കോട്ടയം∙ കഞ്ചാവ് ലഹരിയിൽ ഹോട്ടൽ മുറിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം. പാട്ടും നൃത്തവും നടത്തിയത് ചോദ്യം ചെയ്ത ജീവനക്കാരെ യുവാക്കൾ കയ്യേറ്റം ചെയ്തു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ പ്ലേറ്റ് എടുത്തെറിഞ്ഞു. ഹോട്ടലിന്റെ മുൻവശത്തെ ചില്ല് പൊട്ടിച്ചു. ഇന്നലെ രാത്രിയോടെ കഞ്ഞിക്കുഴിയിൽനിന്നു ദേവലോകത്തേക്കുള്ള റോഡിൽ ദേവിന ഹോട്ടലിലാണ് ആക്രമണം നടന്നത്.
3 യുവാക്കൾ ഹോട്ടലിലെ മുറിയിൽ കയറി നടത്തിയ പാട്ടും നൃത്തവും ബുദ്ധിമുട്ടായതോടെ ജീവനക്കാർ ചോദ്യം ചെയ്തു. ഇതോടെ പ്രകോപിതരായ യുവാക്കൾ അസഭ്യം പറയുകയും ആക്രമണം നടത്തുകയുമായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. സമീപ മുറിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ പ്ലേറ്റ് എടുത്തെറിഞ്ഞു.
അതിഥിത്തൊഴിലാളിയെ കയ്യേറ്റം ചെയ്തു. യുവാക്കൾ കസേര ഉയർത്തി ആക്രമിക്കാൻ നടത്തിയ ശ്രമത്തിൽനിന്നു ജീവനക്കാർ ഒഴിഞ്ഞുമാറിയതിനാൽ പരുക്കില്ല. ഇവരുടെ അഴിഞ്ഞാട്ടം അരമണിക്കൂറോളം നീണ്ടുനിന്നു. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട യുവാക്കൾ പിന്നീട് ഓട്ടോയിൽ എത്തി ഹെൽമറ്റ് വലിച്ചെറിഞ്ഞു നടത്തിയ ആക്രമണത്തിലാണ് ഹോട്ടലിന്റെ മുൻവശത്തെ ചില്ല് പൊട്ടിയത്
ഹോട്ടലിനു മുകളിലത്തെ നിലയിലെ ലോഡ്ജിൽ നേരത്തേ താമസിച്ചിരുന്ന യുവാക്കളിൽ 3 പേരാണ് ആക്രമണം നടത്തിയതെന്ന് ഹോട്ടൽ ഉടമയുടെ സഹായി കാരാപ്പുഴ സ്വദേശി സുരേഷ് പൊലീസിന് മൊഴി നൽകി.യുവാക്കളുടെ ആക്രമണ ദൃശ്യം ഹോട്ടലിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈസ്റ്റ് പൊലീസ് പരിശോധന നടത്തി.