മനോരമ ഓൺലൈൻ ടെക്സ്പെക്ടേഷൻസ് എജ്യൂക്കേറ്റ് നാലാം പതിപ്പിൽ കേന്ദ്ര, കർണാടക വിദ്യാഭ്യാസ മന്ത്രിമാരും പങ്കെടുക്കും. ശനിയാഴ്ച (ഒക്ടോബർ 23) രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വെർച്വലായി നടക്കുന്ന ടെക്സ്പെക്ടേഷൻസ് എജ്യൂക്കേറ്റ് 2021 ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, കർണാടക വിദ്യാഭ്യാസ മന്ത്രി ഡോ. സി.എൻ. അശ്വന്ത് നാരായൺ എന്നിവരാണ് സംസാരിക്കുക.
ഓൺലൈൻ പഠനരംഗത്തെ പ്രമുഖ സ്ഥാപനമായ ജെയിന് ഓൺലൈനിന്റെ സഹകരണത്തോടെ നടക്കുന്ന ഉച്ചകോടിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ‘ദേശീയ വിദ്യാഭ്യാസ നയം (എൻഇപി): സമീപനം, അവസരങ്ങൾ, വെല്ലുവിളികൾ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് നടക്കുന്ന സെഷനിൽ ‘ദേശീയ വിദ്യാഭ്യാസ നയവും വിദ്യാഭ്യാസ പരിസ്ഥിതി വ്യവസ്ഥയിൽ അതിന്റെ വിശാലമായ സ്വാധീനവും’ എന്ന വിഷയത്തിൽ കർണാടക വിദ്യാഭ്യാസ മന്ത്രി ഡോ. സി.എന്. അശ്വന്ത് നാരായൺ പ്രഭാഷണം നടത്തും.
‘ഓണ്ലൈൻ പഠനരംഗത്തെ പുത്തൻ സാധ്യതകളും വെല്ലുവിളികളും’ എന്നതാണ് ഡിജിറ്റൽ ഉച്ചക്കോടിയിലെ പ്രധാന ചർച്ചാ വിഷയം. രാജ്യത്തിനകത്തും പുറത്തുമുള്ള, ടെക് കമ്പനി മേധാവികളും യൂണിവേഴ്സിറ്റി അധ്യാപകരും സാങ്കേതിക വിദഗ്ധരും സ്റ്റാർട്ടപ്പ് മേധാവികളും ഉൾപ്പെടെയുള്ളവർ മീറ്റിൽ തങ്ങളുടെ മേഖലകളിലെ പുത്തൻ ആശയങ്ങളും പരീക്ഷണങ്ങളും പരിചയപ്പെടുത്തും.
വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങൾക്കൊപ്പം ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ ക്ലാസ് റൂം, ഇ–ബുക്സ്, ഡിജിറ്റൽ ട്യൂട്ടോറിങ്, എഡ്ടെക്, സ്റ്റാർട്ടപ്പുകൾ എന്നിവയുടെ തുടർച്ചയായ സ്വാധീനം എന്നിവയാണ് ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയങ്ങൾ. കോവിഡനന്തര കാലത്തെ ബിസിനസ് തന്ത്രങ്ങളുടെ ആസൂത്രണം, പങ്കെടുക്കുന്നവരുടെ പ്രഫഷനൽ കഴിവുകൾ മെച്ചപ്പെടുത്തൽ എന്നീ ലക്ഷ്യങ്ങളോടെയാണ് ടെക്സ്പെക്ടേഷൻസ് എജ്യൂക്കേറ്റ് 2021 ലെ സെഷനുകളുടെ രൂപകൽപനയും ചർച്ചകളും ആസൂത്രണം ചെയ്തിരിക്കുന്നത്