ദുബായ്∙ ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയയെ നേരിട്ട ഇന്ത്യൻ ടീമിൽ കണ്ട മാറ്റങ്ങൾ ടീം ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള സൂചനകളോ? ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാ വിഷയം ഇപ്പോൾ ആ സൂചനകളാണ്. വിരാട് കോലിക്കു പകരം ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ക്യാപ്റ്റനായി രോഹിത് ശർമയുടെ രംഗപ്രവേശവും നീണ്ട അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര ട്വന്റി20യിൽ വിരാട് കോലി ബോളറായി എത്തിയതുമെല്ലാമാണ് ആരാധകർക്കിടയിലെ ചർച്ചയ്ക്കു നിദാനം.
ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനു മുന്നോടിയായി ടോസിന് എത്തിയ രോഹിത് ഈ മത്സരത്തിൽ വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവർക്കു വിശ്രമമായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, മത്സരത്തിൽ ഫീൽഡ് ചെയ്യാനിറങ്ങിയ കോലി ഇടയ്ക്ക് രണ്ട് ഓവർ ബോൾ ചെയ്യുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 13 പന്തും ഒൻപതു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി. വിരാട് കോലിക്കു പകരം ടീമിനെ നയിച്ച ഓപ്പണർ രോഹിത് ശർമയുടെ അർധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്. 41 പന്തുകൾ നേരിട്ട രോഹിത് അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 60 റൺസെടുത്ത് അടുത്ത ബാറ്റർക്കായി വഴിമാറിക്കൊടുത്തു.
ട്വന്റി20 ലോകകപ്പിനു ശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള വിരാട് കോലിയുടെ പിൻഗാമിയായി ആരു വരുമെന്ന ചർച്ചകൾക്കിടെയാണ് പരിശീലന മത്സരത്തിൽ കോലിക്കു പകരം ടീമിനെ നയിക്കാൻ രോഹിത് എത്തിയത്. മത്സരത്തിൽ പക്വതയോടെയുള്ള ഇന്നിങ്സുമായി ടീമിനെ വിജയത്തിലെത്തിക്കാനും രോഹിത്തിനു കഴിഞ്ഞു.
കോലി ടീമിന്റെ നായകനായ സമയത്തുതന്നെ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഗ്രൂപ്പിന്റെ ഭാഗമായിരുന്നു രോഹിത്തും. അതുകൊണ്ടുതന്നെ കോലി വഴിമാറുമ്പോൾ രോഹിത് ക്യാപ്റ്റനാകുമെന്ന് കരുതുന്നവരേറെ. ഓസീസിനെതിരായ മത്സരത്തിൽ ഇടയ്ക്ക് ഫീൽഡിങ്ങിനിറങ്ങിയ കോലി രോഹിത്തുമായി ബോളിങ് മാറ്റങ്ങളും ഫീൽഡിങ് ക്രമീകരണവും സംബന്ധിച്ച് ചർച്ച നടത്തുന്നത് കാണാമായിരുന്നു. ട്വന്റി20 ലോകകപ്പിന് ഈ മാസം 24ന് പാക്കിസ്ഥാനെതിരായ മത്സരത്തോടെ തുടക്കമാകുമ്പോൾ, ആരാധകർ പ്രതീക്ഷിക്കുന്നതും ഇതുപോലൊരു ടീം വർക്ക് തന്നെ.
ബോളറായി വിരാട് കോലി വീണ്ടും കളത്തിലിറങ്ങിയതാണ് മത്സരത്തിൽ കണ്ട മറ്റൊരു സവിശേഷത. മുൻപ് മഹേന്ദ്രസിങ് ധോണി ക്യാപ്റ്റനായിരുന്ന കാലത്ത് ബോൾ ചെയ്യാറുണ്ടായിരുന്ന കോലി, പിന്നീട് നായകസ്ഥാനം ഏറ്റെടുത്തശേഷം അത്തരമൊരു പരീക്ഷണത്തിന് തുനിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ, ടീം മെന്ററായുള്ള ധോണിയുടെ വരവും കോലിയുടെ ബോളറായുള്ള തിരിച്ചുവരവും കൂട്ടിവായിക്കുന്നവരുണ്ട്. ഓസീസിനെതിരെ രണ്ട് ഓവർ തന്റെ മീഡിയം പേസ് പരീക്ഷിച്ച കോലി, 12 റൺസ് മാത്രമാണ് വഴങ്ങിയത്. ഇന്ത്യൻ ടീമിന് നിർണായക ഘട്ടങ്ങളിൽ ആറാം ബോളറെന്ന നിലയിൽ പിന്തുണ നൽകാൻ കോലിക്കാകുമോ എന്നതാണ് ചോദ്യം.
ലോകകപ്പ് മത്സരങ്ങളിൽ നിർണായകമായ ഡെത്ത് ഓവർ ബോളറായി ആരെത്തുമെന്നതു സംബന്ധിച്ചും ചോദ്യങ്ങളുയരുന്നുണ്ട്. ജസ്പ്രീത് ബുമ്രയ്ക്ക് പിന്തുണ നൽകാൻ ഭുവനേശ്വർ കുമാറിനെ തന്നെ നിയോഗിക്കാനാകുമോ എന്നു സംശയമാണ്. ഓസീസിനെതിരെ അവസാന ഓവറിൽ ആറു റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തെങ്കിലും, അതിനു മുൻപ് ഇംഗ്ലണ്ടിനെതിരെ അവസാന ഓവറിൽ ഇരുപതിലധികം റൺസ് വഴങ്ങിയിരുന്നു. മാത്രമല്ല, നിലവിലെ സാഹചര്യത്തിൽ ഭുവിക്ക് പഴയതുപോലെ തിളങ്ങാനുമാകുന്നില്ല.
മത്സരത്തിൽ വരുൺ ചക്രവർത്തിയെ അവസാന ഓവറുകളിൽ മാത്രം പരീക്ഷിച്ചത് ടീം മാനേജ്മെന്റിന്റെ മാറുന്ന തന്ത്രങ്ങളുടെ ഭാഗമാണോയെന്ന ചോദ്യമുയരുന്നുണ്ട്. ഡെത്ത് ഓവറുകളിൽ ചക്രവർത്തിയുടെ മിസ്റ്ററി സ്പിന്നിനെ ആശ്രയിക്കാനാണോ ടീം മാനേജ്മെന്റിന്റെ നീക്കമെന്നാണ് ചോദ്യം. ഈ മത്സരത്തിൽ പക്ഷേ, താരം ഏറെ റൺസ് വഴങ്ങിയിരുന്നു.