ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ളതും ആഡംബരസമൃദ്ധവുമായ വാഹനങ്ങളുടെ ശേഖരം ഏറെക്കുറെ ദുബായ് പൊലീസിന്റെ കുത്തകയാണ്. വിലയിലും വേഗത്തിലും സമാനതകളില്ലാത്തെ മോഡലുകൾ അണിനിരക്കുന്ന ഗരീജ് സ്വന്തമായുള്ള ദുബായ് പൊലീസിന്റെ വാഹന ശേഖരത്തിലെ പുതുമുഖ താരങ്ങളാവുകയാണ് ആൽഫ റോമിയൊ ഗിയുലിയ ക്വാഡ്രിഫോഗ്ലിയൊയും സ്റ്റെൽവിയൊ ക്വാഡ്രിഫോഗ്ലിയൊയും.
ലോകത്ത് വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഏറ്റവും വേഗമേറിയ, അഞ്ചു സീറ്റുള്ള വാഹനം എന്നതാണ് ആൽഫ റോമിയൊ ഗിയുലിയ ക്വാഡ്രിഫോഗ്ലിയൊയുടെ പെരുമ. ജർമനിയിലെ നർബർഗ്റിങ് സർക്യൂട്ടിൽ എസ് യു വി വിഭാഗത്തിലെ വേഗമേറിയ ലാപ്പിനുള്ള ലോക റെക്കോഡ് സ്വന്തമാക്കിയ ചരിത്രമാണ് സ്റ്റെൽവിയൊ ക്വാഡ്രിഫോഗ്ലിയൊയുടേത്.
ഇരു കാറുകൾക്കും കരുത്തേകുന്നത് വി സിക്സ് എൻജിനുകളാണ്; ഈ എൻജിൻ സൃഷ്ടിക്കുന്ന പരമാവധി കരുത്താവട്ടെ 510 ബി എച്ച് പിയും. നിശ്ചലാവസ്ഥയിൽ നിന്നു വെറും 3.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഇരു ക്വാഡ്രിഫോഗ്ലിയൊ കാറുകൾക്കുമാവും. വാഹനഭാരം പിടിച്ചു നിർത്താനായി കാർബൺ ഫൈബർ ഉപയോഗിച്ചാണ് ഈ കാറുകളുടെ മുകൾഭാഗം നിർമിച്ചിരിക്കുന്നത്. ഡ്രൈവിങ് ക്ഷമത മെച്ചപ്പെടുത്താൻ ഏറോ ഫ്രണ്ട് സ്പ്ലിറ്ററും കാറുകളിലുണ്ട്.
തന്ത്രപ്രധാന വിനോദ സഞ്ചാര മേഖലകളിൽ പൊലീസിന്റെ സജീവ സാന്നിധ്യം ഉറപ്പാക്കാൻ ഈ പുതിയ പ്രീമിയം കാറുകൾ സഹായിക്കുമെന്ന് ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജമാൽ അൽ ജല്ലാഫ് അഭിപ്രായപ്പെട്ടു. സുരക്ഷിതത്വവും ക്രമസമാധാനവും ഉറപ്പാക്കുന്നതിലും ഇത്തരം കാറുകൾക്ക് നിർണായക സംഭാവന നൽകാനാവും.
ആൽഫ റോമിയൊ കാറുകൾ കൂടിയെത്തിയതോടെ ദുബായ് പൊലീസിന്റെ ശേഖരത്തിലെ ആഡംബര വാഹനങ്ങളുടെ എണ്ണം 31 ആയി ഉയർന്നെന്ന് ദുബായ് ടൂറിസ്റ്റ് പൊലീസ് ഡയറക്ടർ കേണൽ മുബാരക് സയീദ് സലീം ബിൻ നവാസ് അൽ കെറ്റ്ബി അറിയിച്ചു. ആൽഫ റോമിയൊ ‘ഗിയുലിയ ക്വാഡ്രിഫോഗ്ലിയൊ’, ‘സ്റ്റെൽവിയൊ ക്വാഡ്രിഫോഗ്ലിയൊ’ കാറുകൾ സുപ്രധാന വിനോദ സഞ്ചാര മേഖലകളിലാവും വിന്യസിക്കുകയെന്നും അദ്ദേഹം വെളിപ്പെടുത്തി.
കഴിഞ്ഞ മേയിലാണ് ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയിയുടെ ആഡംബര ബ്രാൻഡായ ജെനിസിസ് ശ്രേണിയിലെ ‘2021 ജെനിസിസ് ജി വി 80’ ദുബായ് പൊലീസ് സ്വന്തമാക്കിയത്. ഇതിനു പുറമെ പോർഷെയും മക്ലാരനും ഫെറാരിയും ബ്യുഗാട്ടിയുമൊക്കെ അടങ്ങുന്നതാണു ദുബായ് പൊലീസിന്റെ പട്രോൾ കാർ ശേഖരം.