കൊച്ചി∙ ഉരുൾപൊട്ടലിൽ ഒഴുകിപ്പോയപ്പോൾ കാപ്പിക്കമ്പിൽ തൂങ്ങി ജീവിതത്തിലേക്കു തിരികെ കയറിയ ജെബിൻ ഷാജി (11) ആശുപത്രി വിട്ടു. 3 ദിവസമായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജെബിൻ. ദേഹം മുഴുവൻ ഉരഞ്ഞ പാടുകളും കാലിനു പൊട്ടലുമുണ്ടായിരുന്ന ജെബിനെ രമേശ് ചെന്നിത്തല എംഎൽഎ ഇടപെട്ടാണു വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചത്. വെള്ളപ്പാച്ചിലിൽ അച്ഛൻ ഷാജിയെ നഷ്ടപ്പെട്ടിരുന്നു. കൊക്കയാർ മാക്കോച്ചിയിലാണു ജെബിന്റെ വീട്.
കഴിഞ്ഞ ശനിയാഴ്ച വീടിനു മുകളിലേക്കു വെള്ളവും കല്ലും വീഴുന്നതു കണ്ടാണു അച്ഛനും മകനും പുറത്തേക്ക് ഇറങ്ങിയത്. ഉരുൾ രണ്ടുപേരെയും ഒഴുക്കിക്കൊണ്ടു പോയി. ഷാജി, ജെബിനെ തള്ളി നീക്കിയതാണു രക്ഷയായത്. ഭാഗ്യം കൊണ്ടാണു വീടിന്റെ മുന്നിലുള്ള ആറ്റിലേക്കു ജെബിൻ വീഴാതിരുന്നത്. ആറിനു തൊട്ട് അരികിലായി ഒരു കാൽ ചെളിയിൽ താഴുകയും കാപ്പിച്ചെടിയുടെ കമ്പിൽ പിടിത്തം കിട്ടുകയും ചെയ്തു. അതിൽ തൂങ്ങി സമീപത്തെവീട്ടിലേക്ക് കയറിയെങ്കിലും വീണ്ടും ചെളിയിൽ കുടുങ്ങി.
അടുത്ത വീട്ടിലെ സ്ത്രീയാണു ജെബിനെ പിടിച്ചു കയറ്റിയത്.7–ാം ക്ലാസ് വിദ്യാർഥിയായ ജെബിന് 2 സഹോദരങ്ങളാണുള്ളത്. അമ്മ ആനിയാണു ജെബിനൊപ്പം ആശുപത്രിയിലുണ്ടായിരുന്നത്. ന്യൂറോ സർജൻ ഡോ.സുധീഷ് രാമചന്ദ്രന്റെ നേതൃത്വത്തിലാണു പരിശോധനകൾ നടത്തിയത്. കല്ലുകളും മരങ്ങളും വന്നിടിച്ച പാടുകളും പരുക്കുകളുമാണു ജെബിന്റെ ശരീരത്തിൽ ഉള്ളത്. സ്കാനിങ്ങിൽ മറ്റു പ്രശ്നങ്ങളില്ലാത്തതിനാൽ വൈകാതെ തന്നെ പൂർണ ആരോഗ്യം വീണ്ടെടുക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. ഉരുൾപൊട്ടലിൽ വീടും മറ്റു സാമഗ്രികളും എല്ലാം നഷ്ടമായതോടെ ചമ്പക്കരയിലെ ബന്ധുവിന്റെ വീട്ടിലേക്കാണു ജെബിനും അമ്മയും പോയത്