ഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 18,454 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 160 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഘ്യ 4.52 ലക്ഷമായി ഉയർന്നു. 17,561 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയത്.
നിലവിൽ 1,78,831 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സജീവ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. നിലവിലെ രോഗമുക്തി നിരക്ക് 98.15 ശതമാനമാണ്. 2020 മാർച്ച് മുതലുള്ള ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കാണിത്.
കേരളത്തില്‍ ഇന്നലെ 11,150 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 82 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,89,666 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിൽ കഴിയുന്നത്.
അതേസമയം, കോവിഡ് വാക്സിനേഷനിൽ നൂറ് കോടി ഡോസ് എന്ന ചരിത്രനേട്ടം രാജ്യം ഇന്ന് സ്വന്തമാക്കി. ഇതുവരെ രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം ഇന്ന് രാവിലെ നൂറ് കോടി കടന്നു. ഒമ്പത് മാസം കൊണ്ടാണ് ഇന്ത്യ നൂറ് കോടി ഡോസുകൾ വിതരണം ചെയ്തത്.
ജനുവരി 16നാണ് ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കും നൽകിയ ശേഷം മാർച്ച് ഒന്ന് മുതലാണ് 65 വയസിനു മുകളിൽ ഉള്ളവർക്കും പിന്നീട് ഏപ്രിൽ ഒന്ന് മുതൽ 45 വയസിനു മുകളിൽ ഉള്ളവർക്കും വാക്സിൻ നൽകിയത്. മേയ് ഒന്ന് മുതൽ 18 വയസിനു മുകളിൽ ഉള്ളവർക്കും വാക്സിൻ നൽകി തുടങ്ങി.