ഗ്രാൻസ, അർബൻ ക്രൂസർ, ഉടൻ പുറത്തിറങ്ങുന്ന ബെൽറ്റ… ടൊയോട്ടയുടെ ബ്രാൻഡ് നാമത്തിൽ പുറത്തിറക്കുന്ന മാരുതി കാറുകൾ ഇന്ത്യൻ വിപണിയിലെ കാഴ്ചയായിട്ട് അധികം കാലമായില്ല. സുസുക്കിയും ടൊയോട്ടയും കൈകോർത്തപ്പോൾ ഇന്ത്യയിൽ ബ്രാൻഡ് മാറി ഒരേ വണ്ടികൾ പുറത്തിറങ്ങി. ഇത്രയും കാലം മാരുതിയുടെ നിലവിലെ വാഹനങ്ങൾ ടൊയോട്ട ബ്രാൻഡിൽ വില്‍ക്കുകയായിരുന്നെങ്കില്‍ ചെറു എസ്‍യുവി വിപണിയിൽ ഹ്യുണ്ടേയ് ക്രേറ്റ, കിയ സെല്‍റ്റോസ് തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കുന്ന ചെറു എസ്‍യുവി ടൊയോട്ടയും മാരുതിയും ചേർന്ന് വികസിപ്പിക്കുന്നു.
ഏതാണ്ട് ഒരു വര്‍ഷത്തോളമായി ഈ പ്രീമിയം എസ്‌യുവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സുസുക്കിയും ടൊയോട്ടയും തമ്മില്‍ ആരംഭിച്ചിട്ട്. പ്രെോഡക്ട് ഡവലപ്‌മെന്റ്, ഡിസൈന്‍, എൻജിനീയറിങ് തുടങ്ങി ഈ വാഹനത്തിന്റെ നിർമാണത്തിലെ ഓരോ ഘട്ടത്തിലും മാരുതിയുടെ മാതൃ കമ്പനിയായ സുസുക്കിയും ടൊയോട്ടയും സഹകരിക്കുന്നുണ്ട്. മാരുതിയുടെ റിസര്‍ച്ച് ആൻഡ് ഡവലപ്‌മെന്റ് ടീമും ഈ വാഹനത്തിന്റെ നിർമാണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. അടുത്തവര്‍ഷം രണ്ടാം പാതിയോടെ ഈ ടൊയോട്ട- സുസുക്കി പ്രീമിയം എസ്‌യുവി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. റീ ബ്രാൻഡിങ് മാത്രമാക്കാതെ വ്യക്തമായ മാറ്റങ്ങളോടെയായിരിക്കും എസ്‍യുവി ഇരു കമ്പനികളും വിപണിയിലെത്തിക്കുക.
വൈദ്യുതി – ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടുന്ന വാഹനങ്ങളുടെ നിർമാണത്തിനായി 26,000 കോടിയുടെ പ്രൊഡക്‌ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതും ടൊയോട്ട-സുസുക്കി സഹകരണത്തിന്റെ വേഗത വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോളിലും വൈദ്യുതിയിലും ഓടുന്ന ഹൈബ്രിഡ് വാഹനങ്ങള്‍ നിർമിക്കുകയായിരുന്നു ഈ കമ്പനികളുടെ ആദ്യ ലക്ഷ്യം. എന്നാല്‍ സര്‍ക്കാര്‍ സഹായ പദ്ധതി പ്രഖ്യാപിച്ചതോടെ വൈദ്യുതി വാഹനങ്ങളിലേക്ക് ഇവര്‍ ചുവടുമാറ്റുകയായിരുന്നു. ഇപ്പോഴും അന്തിമ രൂപമായിട്ടില്ലെങ്കിലും ഇരു കമ്പനികളും സഹകരിച്ചുള്ള പ്രീമിയം എസ്‌യുവിയെന്നത് ഉറപ്പിക്കാമെന്നാണ് റിപ്പോർട്ടുകൾ.
പ്രീമിയം എസ്‌യുവികള്‍ പോലുള്ള വാഹനങ്ങളുടെ നിർമാണ പ്രക്രിയ ചെലവേറിയതാണ്. ആദ്യ വാഹനം പുറത്തിറക്കും മുമ്പ് ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും മറ്റുമായി മാത്രം 1000 കോടി രൂപയോളമാണ് ചെലവ് കണക്കുകൂട്ടുന്നത്. ഇന്ത്യയിലെ മുന്‍നിര കാര്‍ കമ്പനികളായ ടൊയോട്ടയും സുസുക്കിയും കൈ കോര്‍ക്കുമ്പോള്‍ ഇരു കമ്പനികളുടേയും അഭിമാന പദ്ധതി കൂടിയായി അത് മാറുകയാണ്. കൂടാതെ ഈ ജാപ്പനീസ് കൂട്ടായ്മ ഇന്ത്യയില്‍ ഹൈബ്രിഡ്, വൈദ്യുതി വാഹനങ്ങള്‍ക്ക് ഗുണമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.