കൽപറ്റ ∙ ജില്ലയിൽ ഇന്നലെ ഉച്ചയ്ക്കുശേഷം തുടങ്ങിയ അതിശക്തമായ മഴ മലയോര പ്രദേശങ്ങളിലും പുഴയോരങ്ങളിലും ആശങ്കയുണർത്തുന്നു. ശക്തമായ ഇടിയും മിന്നലോടും കൂടിയാണു മഴപ്പെയ്ത്ത്. ഒരേ ശക്തിയിൽ മണിക്കൂറുകളോളം നിന്നു പെയ്യുകയാണു പേമാരി.കഴിഞ്ഞ പ്രളയകാലങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമെല്ലാമുണ്ടായ വൈത്തിരി താലൂക്കിലെ പുത്തുമല, ചൂരൽമല, മേപ്പാടി, അട്ടമല, വെള്ളാർമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലുൾപ്പെടെ കനത്ത മഴ തുടരുകയാണ്.
പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് ഭീഷണിയുണ്ട്. ജില്ലയിൽ 19 കുടുംബങ്ങളിലെ 83 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. വൈത്തിരി താലൂക്കിൽ മൂന്നും മാനന്തവാടി താലൂക്കിൽ ഒരു ദുരിതാശ്വാസ ക്യാംപും തുറന്നു.ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 773.2 മീറ്റർ ആയി ഉയർന്നു. 775.6 ആണു പരമാവധി സംഭരണശേഷി. കാരാപ്പുഴയിൽ 757.15 മീറ്റർ ആണു നിലവിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷി 763 മീറ്റർ ആണ്. കാരാപ്പുഴയുടെ 3 ഷട്ടറുകളും നേരത്തെ തന്നെ തുറന്നിട്ടുണ്ട്.