ദിവസംതോറും കുതിച്ചുകയറുന്ന ഇന്ധനവില കുറയ്ക്കാനോ നിയന്ത്രിക്കാനോ സർക്കാരുകൾ നടപടിയെടുക്കുന്നില്ലെന്ന വ്യാപകപരാതികൾക്കിടെ, പെട്രോൾ വില 200 രൂപയിൽ എത്തിയാൽ ഇരുചക്രവാഹനങ്ങളിൽ 3 പേരെ അനുവദിക്കാമെന്ന പ്രസ്താവനയുമായി അസം ബിജെപി സംസ്ഥാന അധ്യക്ഷൻ ബബീഷ് കലിത. തമുൽപുരിൽ നടത്തിയ പ്രസംഗത്തിലാണ് പരാമർശം.
ഇരുചക്രവാഹനത്തിൽ മൂന്നു പേർക്കു സഞ്ചരിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുവാദം വേണമെന്നും വാഹന നിർമാതാക്കൾ മൂന്നു സീറ്റുള്ള വാഹനം നിർമിക്കണമെന്നും കലിത കൂട്ടിച്ചേർത്തു. അസമിൽ മന്ത്രിയായിരുന്ന ബബീഷ് കലിത കഴിഞ്ഞ ജൂണിലാണ് സംസ്ഥാന അധ്യക്ഷനായി സ്ഥാനമേറ്റത്. ആഡംബര കാറുകൾ ഉപേക്ഷിച്ച് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കണമെന്നു മുൻപ് കലിത അഭ്യർഥിച്ചിരുന്നു.
ഇരുചക്രവാഹനങ്ങളിൽ മൂന്നു പേരെ കയറ്റാം എന്ന പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. ഇതാണോ മോദിയുടെ അച്ഛാ ദിൻ എന്ന ചോദ്യമുന്നയിച്ച കോൺഗ്രസ്, വിലക്കയറ്റത്തിൽ ഒന്നും ചെയ്യാതെ ബിജെപി കൈയും കെട്ടി നോക്കി നിൽക്കുകയാണെന്നും ആരോപിക്കുന്നു.