പുതുമയുള്ള മാറ്റങ്ങളുമായിനിരവധി ഇന്റര്‍നെറ്റ് ഭീമന് ഗൂഗിളിന്റെ പുതിയ സ്മാർട് ഫോണുകൾ അവതരിപ്പിച്ചു. ഗൂഗിള്‍ പിക്സല്‍ 6, പിക്സല്‍ 6 പ്രോ എന്നീ പേരുകളിലാണ് പുതിയ മോഡലുകള്‍ അറിയപ്പെടുന്നത് . ഈ മോഡലുകളിൽ സ്വന്തം പ്രോസസറും സുരക്ഷാ ചിപ്പും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പ്രകടമായ മാറ്റം. ടെന്‍സര്‍ എന്ന പേരില്‍ സ്വന്തമായി നിര്‍മിച്ചെടുത്ത സിസ്റ്റം ഓണ്‍ ചിപ്പ്, സെമികണ്ഡക്ടറാണ് ഫോണുകള്‍ക്ക് കരുത്തുപകരുന്നത്. ഫോട്ടോകള്‍ പ്രോസസ് ചെയ്യുന്നതിൽ, അതിവേഗം സംഭാഷണം തിരിച്ചറിയാൻ, ബാറ്ററി ലൈഫിന്റെ കാര്യത്തിലും ഇത് പ്രകടമായ മാറ്റം കൊണ്ടുവരും എന്നാണ് കരുതുന്നത്. ടൈറ്റന് എം2 എന്ന പേരില്‍ കമ്പനി തന്നെ നിര്‍മിച്ച സുരക്ഷാ ചിപ്പാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
നിരവധി കമ്പനികള്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇറക്കുന്നുണ്ട്. ഇവ തമ്മില്‍ തമ്മില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലായിരുന്നു. ഗൂഗിള്‍ അടക്കം മിക്ക കമ്പനികളും തങ്ങളുടെ ഫോണുകള്‍ നിര്‍മിക്കാനായി ക്വാല്‍കം കമ്പനിയുടെ പ്രോസസറുകളെയാണ് ആശ്രയിച്ചു വന്നത്. ചില കമ്പനികള്‍ മീഡിയാടെക്കിനെയും ആശ്രയിച്ചിരുന്നു. എന്നാല്‍, സ്വന്തമായി പുതിയ ചിപ്പുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചതോടെ ആന്‍ഡ്രോയിഡ് പ്രവര്‍ത്തിക്കുന്ന രീതിക്ക് മാറ്റം വന്നേക്കാമെന്നു പ്രതീക്ഷ പുലര്‍ത്തുന്നവരും ഉണ്ട്. ലോകത്ത് ഏറ്റവും പ്രചാരമുള്ള ഒഎസ് ആയ ആന്‍ഡ്രോയിഡിന്റെ ഉടമയാണ് ഗൂഗിളെങ്കിലും ഐഫോണിനോടു പോയിട്ട് ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളോടു പോലും മത്സരിച്ചു വിജയിക്കാന്‍ കെല്‍പ്പുള്ള ഒരു ഫോണ്‍ സ്വന്തമായി ഇറക്കി വിജയിപ്പിക്കാന്‍ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇത് ഗൂഗിളിന് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. ഇതടക്കമുള്ള കാര്യങ്ങള്‍ മനസ്സില്‍വച്ചാണ് ഇത്തവണത്തെ പിക്സല്‍ മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ മോഡലുകള്‍ പെട്ടിയില്‍നിന്നു പുറത്തെടുക്കുമ്പോള്‍ തന്നെ ആന്‍ഡ്രോയിഡ് 12 ലാണ് പ്രവര്‍ത്തിക്കുക
∙ പിക്സല്‍ 6
ഗൂഗിള്‍ പിക്സല്‍ 6 മോഡലിന് 6.4-ഇഞ്ച് ഫുള്‍എച്ഡി പ്ലസ് അമോലെഡ് സ്ക്രീനാണ് ഉള്ളത്. ഇതിന് 90 ഹെട്സ് ഡൈനാമിക് റിഫ്രെഷ് റെയ്റ്റും ഉണ്ട്. പഞ്ച്-ഹോള്‍ സെല്‍ഫി ക്യാമറ, ഡിസ്പ്ലേയില്‍ അടക്കം ചെയ്തിരിക്കുന്ന ഫിംഗര്‍പ്രിന്റ് സ്കാനര്‍ തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. ഈ മോഡലിന് 8 ജിബി റാം, 128ജിബി / 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് ശേഷി, 4,614 എംഎഎച് ബാറ്ററി, 30W ഫാസ്റ്റ് ചാര്‍ജിങ് ശേഷി തുടങ്ങിയവയും ഉണ്ട്.
ക്യാമറാ സിസ്റ്റം
പുതിയ മോഡലിന് 50 എംപി പ്രധാന ക്യാമറയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിലെടുക്കുന്ന ചിത്രങ്ങള്‍ പിക്സല്‍ ബിന്നിങ് വഴി 12.5 എംപി ഫോട്ടോകളായി സേവുചെയ്യും. 12 എംപി അള്‍ട്രാവൈഡ് ലെന്‍സും ഉണ്ട്. 8 എംപിയാണ് സെല്‍ഫി ക്യാമറയുടെ റെസലൂഷന്‍. വില 599 ഡോളറാണ് (ഏകദേശം 44,970 രൂപ).
∙പിക്സല്‍ 6 പ്രോ
കൂടുതല്‍ മികവാര്‍ന്ന നിര്‍മിതിയുള്ള പിക്സല്‍ 6 പ്രോ മോഡലിന് 6.7-ഇഞ്ച് വലുപ്പമുള്ള ക്വാഡ് എച്ഡി അമോലെഡ് സ്ക്രീനാണ് ഉള്ളത്. ഇതിന് 120 ഹെട്സ് ഡൈനാമിക് റിഫ്രെഷ് റെയ്റ്റ് ഉണ്ട്. ഇന്‍ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്കാനര്‍, 12ജിബി റാം, 128ജിബി/ 256ജിബി /512ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് ശേഷി, 5,003 എംഎഎച് ബാറ്ററി, വയര്‍ലെസ് ചാര്‍ജിങ്, 30W ഫാസ്റ്റ് ചാര്‍ജിങ് തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍.
∙ക്യാമറ
പ്രോ മോഡലിന് പിന്നിലുള്ളത് ട്രിപ്പിള്‍ ക്യാമറാ സിസ്റ്റമാണ്. പ്രധാന ക്യാമറയ്ക്ക് 50 എംപി സെന്‍സറാണ് ഉള്ളത്. 12 എംപി അള്‍ട്രാവൈഡ് കൂടാതെ 48 എംപി ടെലി ലെന്‍സും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിന് 11.1 എംപിയാണ് സെല്‍ഫി ക്യാമറയുടെ റെസലൂഷന്‍. വില 899 ഡോളറാണ് (ഏകദേശം 67,490 രൂപ). ഇരു മോഡലുകളും ഇന്ത്യയില്‍ വില്ക്കുമോ എന്ന കാര്യത്തില്‍ തീരുമാനമൊന്നും ഇതുവരെ പ്രഖ്യാപ്പിച്ചിട്ടില്ല.
മാജിക് ഇറെയ്സര്‍
ഇരു മോഡലുകളിലും പകര്‍ത്തുന്ന ചിത്രങ്ങളിലും മറ്റും അനാവശ്യമെന്നു തോന്നുന്ന വസ്തുക്കളെയും ആളുകളെയും നീക്കംചെയ്യാനായി മാജിക് ഇറെയ്സര്‍ എന്ന ഫീച്ചറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഗൂഗിള്‍ പിക്സല്‍ 6ല്‍ ചിത്രീകരിച്ച ഒരു വിഡിയോ ഗൂഗിള്‍ പങ്കുവച്ചിട്ടുണ്ട്: https://youtu.be/9cVhGZsiZZo
ജാപ്പനീസ് ആര്‍ട്ടിസ്റ്റ് കെയ്സ് ഫൂജി ( Kaze Fuji)യുടെ സംഗീതമാണിത്. റെക്കോഡ് ചെയ്തിരിക്കുന്നത് പിക്സല്‍ 6 പ്രോ ഉപയോഗിച്ചായിരിക്കാമെന്നും വാദമുണ്ട്.
∙പിക്സല്‍ പാസ്
ഗൂഗിന്റെ സോഫ്റ്റ്വെയര് പാക്കാണ് പിക്സല്‍ പാസ്. ഇതുവഴി 200 ജിബി ക്ലൗഡ് സ്റ്റോറേജ്, യൂട്യൂബ് പ്രീമിയം, യൂട്യൂബ് മ്യൂസിക് പ്രീമിയം, ഗൂഗിള്‍ പ്ലേ പാസ് എന്നിവ ലഭിക്കും. പിക്സല്‍ 6 ഉടമകള്‍ ഇതിന് 45 ഡോളറും, പ്രോ ഉടമകള്‍ 55 ഡോളറും നല്‍കണം. ഇത് അമേരിക്കയ്ക്കു പുറത്ത് ഇപ്പോള്‍ ലഭ്യമല്ല. രണ്ടു വര്‍ഷത്തേക്കാണിത്.
∙ആദ്യ കാര്‍ 2024 പുറത്തിറക്കുമെന്ന് ഷഓമി
ആദ്യ ഇലക്ട്രിക് കാര്‍ 2024 ആദ്യ പാദത്തില്‍ തന്നെ പുറത്തിറക്കുമെന്ന് ചൈനീസ് ടെക്നോളജി ഭീമന് ഷഓമി മേധാവി ലെയ് ജുന് പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചിലാണ് തങ്ങള്‍ പുതിയ മേഖലയിലേക്ക് കടക്കുന്നുവെന്ന് ഷഓമി പ്രഖ്യാപിച്ചത്. ഇതിനായി പുതിയ ഡിവിഷന് തുടങ്ങാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇലോണ്‍ മസ്കിന്റെ ടെസ്ല, ചൈനീസ് കമ്പനി നിയോ തുടങ്ങിയവ അടക്കമുള്ള വാഹന നിര്‍മാതാക്കള്‍ക്ക് എതിരെയായിരിക്കും ഷഓമി മത്സരിക്കുക. നിയോ ഇടി7 മോഡലിന് 1000 കിലോമീറ്റര്‍ റെയ്ഞ്ച് ഇപ്പോള്‍ത്തന്നെ ഉണ്ടെന്നു പറയുന്നു. ഇതില്‍ 150kW ബാറ്ററി പാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.
∙പ്ലേ സ്റ്റോറില്‍ ടെലഗ്രാം ആപ്പിന് 100 കോടി ഡൗണ്‍ലോഡ്
സന്ദേശക്കൈമാറ്റ ആപ്പായ ടെലഗ്രാമിന് ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ 100 കോടി ഡൗണ്‍ലോഡ് കഴിഞ്ഞു. ഇത് ലോകത്തെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായി പേരെടുത്ത വാട്സാപ്പിന് കടുത്ത ആശങ്കയുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
∙ യൂറോപ്പില്‍ മെറ്റാവേഴ്സിനായി 10,000 പേരെ ഫെയ്സ്ബുക് ജോലിക്കെടുത്തേക്കും
ഫെയ്സ്ബുക്കിന്റെ വൻ പദ്ധതിയായ മെറ്റാവേഴ്സ് സൃഷ്ടിക്കാൻ യൂറോപ്പില്‍ 10,000 പേരെ ജോലിക്കെടുത്തേക്കുമെന്ന് എപി റിപ്പോര്‍ട്ടു ചെയ്യുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനിടയിലായിരിക്കും ഇത്രയധികം പേര്‍ക്ക് തൊഴില്‍ നല്‍കുക.
∙ഇന്ത്യയുടെ ആദ്യത്തെ ക്രിപ്റ്റോ ടോക്കണ്‍ സല്മാണ് ഖാന് പുറത്തിറക്കി
വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ ചിങ്ഗാരിയുടെ ക്രിപ്റ്റോ ടോക്കണായ ഗാരി (ചില വെബ്സൈറ്റുകള്‍ $GARI എന്നും എഴുതിയിട്ടുണ്ട്) ബോളിവുഡ് നടന് സല്മാന് ഖാന് പുറത്തിറക്കി. ഗാരി എന്‍എഫ്ടിയുടെ ബ്രാന്‍ഡ് അംബാസഡറും ഖാന് ആയിരിക്കും. രാജ്യത്ത് കണ്ടെന്റ് ക്രിയേഷനില്‍ നിന്ന് വരുമാനം ഉണ്ടാക്കാനുള്ള പുതിയ അധ്യായമാണ് തുറന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ തുടരുമെന്ന ചൈന
രാജ്യത്തെ ഇന്റര്‍നെറ്റിനുമേല്‍ കൊണ്ടുവന്നിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ചൈനീസ് സർക്കാർ പറഞ്ഞുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ആലിബാബ, ടെന്‍സന്റ് തുടങ്ങി പല ചൈനീസ് ഭീമന്മാരും കീഴടങ്ങിയതായും റിപ്പോര്‍ട്ടിലുണ്ട്.
∙ഐഒഎസ് 15.1 ഒക്ടോബര്‍ 25ന്
ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസിന്റെ 15.1 ഒക്ടോബര്‍ 25ന് പുറത്തിറക്കും. ഐഫോണ്‍ 13 ഉടമകള്‍ക്കുള്ള പ്രോറെസ് വിഡിയോ റെക്കോഡിങ് ഫീച്ചറടക്കം പലതും ഈ അപ്ഡേറ്റില്‍ ഉണ്ടായിരിക്കുമെന്നു കരുതുന്നു.