മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്സ് സഹപ്രവർത്തകയെ വഴിവിട്ട ബന്ധത്തിനായി ഇമെയിലിലൂടെ ശല്യം ചെയ്തിരുന്നതായി റിപ്പോർട്ട്. ഇതേസംഭവത്തിൽ അന്ന് തന്നെ മൈക്രോസോഫ്റ്റ് ബോർഡ് അംഗങ്ങള്‍ ഗേറ്റ്സിനെ താക്കീത് ചെയ്തിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ജീവനക്കാരിമായുള്ള ബന്ധം പുറത്തുവന്നതിനെ തുടർന്നാണ് 2020 ൽ ബിൽഗേറ്റ്സ് കമ്പനിയുടെ പ്രധാന സ്ഥാനത്തുനിന്ന് രാജിവച്ചത്.
ജീവനക്കാരിയുടെ പരാതിയിൽ 2008ലാണ് ഗേറ്റ്സിനെ താക്കീതു ചെയ്തത്. 2007 ൽ ബിൽഗേറ്റ്സ് സഹപ്രവർത്തകയുമായി നിരന്തരം ചാറ്റ് ചെയ്യുകയും പുറത്തേക്ക് ക്ഷണിക്കുകയും ചെയ്തെന്നാണ് ആരോപണം. മൈക്രോസോഫ്റ്റ് വക്താവ് തന്നെയാണ് ഈ റിപ്പോർട്ട് സ്ഥിരീകരിച്ചത്. മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ബ്രാഡ് സമിത്തും മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥനുമാണ് ജീവനക്കാരിയുടെ മെയിലുകൾ പരിശോധിച്ച് ഗേറ്റ്സിനു മുന്നറിയിപ്പ് നൽകിയത്.
2007 ൽ മൈക്രോസോഫ്റ്റിന്റെ മുഴുവൻ സമയ ജീവനക്കാരനും പ്രസിഡന്റുമായിരുന്നു ഗേറ്റ്സ്. എന്നാൽ, സഹപ്രവർത്തകയുമായി മറ്റുതരത്തിലുള്ള ബന്ധങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല. ഇതിനാലാണ് ഗേറ്റ്സ് മറ്റു ശിക്ഷാനടപടികളില്‍ നിന്ന് രക്ഷപ്പെട്ടത്. എന്നാൽ, ഈ ആരോപണം ബിൽഗേറ്റ്സിന്റെ ഓഫിസ് തള്ളി. എന്നാൽ, വിദേശ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം ഗേറ്റ്സ് വസ്തുതകൾ സമ്മതിക്കുകയും ഇനി അത് ആവർത്തിക്കില്ലെന്ന് പറയുകയും ചെയ്തുവെന്നാണ് അറിയുന്നത്.2008 ൽ പ്രസിഡന്റ് സ്ഥാനം രാജിവച്ച് 2020 മാർച്ച് വരെ മൈക്രോസോഫ്റ്റിന്റെ ഡയറക്ടർ ബോർഡിൽ ഗേറ്റ്സ് തുടർന്നു. ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളായ ഗേറ്റ്സും ഭാര്യ മെലിൻഡയും വിവാഹമോചനം പ്രഖ്യാപിച്ചതും അടുത്തിടെയാണ്.
സഹപ്രവര്‍ത്തകയുമായുള്ള അതിരുവിട്ട ബന്ധങ്ങളാണ് ബില്‍ ഗേറ്റ്സിന്റെ മൈക്രോസോഫ്റ്റില്‍ നിന്നുള്ള രാജിക്ക് കാരണമായതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് വന്നിരുന്നു. പരാതിയെ തുടര്‍ന്ന് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ മൈക്രോസോഫ്റ്റ് ഉന്നതാധികാര സമിതിയില്‍ ബില്‍ഗേറ്റ്സ് തുടരുന്നതിനെ മൈക്രോസോഫ്റ്റ് ബോര്‍ഡ് എതിര്‍ത്തിരുന്നു. ഇതാണ് ബില്‍ ഗേറ്റ്സിന്റെ മൈക്രോസോഫ്റ്റില്‍ നിന്നു പെട്ടെന്നുള്ള രാജിക്ക് കാരണമായത്.
തനിക്ക് ബില്‍ഗേറ്റ്സുമായി വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന മൈക്രോസോഫ്റ്റ് എൻജിനീയറുടെ കത്തും വൻ വിവാദമായിരുന്നു. മൈക്രോസോഫ്റ്റിനു പുറത്തുനിന്നുള്ള അന്വേഷണ ഏജന്‍സിയാണ് ഈ വിഷയം അന്വേഷിച്ചത്. അന്വേഷണകാലയളവില്‍ ആരോപണം ഉന്നയിച്ച ജീവനക്കാരിക്ക് വേണ്ട പിന്തുണ മൈക്രോസോഫ്റ്റ് നല്‍കുകയും ചെയ്തിരുന്നു.
മൈക്രോസോഫ്റ്റ് ബോര്‍ഡിന്റെ അന്വേഷണം പൂര്‍ത്തിയാകും മുൻപ് തന്നെ ബില്‍ഗേറ്റ്സ് മൈക്രോസോഫ്റ്റില്‍ നിന്നു രാജിവച്ചിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്നാണ് സ്ഥാനമൊഴിയുമ്പോള്‍ ബില്‍ ഗേറ്റ്സ് പറഞ്ഞത്. എന്നാല്‍ അതിനപ്പുറത്തുള്ള കാരണങ്ങളായിരുന്നു രാജിയിലേക്ക് നയിച്ചതെന്ന സൂചനകളാണ് ഈ വിവാദത്തോടെ പുറത്തുവന്നത്.
‘തന്റെ ജീവനക്കാരുമായി ചോദ്യം ചെയ്യപ്പെടേണ്ട വിധത്തിലുള്ള ബന്ധമാണ്’ ബില്‍ ഗേറ്റ്സ് പുലര്‍ത്തിയിരുന്നതെന്ന് നേരത്തെ ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ടു ചെയ്തിരുന്നു. മൈക്രോസോഫ്റ്റിലേയും ബില്‍ ആൻഡ് മെലിന്റ ഗേറ്റ്സ് ഫൗണ്ടേഷനിലേയും വനിതാ സഹപ്രവര്‍ത്തകരുമായി വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ ബില്‍ ഗേറ്റ്സ് ഇഷ്ടപ്പെട്ടിരുന്നുവെന്ന് ബില്‍ ഗേറ്റ്സുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ദ ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയില്‍ പറഞ്ഞിരുന്നു