തിരുവനന്തപുരം : വി. ഷിനിലാലിൻ്റെ നോവൽ 124 ഇന്ത്യ മുഴുവൻ വായിക്കുകയും ചർച്ച ചെയ്യപ്പെടുകയും വേണ്ട കൃതിയാണെന്ന് എസ്.ഹരീഷ് പറഞ്ഞു. അടിയന്തിരാവസ്ഥക്കാലത്ത് നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന് എഴുത്തുകാരോട് ചോദിക്കാറുണ്ട്. ഇതേ ചോദ്യം നാളെയും ചോദിക്കപ്പെടും. അന്നത്തേക്കുള്ള ഷിനിലാലിൻ്റെ മറുപടിയാണ് 124.
നെടുമങ്ങാട് ടൗൺ ഹാളിൽ സ്മൃതി സാംസ്കാരിക വേദി സംഘടിപ്പിച്ച പരിപാടിയിൽ പുസ്തക പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹരീഷ്. വിവർത്തക കബനി. സി. പുസ്തകം ഏറ്റുവാങ്ങി. ലളിതമായ ഭാഷയിൽ ഫിക്ഷനും നോൺ ഫിക്ഷനും തിരിച്ചറിയാനാവാത്ത വിധം സമന്വയിപ്പിച്ച സൃഷ്ടിയാണ് 124 എന്ന് കബനി അഭിപ്രായപ്പെട്ടു.
ഡോ: ബി.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രദീപ് പനങ്ങാട്, ഡോ. ചായം ധർമ്മരാജൻ, സലിൻ മങ്കുഴി, ഇരിഞ്ചയം രവി, ഡോ.മനോജ് വെള്ളനാട്, അനിൽ വേങ്കോട്, എന്നിവർ സംസാരിച്ചു. സ്മൃതി സെക്രട്ടറി സാനു മോഹൻ സ്വാഗതവും പ്രസിഡൻ്റ് സതീശൻ നന്ദിയും പറഞ്ഞു.