യാത്രക്കാരുടെ ജീവൻ അപകടത്തിലാഴ്ത്തി കെഎസ്ആർടിസി ബസ് വെള്ളത്തിലേക്ക് ഓടിച്ചിറക്കിയ ഡ്രൈവർ ജയദീപ് എസിന്റെ ലൈൻസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മോട്ടർവാഹന വകുപ്പ് അറിയിപ്പ് നൽകി . അപകടമുണ്ടാകുമെന്ന് ബോധ്യമുണ്ടായിട്ടും 14 യാത്രക്കാരുമായി വെള്ളക്കെട്ടിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണ് വകുപ്പ് പറയുന്നത്. ജയദീപിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയെന്നും 14 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും മോട്ടർ വാഹന വകുപ്പ് അറിയിച്ചു. യാത്രക്കാരുടെ ജീവനു ഭീഷണിയാകുന്ന തരത്തിൽ വാഹനം ഓടിച്ചതിന് ഈരാറ്റുപേട്ടയിലെ ഡ്രൈവർ ജയദീപിനെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തിരുന്നു. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിർദേശത്തെ തുടർന്നായിരുന്നു നടപടി.
ഈരാറ്റുപേട്ടയിലേക്ക് പോയ ബസ് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് മുന്നിൽ വച്ചാണ് വെള്ളക്കെട്ടിൽപ്പെട്ടത്.തുടർന്നാണ് അപകടം ഉണ്ടായത് പള്ളിയുടെ മുൻവശത്തെത്തിയപ്പോൾ പെട്ടെന്ന് വെള്ളം ഇരച്ച് കയറിയെന്നും ഉടനെ ബസ് വലത്തേക്ക് തിരിച്ച് പള്ളിമതിലിനോട് ചേർത്ത് നിർത്തിയെന്നുമായിരുന്നു ഡ്രൈവർ നൽകിയ വിശദീകരണം.
ഉരുൾപൊട്ടി വെള്ളം വന്ന് വണ്ടി നിന്നുപോയതാണെന്നും കെട്ടി വലിച്ച് ഡിപ്പോയിൽ എത്തിക്കുകയായിരുന്നുവെന്നും വിശദീകരണത്തിൽ പറയുന്നു. ഒരാൾപൊക്കത്തിലുള്ള വെള്ളക്കെട്ടിൽനിന്ന് നാട്ടുകാരാണ് യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചത്.