പണ്ടേ പൈപ്പിൻ മൂട്ടിലാണ് കൃഷ്ണൻകുട്ടി നായരുടെ വീട്.
മറ്റുള്ളവരെല്ലാം അവിടെ വന്നു പോയവരായിരുന്നു.
ജി.ശങ്കരപ്പിള്ളയുടെയും കാവാലത്തിന്റെയും നാടക ങ്ങളിലൂടെ സിനിമയിലേക്കു വരുമ്പോൾ തന്നെ അദ്ദേഹം സീരിയലിൽഹൃദയത്തിൽ തങ്ങുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ദൂരദർശനിലെ രണ്ടാമത്തെ സീരിയൽ സക്കറിയ എഴുതിയ “കൈരളി വിലാസം ലോഡ്ജ് ” ലും പിന്നെ “പുന്നക്കാവികസന കോർപ്പറേഷ”നിലും ജീവിച്ച കൃഷ്ണൻകുട്ടി നായർ
ഇപ്പോഴും കൺമുമ്പിലുണ്ട്.വേദനിപ്പിക്കുന്ന ചിരിയാണത്. പുറംപോക്കിലെറിയപ്പെടുന്ന നിസ്വജീവിതത്തിന്റെ വിരൽപ്പാടുകളാണവ. കൊച്ചു കൊച്ചറകളിൽ വിങ്ങിയൊടുങ്ങുന്ന ആത്മാഭിമാനമുള്ള മനുഷ്യർ !തോൽക്കാതെ നന്നായി കളിക്കുന്നവർ. അത് കൊണ്ടാണ് ആ കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുന്നത്? അല്ലെങ്കിൽ വിദേശത്തു പോയിട്ടു വന്ന മന്ത്രി എന്തിനു് നീന്തൽക്കുളം കുത്തി അതിൽ നീന്തണം?
പുതിയ പ്രവണതകളോടൊപ്പം എന്നും കൃഷ്ണൻകുട്ടിനായരുണ്ടായിരുന്നു. ഞാൻ എഴുപതുകളുടെ ഒടുവിലെഴുതിയ “മതിലിനു മുകളിൽ കൂടി വന്ന പന്തി “നെപ്പറ്റി കാണുമ്പോഴൊക്കെ അദ്ദേഹം പറയുമായിരുന്നു. നഗരത്തെ പ്രതിനിധാനം ചെയ്യുന്ന കഥയാണതെന്ന്. കാലത്തിലുടെ വളരുന്ന കഥയെന്നൊക്കെപ്പറയുമ്പോൾ എന്റെ കഥാജീവിതം പട്ടി നക്കിയിട്ടില്ലെന്ന് എനിക്ക് തോന്നും.
സി.എൻ.ശ്രീകണ്ഠൻ നായരുടെ ദുരന്ത നാടകങ്ങൾ മൂന്നും 1983ൽ ഒന്നിച്ച് സെക്രട്ടേറിയറ്റ് ലൈബ്രറിയിൽ നിന്നെടുത്തു തന്ന അദ്ദേഹത്തെ ഞാനെങ്ങനെ മറക്കും?പത്താം ക്ലാസ്സ് വിദ്യാഭ്യാസം കഴിഞ്ഞ് 20 രുപ ജോലിക്ക് ലാബ് അസിസ്റ്റന്റായി കയറിയ കൃഷ്ണൻകുട്ടി നായർ ആർജിച്ചതെല്ലാം സ്വപ്രയത്നത്താൽ.
നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.സി.കെ.തോമസിന്റെ “അഞ്ചലാപ്പീസി”ലും ബൈജു ചന്ദ്രന്റെ “തൊപ്പി, ശിങ്കാരത്തൊപ്പി”യിലും വി.ആർ.ഗോപിനാഥിന്റെ സിനിമ “ഉണ്ണിക്കുട്ടന് ജോലി കിട്ടി “യതിലും അദ്ദേഹത്തെ കണ്ടവർക്ക് മറക്കാനാവുമോ?വി.കെ.ജോസഫ് സ്പാർക്കിന്റെ സെക്രട്ടറിയായിരുന്നപ്പോൾ “ചരിത്ര ഗാഥ ” എന്ന നാടകം സംവിധാനം ചെയ്ത് ഇന്നലത്തെപ്പോലെ ഇന്നും ഓർക്കുന്നു.
സെക്രട്ടേറിയറ്റ് ലൈബ്രറിയിലുള്ള കാലത്ത് അവിടുത്തെ സർവ്വീസ്മാസികയിൽ അദ്ദേഹം കവിതകൾ എഴുതിയിരുന്നു. 1981ൽവന്നയിടയ്ക്ക് “രചന ” യുടെ കവിയരങ്ങിൽ കയറി നിന്ന് കവിത വായിച്ചിരുന്നു. “തരിമണൽ ” എന്നൊരു രചനയുമുണ്ട്. അന്ന് സെക്രട്ടറിയറ്റിൽ ജോലിക്ക് ചേർന്ന് വന്നു കയറിയാലുടനെ അവന്റെ മുതുകത്ത് പാർട്ടി ചിഹ്നം ചാപ്പകുത്തി വെടക്കാക്കി തനിക്കാക്കുന്ന ഇന്നത്തെ കലാപരിപാടിയൊന്നുമുണ്ടായിരുന്നില്ല .അതുകൊണ്ട് കൃഷ്ണൻകുട്ടിനായരുടെ രാഷ്ട്രീയവും പ്രസക്തമായിരുന്നില്ല.നാട്യകൽപ്പദ്രുമം മുതൽ കർട്ടൻവലി വരെ അരച്ച് കലക്കി കുടിച്ചിട്ടാണ് കൃഷ്ണൻകുട്ടിനായർ പുസ്തകങ്ങൾക്കിടയിലിരുന്നത്.
അമ്മയ്ക്കു അരിയളക്കുന്ന പുത്തൻകൂറ്റുകാരോട് എന്ത് ഞാൻ അദ്ദേഹത്തെപ്പറ്റി പറയാൻ? ഉമ്മറത്തെപ്പല്ലുകൊണ്ട് ചിരിക്കുകയും അണപ്പല്ല് കൊണ്ട് ഉറുമ്മുകയും ചെയ്യുന്ന സിനിമാക്കാർക്കിടയിൽ ഇത്രയും കാലം പാവം കൃഷ്ണൻകുട്ടി നായർ പിടിച്ചു നിന്നില്ലേ?അരമനശ്ശമ്പളം അരക്കാ ശായാലും മതി. ശ്രീപത്മനാഭന്റെ പത്ത് ചക്രം!അതദ്ദേഹം തട്ടിത്തെറിപ്പിച്ചില്ല. 1993 ൽ യൂണിവേഴ്സിറ്റി കോളെജിലെ ലൈബ്രറിയിൽ നിന്നാണ് കൃഷ്ണൻകുട്ടി നായർ റിട്ടയർചെയ്യുന്നത്. അതിന് മുമ്പ് സംസ്കൃത കോളേജിലേയും വിമൻസ് കോളജിലേയും ലൈബ്രറികളിലുണ്ടായിരുന്നു.
ഞാനോർക്കുന്ന കൃഷ്ണൻകുട്ടി നായർ പുസ്തകം തേടിച്ചെല്ലുമ്പോൾ അത് എവിടുന്നെങ്കിലും സംഘടിപ്പിച്ചുതരുന്ന കൃഷ്ണൻകുട്ടി നായരാണ്.പുസ്തകം അന്വേഷിച്ചു വരുന്നവരെ വരട്ട് നിയമം പറഞ്ഞ് നിരുത്സാഹപ്പെടുത്തുന്ന നിധി കാക്കുന്ന ഭൂതങ്ങളെയും കുങ്കുമം ചുമക്കുന്ന ചില ഗർദ്ദഭങ്ങളെയും എനിക്കറിയാം. പേരു് പറഞ്ഞ് നാറ്റിക്കുന്നില്ല.അക്കാലത്ത് ലൈബ്രേറിയൻ സയൻസ് ഒന്നും പഠിച്ചിട്ടല്ല അദ്ദേഹം ലൈബ്രറിയിൽ വന്നത്. എന്നിട്ടും പഴയ പുസ്തകങ്ങളെപ്പറ്റി നല്ല നിശ്ചയമായിരുന്നു. പുസ്തകങ്ങൾ വായിക്കപ്പെടാനുള്ളതാണെന്ന് വിശ്വസിച്ചിരുന്ന, നടനല്ലാത്ത കൃഷ്ണൻകുട്ടി നായരെ എത്ര പേർക്കറിയാം.
ബന്ധു ബാബുജി നഗറിൽ താമസിക്കുന്ന രാധാകൃഷ്ണൻ നായരുടെ സ്ക്കൂട്ടറിന് പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. തിരുവനന്തപുരത്ത് പോങ്ങും മൂടിനും കൊച്ചുള്ളൂരിനുമിടക്കു കുടുംബകോടതിയുടെ വളവിൽ വച്ചാണ് അപകടം സംഭവിച്ചത്. കാറുമായി സ്കൂട്ടർ ഇടിച്ച് ഒരു മാസത്തോളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1996 നവംബർ 6 ന് ആശുപത്രിയിൽ അന്തരിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം 54.
വിക്കിപീഡിയയിൽ നോക്കിയാൽ ഷൊർണ്ണൂരിൽ വച്ച് അന്തരിച്ചതായിട്ടാണ് എഴുതിക്കാണുന്നത്. മകനോടൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ വണ്ടിയിടിച്ച് രണ്ടുപേരും തൽക്ഷണം മരിച്ചതായും ഒരാൾ തർക്കിക്കാൻ വന്നിട്ടുണ്ട്.എന്നാൽ ഏക മകൻ ശിവൻ ഇത് കേട്ട് ചിരിക്കുന്നു. ശിവൻ നല്ല നടനാണ് .വാദ്യങ്ങൾ ഉപയോഗിക്കും. തിരുവനന്തപുരം കളക്ടറേറ്റിൽ ഉദ്യോഗസ്ഥൻ. അച്ഛനെ കൊത്തിവച്ചതു പോലുണ്ട്. അഭിനയവും ചലനങ്ങളുമൊക്കെ ചില നാടകങ്ങളിലും സിനിമയിലും അത് പോലെ തന്നെ.
അച്ഛൻ മരിക്കുമ്പോഴുള്ള പ്രായമാണ് മകനിപ്പോൾ . രണ്ട് കൊല്ലം കഴിഞ്ഞു മകൻ റിട്ടയർ ചെയ്യും. ഗവണ്മൻറ് സർവ്വീസ് ദൂരക്കളഞ്ഞ് സിനിമയിൽഭാഗ്യാന്വേഷണത്തിന് പോയ പലരും നില വെള്ളം ചവിട്ടി തോട്ടു വെള്ളംകുടിച്ച് കിടക്കുന്നത് കൺമുൻപിലുണ്ട്. എന്നും മകന് അച്ഛനോട് ഭയഭക്തി ബഹുമാനമായിരുന്നു. ഇന്നുംസംസാരത്തിൽ ഞാനത് മണത്തു.
പത്ത് നാല്പത് കൊല്ലത്തിനു മുൻപ് അച്ഛനോടൊപ്പം നാടകം കാണാനെത്താറുള്ള മകനെ ഞാനിപ്പോഴും ഓർക്കുന്നു. അവൻ പിന്നെ മിടുമിടുക്കൻ നടനായി വളരുന്നതും ഞാൻ കൺമുൻപിൽ കണ്ടതാണ്
അതെ. കാലം ചുരുങ്ങുമ്പോൾ ലോകവും ചുരുങ്ങുകയാണ്……ഒടുവിൽ മരിച്ചു കഴിഞ്ഞും മന്ദബുദ്ധികൾ അദ്ദേഹത്തെ വിടുന്ന ലക്ഷണം കാണുന്നില്ല.അനന്തപുരി ഒക്ടോബർ 26 ന് കൃഷ്ണൻ കുട്ടി നായരുടെ ചരമത്തിന്റെ കാൽ നൂറ്റാണ്ട് ആഘോഷിക്കുന്നത് നമുക്ക് കാത്തിരുന്നു കാണാം!