മാന്നാർ ∙ ബോളിവുഡ് താരം ഷാറുഖ് ഖാനെ മുണ്ടുടുക്കാൻ പഠിപ്പിച്ച മാന്നാർ സ്വദേശി യാത്രയായി. അമിതാഭ് ബച്ചനും ഷാറുഖ് ഖാനും അവതരിപ്പിച്ചിരുന്ന ‘കോൻ ബനേഗാ ക്രോർപതി’ എന്ന ക്വിസ് മത്സര ടിവി പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച കുട്ടംപേരൂർ ജയശ്രീയിൽ കെ.സഞ്ജയ (58) ആണു കഴിഞ്ഞ ദിവസം മരിച്ചത്. ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട ഈ മത്സരത്തിൽ സഞ്ജയ പങ്കെടുത്തതു മുണ്ടും ഷർട്ടും ധരിച്ചായിരുന്നു. പരിപാടി കഴിഞ്ഞപ്പോൾ മുണ്ടുടുക്കുന്നതെങ്ങനെയെന്നു ഷാറുഖ് സഞ്ജയയോടു ചോദിച്ചു.വളരെ കൗതുകത്തോടെയാണ് ഷാരൂഖ് ഖാൻ മുണ്ടുടുക്കുന്നതിനെ കണ്ടത് .
ഷാറുഖ് ഖാനെ മുണ്ടുടുക്കാൻ പഠിപ്പിച്ച ശേഷമാണു സഞ്ജയ നാട്ടിൽ തിരിച്ചെത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഒപ്പിട്ട ഒരു ക്രിക്കറ്റ് ബാറ്റും ഷാറുഖ് സമ്മാനിച്ചു. പിന്നീടുള്ള പരിപാടികൾ അവതരിപ്പിക്കാൻ ഷാറുഖ് എത്തിയതും മുണ്ടുടുത്താണ്. ഈ സംഭവം അന്നു വലിയ വാർത്തയായിരുന്നു.
മാവേലിക്കര വേണുസദനം കുടുംബാംഗമാണ് സഞ്ജയ. പരേതരായ ലെഫ്.കേണൽ (റിട്ട) പി.വി.കെ.പിള്ളയുടെയും റിട്ട.അധ്യാപിക സരോജനിയമ്മയുടെയും മകനാണ്.
മാന്നാറിലെ ആദ്യ പൊതുമേഖലാ ഗ്യാസ് ഏജൻസി ഉടമയാണ് സഞ്ജയ്. എംബിഎ മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ് ഉയർന്ന മാർക്കോടെ കൊച്ചിൻ സർവകലാശാലയിൽ നിന്നു ജയിച്ച മധ്യതിരുവിതാംകൂറിലെ ആദ്യ വ്യക്തികളിലൊരാളായിരുന്നു ഇദ്ദേഹം. ഭാര്യ: പരേതയായ ജയശ്രീ. മകൾ കാവ്യ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർഥിനിയാണ്. മകൻ കരുൺ ബംഗാൾ ഐഐഎൽഎസിലെ അസി.പ്രഫസറാണ്