മലപ്പുറം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഉരുൾപൊട്ടലുണ്ടായത്. ആളപായമില്ല. പാലക്കാട് മംഗലംഡാം മേഖലയിലാണ് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായത്. കിഴക്കഞ്ചേരി രണ്ട് വില്ലേജിൽ ഓടൻതോട്-പടങ്ങിട്ടതോട് റോഡിന് മുകൾ ഭാഗത്തും വി.ആർ.ടി, ആശാൻപാറ എന്നിവിടങ്ങളിലുമാണ് വനത്തിനുള്ളിൽ ഉരുൾപൊട്ടിയത്.
കനത്ത മഴക്കിടെ ബുധനാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. മണ്ണും മലവെള്ളവും കുത്തിയൊലിച്ച് കൃഷിയിടങ്ങളിലും വീടുകളിലുമെത്തി. മലപ്പുറം ജില്ലയിൽ താഴെക്കോട് അരക്കുപറമ്പ് മാട്ടറക്കലിൽ മുക്കിലപറമ്പിന്റെ മുകളിലുള്ള മലങ്കട മലയിലും ബിടാവുമലയിലുമാണ് മണ്ണിടിഞ്ഞത്.
മാട്ടറയിൽ റോഡ് കവിഞ്ഞ് വെള്ളം ഒഴുകിയതോടെ പ്രദേശം ഏറെനേരം ഒറ്റപ്പെട്ടു. 60ഓളം കുടുംബങ്ങളാണ് മേഖലയിലുള്ളത്. ഇവരെ മാറ്റിപ്പാർപ്പിച്ചു.