പുനലൂർ ∙ കനത്ത മഴയ്ക്ക് ശമനമായതോടെ അഞ്ചു ദിവസത്തിനു ശേഷം പുനലൂർ ഡിടിപിസി സ്നാനഘട്ടത്തിൽനിന്നു വെള്ളം ഇറങ്ങിത്തുടങ്ങി. കല്ലടയാറ്റിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെയാണ് സ്നാനഘട്ടം പുറത്തു കാണാനായത്. ഇനിയും എട്ടടിയോളം ജലനിരപ്പ് താഴ്ന്നാൽ മാത്രമേ ഇവിടെ കുളി സാധ്യമാകൂ. അതിഥിത്തൊഴിലാളികൾ അടക്കം ദിനംപ്രതി നൂറുകണക്കിനു പേർ കുളിക്കുന്ന കടവാണ് ഇത്.
കല്ലടയാറ്റിൽ എതിർവശത്ത് കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം ടൂറിസം വകുപ്പ് പുതുതായി നിർമിച്ച മണ്ഡപവും നടപ്പാതയും പാർക്കും എല്ലാം കഴിഞ്ഞ ദിവസങ്ങളിൽ മുങ്ങിയിരുന്നു. ഡാമിന്റെ ഷട്ടറുകൾ താഴ്ത്തുകയും രണ്ട് ദിവസം പൂർണമായും മഴ പെയ്യാതിരിക്കുകയും ചെയ്തതോടെ ജലനിരപ്പ് നന്നായി കുറഞ്ഞുവരികയാണ്.
വെട്ടിപ്പുഴ പാലത്തിന് സമീപത്തെ സ്വകാര്യ ആശുപത്രിയുടെ അടിയിലെ നിലയുടെ കുറച്ചു ഭാഗം ഇപ്പോഴും വെള്ളത്തിനടിയിലാണ്. അഞ്ചു ദിവസം മുൻപാണ് കോവിഡ് വാർഡ് ഉൾപ്പെടുന്ന നിലയിൽ വെള്ളം കയറിയത്. ചെമ്മന്തൂർ തോട് വെട്ടിപ്പുഴ തോടുമായി സംഗമിച്ചു കടയിലേക്ക് എത്തുന്ന ഭാഗമാണിത്. എന്നാൽ കല്ലടയാറിന് സമീപത്തെ കൃഷിയിടങ്ങളിൽ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടില്ല.