ഉത്സവകാലം പ്രമാണിച്ചു കണ്ക്ടിവിറ്റി വിഭാഗത്തിലും കാഴ്ചയിലും പരിഷ്കാരങ്ങളുമായി വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ഇന്നോവ ക്രിസ്റ്റയ്ക്കു പരിമിതകാല പതിപ്പ് ഒരുക്കി ടൊയോട്ട കിർലോക്സർ മോട്ടോർ(ടി കെ എം). ആപ്പ്ൾ കാർ പ്ലേയ്ക്കും ആൻഡ്രോയ്ഡ് ഓട്ടോയ്ക്കുമൊപ്പം ആധുനിക കണക്ടിവിറ്റി ഫംക്ഷൻ സഹിതമുള്ള പുതിയ ഡിസ്പ്ലേയും ഇന്നോവ ക്രിസ്റ്റയുടെ പരിമിതകാല പതിപ്പിൽ ഇടംപിടിക്കുന്നുണ്ട്.
ഡ്രൈവിങ്ങിൽ സഹായിക്കാനും പാർക്കിങ് എളുപ്പത്തിലാക്കാനുമായി വാഹനത്തിനു ചുറ്റുമുള്ള മികച്ച കാഴ്ച ഉറപ്പാക്കാൻ മൾട്ടി ടെറെയ്ൻ മോണിട്ട(360 ഡിഗ്രി കാമറ)റും ലഭ്യമാക്കിയിട്ടുണ്ട്. ഹെഡ് അപ് ഡിസ്പ്ലേ, ടയർ പ്രഷർ മോണിട്ടറിങ് സിസ്റ്റം, വയർലെസ് ചാർജർ, എയർ അയണൈസർ, 16 ആകർഷക വർണങ്ങളിലുള്ള ഡോർ എഡ്ജ് ലൈറ്റിങ് എന്നിവയും ഈ പ്രത്യേക പതിപ്പിലുണ്ട്.
മികച്ച സുരക്ഷയ്ക്കായി ഏഴ് എസ് ആർ എസ് എയർബാഗ്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ഇകോ–പവർ ഡ്രൈവിങ് മോഡ്, ക്രൂസ് കൺട്രോൾ എന്നിവയും ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡീഷനിലുണ്ട്. അതേസമയം, സാങ്കേതികവിദ്യയിലെയും കാഴ്ചയിലെയും മാറ്റങ്ങൾക്കപ്പുറം സാങ്കേതിക വിഭാഗത്തിൽ വ്യത്യാസമൊന്നുമില്ലാതെയാണ് ഈ പരിമിതകാല പതിപ്പിന്റെയും വരവ്.
അവതരണവേള മുതൽ എം പി വി വിഭാഗത്തിലെ നേതൃസ്ഥാനം ‘ഇന്നോവ’യ്ക്കു സ്വന്തമാണെന്നു ടൊയോട്ട കിർലോസ്കർ മോട്ടോർ സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിങ് വിഭാഗം അസോസിയറ്റ് ജനറൽ മാനേജർ വി വൈസ്ലൈൻ സിഗമണി അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ, ആഡംബരം, യാത്രാസുഖം, സൗകര്യം എന്നിവയ്ക്കൊപ്പം ടൊയോട്ടയുടെ ഗുണമേന്മ, ദൃഢത, വിശ്വാസ്യത എന്നിവയിലുമായി ഈ ‘ഇന്നോവ ക്രിസ്റ്റ’യിൽ നൂറോളം പുതുമകളും പരിഷ്കാരങ്ങളും അവതരിപ്പിക്കാനാണു കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.