അനധികൃതമായി രൂപമാറ്റം വരുത്തിയതിന് മോട്ടർവാഹന വകുപ്പ് പിടിച്ചെടുത്ത വാൻ തിരിച്ചു കിട്ടാനുള്ള ഇ ബുൾജെറ്റ് സഹോദരന്മാരുടെ ഹർജി കോടതി തള്ളി. വാഹനം വിട്ടുകിട്ടണമെന്ന ആവശ്യം നിരാകരിച്ച സിംഗിള്‍ ബഞ്ച്, നിയമനടപടിക്ക് മോട്ടർവാഹന വകുപ്പിന് അധികാരമുണ്ടെന്നും പ്രസ്താവിച്ചു.
നെപ്പോളിയൻ എന്നുപേരിട്ട വാഹനം തിരികെ കിട്ടിയില്ലെന്നുള്ള വാർത്ത യൂട്യൂബ് ചാനലിലൂടെ ഇ ബുൾജെറ്റ് തന്നെയാണ് പങ്കുവച്ചത്. ടെംപോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിനാണ് സഹോദരന്മാരായ ലിബിന്റെയും എബിന്റെയും ‘നെപ്പോളിയന്‍’ എന്ന വാഹനം മോട്ടര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത് പിഴ ചുമത്തിയത്.
തുടർന്ന് ഇവർ മോട്ടർവാഹന വകുപ്പിന്റെ ഓഫിസിലെത്തി ബഹളമുണ്ടാക്കിയത് വിവാദമായിരുന്നു. കൃത്യനിർവഹണത്തിനു തടസം നിന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലുള്ള ഇ ബുൾജെറ്റ് സഹോദരങ്ങൾ ഇപ്പോൾ ദുബായിലാണ്.
റജിസ്ട്രേഷൻ റദ്ദാക്കി
ഇവരുടെ കാരവാനിന്റെ റജിസ്ട്രേഷൻ ആറുമാസത്തേക്ക് മോട്ടർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. പിഴ അടയ്ക്കാതിരുന്നതും കാരണം കാണിക്കൽ നോട്ടിസിനു നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതും ചൂണ്ടിക്കാട്ടിയായിരുന്നു ആറുമാസത്തേക്ക് റജിസ്ട്രേഷൻ റദ്ദാക്കിയത്, അതിനുള്ളിൽ അനധികൃത മോഡിഫിക്കേഷനുകൾ മാറ്റി, ആർസി ബുക്കിൽ രേഖപ്പെടുത്തിയതുപോലെ വാഹനം ഹാജരാക്കി പിഴ അടച്ചാൽ റജിസ്ട്രേഷൻ പുതുക്കി നൽകുമെന്നും അല്ലെങ്കില്‍ തുടർ നടപടിയുമായി മുന്നോട്ടുപോകുമെന്നുമാണ് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഒമ്പത് നിയമലംഘനങ്ങൾ
വാൻ ലൈഫ് ചിത്രീകരിക്കുന്ന യുട്യൂബ് ചാനലായ ഇ–ബുൾ ജെറ്റിന്റെ വാഹനമായ ‘നെപ്പോളിയൻ’ ഒൻപതു നിയമലംഘനങ്ങൾ നടത്തിയെന്നാണ് മോട്ടർ വാഹന വകുപ്പ് നൽകിയ ചെക്ക് റിപ്പോർട്ടിൽ പറയുന്നത്.
ചെക്ക് റിപ്പോർട്ടിൽ പറയുന്ന നിയമലംഘനങ്ങൾ
നിയമപ്രകാരമാണ് കാരവാനാക്കി മാറ്റിയതെങ്കിലും പിന്നീട് വാഹനത്തിൽ പെർമിറ്റിന് വിരുദ്ധമായി മോഡിഫിക്കേഷൻ നടത്തി മുന്നില്‍ മാത്രം കൂടുതലായി ഒന്‍പതു ലൈറ്റുകള്‍ പിടിപ്പിച്ചു. മോട്ടർവാഹന വകുപ്പില്‍ നിന്ന് അനുമതി വാങ്ങാതെ പിന്നില്‍ സൈക്കിള്‍സ്റ്റാന്‍ഡുകളും ഏണിയും ഘടിപ്പിച്ചിരുന്നു. ആര്‍സി ബുക്കില്‍ വണ്ടിയുടെ നിറം വെള്ളയാണ്. അത് അനുമതി വാങ്ങാതെ കറുപ്പാക്കി. സുതാര്യമല്ലത്ത കൂളിങ് ഫിലിം ഒട്ടിക്കുകയും പിന്നിലെ ബ്രേക്ക് ലൈറ്റുകൾക്ക് മുന്നിൽ മറപിടിപ്പിക്കുകയും ചെയ്തു. വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ നിയമം നിഷ്കർഷിക്കുന്ന രീതിയിലല്ല. റോഡ് സേഫ്റ്റി, ശബ്ദ–വായു മലിനീകരണ നിയമങ്ങൾ ലംഘിച്ചു. ഉദ്യോഗസ്ഥൻ അവശ്യപ്പെട്ടിട്ടും റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല, മാധ്യമപ്രവര്‍ത്തകരല്ലാതിരുന്നിട്ടും പ്രസ് ബോർഡ് വച്ചു തുടങ്ങിയവയാണ് നിയമലംഘനങ്ങൾ. എല്ലാ കൂടി ചേര്‍ത്ത് 43,400 രൂപയാണ് പിഴയടയ്‌ക്കേണ്ടത്.