പുതിയ ആർവി 400 വൈദ്യുത മോട്ടോർ സൈക്കിളിനുള്ള ബുക്കിങ്ങുകൾ വ്യാഴാഴ്ച) ഉച്ചയ്ക്കു 12ന് പുനഃരാരംഭിക്കുമെന്നു നിർമാതാക്കളായ റിവോൾട്ട് മോട്ടോഴ്സ്. മൂന്നു നിറങ്ങളിൽ ലഭിക്കുന്ന ആർവി 400 ബുക്ക് ചെയ്യാൻ രാജ്യത്തെ 70 നഗരങ്ങളിൽ സൗകര്യമുണ്ടാവുമെന്നും കമ്പനി അറിയിച്ചു. മെട്രോ നഗരങ്ങളായ ഡൽഹിക്കും മുംബൈയ്ക്കും കൊൽക്കത്തയ്ക്കും ചെന്നൈയ്ക്കും പുറമെ രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളായ ഹൂബ്ലി, ബെൽഗാം(കർണാടകം), ഹൽദ്വാനി(ഉത്തരാണ്ട്), വാറങ്കൽ(തെലങ്കാന), തിരുപ്പതി(ആന്ധ്ര പ്രദേശ്), കർണാൽ, പാനിപ്പത്ത്(ഹരിയാന), വാപി (ഗുജറാത്ത്), സൊലൻ(ഹിമാചർ പ്രദേശ്) തുടങ്ങിയ സ്ഥലങ്ങളിലും ബൈക്ക് ബുക്ക് ചെയ്യാൻ അവസരമുണ്ട്.
സാങ്കേതികവിദ്യയുടെയും സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും ധാരാളിത്തം മൂലം ഇന്ത്യയിൽ നിർമിത ബുദ്ധി സഹിതമെത്തുന്ന ആദ്യ മോട്ടോർ സൈക്കിൾ എന്നാണു ആർ വി 400 ബൈക്കിനെ റിവോൾട്ട് മോട്ടോഴ്സ് വിശേഷിപ്പിക്കുന്നത്. ബൈക്കിനെ നിയന്ത്രിക്കാനായി മൈ റിവോൾട്ട് എന്ന മൈബൈൽ ആപ്ലിക്കേഷനും റിവോൾട്ട് മോട്ടോഴ്സ് ലഭ്യമാക്കുന്നു. ഈ മൊബൈൽ ആപ്പിൽ ബൈക്ക് ലൊക്കേറ്റർ/ജിയോ ഫെൻസിങ് സംവിധാനങ്ങളും ഇഷ്ടമുള്ള ശബ്ദം ക്രമീകരിക്കാനുള്ള അവസരവും ബൈക്ക് ഡയഗ്ണോസ്റ്റിക്സ്, ബാറ്ററി സ്റ്റേറ്റസ്, റൈഡ് ഡാറ്റ വിവരങ്ങളും നിർമാതാക്കൾ സജ്ജീകരിച്ചിട്ടുണ്ട്.
ബൈക്കിനു കരുത്തേകുന്നത് 72 വോൾട്ട്, 3.24 കിലോവാട്ട് അവർ ലിതിയം അയോൺ ബാറ്ററിക്കൊപ്പമെത്തുന്ന മൂന്നു കിലോവാട്ട്(മിഡ് ഡ്രൈവ്) മോട്ടോറാണ്; മണിക്കൂറിൽ 85 കിലോമീറ്ററാണു ബൈക്കിനു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. ഇകോ, നോർമൽ, സ്പോർട് എന്നീ മൂന്നു റൈഡിങ് മോഡ് സഹിതമാണു മോട്ടോർ സൈക്കിൾ എത്തുന്നത്. മുൻ സസ്പെൻഷനായി അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ പൂർണമായും ക്രമീകരിക്കാവുന്ന മോണോ ഷോക്കുമാണ് ഘടിപ്പിച്ചിരിക്കുന്നത്.
ഒറ്റ ചാർജിൽ 150 കിലോമീറ്റർ പിന്നിടാൻ ഈ വൈദ്യുത മോട്ടോർ സൈക്കിളിനാവുമെന്നാണു റിവോൾട്ട് മോട്ടോഴ്സിന്റെ വാഗ്ദാനം. കോസ്മിക് ബ്ലാക്ക്, റിബൽ റെഡ്, മിസ്റ്റ് ഗ്രേ നിറങ്ങളിലാവും വൈദ്യുത ബൈക്ക് വിൽപ്പനയ്ക്കെത്തുക. ഹരിയാനയിലെ മനേസാറിലുള്ള ശാലയിലാണു റിവോൾട്ട് മോട്ടോഴ്സ് ആർ വി 400 മോട്ടോർ സൈക്കിളുകൾ നിർമിക്കുന്നത്.