മലപ്പുറം ∙ 110 വർഷം മുൻപുള്ള മലപ്പുറത്തിന്റെ ചരിത്രത്തിലേക്കു വെളിച്ചം വീശി അപൂർവ രേഖ. ബ്രിട്ടിഷ് രാജാവായിരുന്ന ജോർജ് അഞ്ചാമന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ചു മലപ്പുറത്തു നടന്ന ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട വിവരങ്ങളാണു കണ്ടെത്തിയത്. മലബാർ ക്രിസ്ത്യൻ കോളജിലെ അസോഷ്യേറ്റ് പ്രഫസർ എം.സി.വസിഷ്ഠ് ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണു കോഴിക്കോട് റീജനൽ ആർക്കൈവ്സിൽ സൂക്ഷിച്ചിരുന്ന രേഖകൾ കണ്ടെത്തിയത്.
ജോർജ് അഞ്ചാമന്റെ സന്ദർശനത്തിന്റെ ഭാഗമായി 1911 ഡിസംബർ 12ന് ആണു ഡൽഹി ദർബാർ നടന്നത്. ഇതിന്റെ ഭാഗമായി ഡിസംബർ 7 മുതൽ 12 വരെ ബ്രിട്ടിഷ് മലബാറിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷം സംഘടിപ്പിക്കാൻ നിർദേശമുണ്ടായിരുന്നു. പൊലീസ് ഗ്രൗണ്ടിലാണു മലപ്പുറത്തെ പരിപാടികൾ നടന്നത്. പട്ടാളവും പൊലീസും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തോടെയായിരുന്നു ആഘോഷത്തിന്റെ തുടക്കമെന്നു രേഖയിൽ പറയുന്നു. സ്കൂൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രത്യേകം മത്സരങ്ങളും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പാവപ്പെട്ടവർക്കു ഭക്ഷണ വിതരണം നടത്തി. പട്ടാള വിഭാഗമായ ഓക്സ്ഫഡ് ആൻഡ് ബക്ക്ലൈറ്റ് ഇൻഫൻട്രിയുടെ പരേഡ്, നാടകാവതരണം എന്നിവയും നടന്നു.
ദർബാർ ദിവസമായ 12നു കരിമരുന്നു പ്രയോഗമുണ്ടായിരുന്നു. കോട്ടപ്പടി മുതൽ പൊലീസ് ഗ്രൗണ്ട്വരെ ദീപാലംകൃതമായിരുന്നെന്നു രേഖയിൽ പറയുന്നു. ചടങ്ങുകൾക്കു ശേഷം റവന്യു ഡിവിഷൻ ഓഫിസർ എ.കുഞ്ഞിരാമൻ കോഴിക്കോട് കലക്ടർക്കയച്ച റിപ്പോർട്ടിൽ, മലപ്പുറം അതുവരെ കണ്ട ഏറ്റവും വലിയ ജനക്കൂട്ടം ദർബാറിനെത്തിയെന്നാണു പറയുന്നത്. ഈ റിപ്പോർട്ടും ആർക്കൈവ്സിലുണ്ട്. 1911ൽ തന്നെ മലബാറിൽ ജനം ഒത്തുകൂടുന്ന പൊതു ഇടങ്ങൾ ഉണ്ടായിരുന്നുവെന്നതിനു തെളിവാണു രേഖകളെന്നു ഡോ.വസിഷ്ഠ് പറഞ്ഞു.