കഞ്ഞിക്കുഴി ∙ പഴയരിക്കണ്ടത്ത് മണ്ണിടിച്ചിൽ ഭീതിയിൽ കഴിയുന്ന കുടുംബം അവഗണനയിൽ തുടരുന്നു. 2018ലെ മഹാപ്രളയത്തിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട തകിടിയേൽ സതിയുടെ കുടുംബത്തിനാണ് സർക്കാർ സഹായം വൈകുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടത്ത് മണ്ണിടിച്ചിൽ സാധ്യത കൂടിയ പ്രദേശത്താണ് വിധവയായ സതിയും മകളും താമസിക്കുന്നത്. 2018ലെ മണ്ണിടിച്ചിലിൽ ഇവരുടെ വീടിന്റെ മുറ്റവും പിൻവശത്തെ മൺതിട്ടയും ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായിരുന്നു.
.ഇവരെ പിന്നീട് ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിപ്പാർപ്പിച്ചു. സർക്കാർ സഹായം ലഭ്യമാക്കുമെന്ന് പഞ്ചായത്ത് ഭരണ സമിതിയും വില്ലേജ് അധികൃതരും ഉറപ്പു നൽകിയിരുന്നെങ്കിലും 3 വർഷം പിന്നിട്ടിട്ടും നടപടിയില്ല. മഴ കനത്തതോടെ ഏത് നിമിഷവും വീട് ഇടിഞ്ഞ് താഴുന്ന അവസ്ഥയാണ്. വീടിന് ചുറ്റും ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്.സതിയും മകളും അന്തി ഉറങ്ങാൻ അയൽ വീടുകളെയാണ് ആശ്രയിക്കുന്നത്. അപകട ഭീതിയിൽ കഴിയുന്ന കുടുംബത്തെ മാറ്റിപ്പാർപ്പിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.
: