തിരുവില്വാമല ∙ ടൗണിലുള്ള പൊലീസ് ഔട്ട് പോസ്റ്റ് ഇപ്പോഴും അനാഥം. പൊട്ടി പൊളിഞ്ഞു ചോർന്നൊലിക്കുന്ന മേൽക്കൂരയുമായി നിൽക്കുന്ന കെട്ടിടത്തിൽ പൊലീസ് ഔട്ട് പോസ്റ്റ് എന്ന ബോർഡും വീണു. ഉദ്യോഗസ്ഥരാരും ഇപ്പോൾ എത്താറില്ലെന്നും നാട്ടുകാർ പറയുന്നു.
മനോരമ വാർത്തയെ തുടർന്ന് സബ് ഇൻസ്പെക്ടർ, 2 കോൺസ്റ്റബിൾമാർ, ഹോം ഗാർഡ് എന്നിവരെ കഴിഞ്ഞ വർഷം ഇവിടേക്കു നിയോഗിച്ചിരുന്നു. അന്നത്തെ എംഎൽഎ യു.ആർ. പ്രദീപ് സിറ്റി പൊലീസ് കമ്മിഷണർക്ക് കത്തു നൽകിയതിനെ തുടർന്നായിരുന്നു നടപടി. ഔട്ട് പോസ്റ്റിലേക്ക് 1972–ൽ അനുവദിച്ച ഒരു ഹെഡ് കോൺസ്റ്റബിളിന്റെയും 3 പൊലീസുകാരുടെയും തസ്തികയിൽ ഇപ്പോഴും നിയമനം നടന്നിട്ടില്ല. പഴയന്നൂർ സ്റ്റേഷനിലെ പൊലീസുകാരെ വിനിയോഗിച്ചാണു ഔട്ട് പോസ്റ്റ് പ്രവർത്തിച്ചിരുന്നത്.
തസ്തികകളിൽ ആളില്ലാത്തതിനാൽ 3 പഞ്ചായത്തുകൾ ഉൾപ്പെടുന്ന പൊലീസ് സ്റ്റേഷൻ പ്രവർത്തനങ്ങൾക്കു തന്നെ ഉദ്യോഗസ്ഥരെ തികയാത്തതു കാരണം ഔട്ട് പോസ്റ്റിലേക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കാൻ കഴിയാതെയായി. സർക്കാർ തലത്തിൽ നടപടികളുണ്ടാക്കാനുള്ള നീക്കങ്ങളും നടന്നില്ല. പ്രാദേശിക ജനപ്രതിനിധികളും ഇക്കാര്യത്തിൽ ശ്രമങ്ങൾ നടത്തിയില്ല. കാടു പിടിച്ച തകർച്ചയിലുള്ള കെട്ടിടമാണ് ഇപ്പോഴുള്ളത്.