നാദാപുരം∙ കല്ലാച്ചി ടാക്സി സ്റ്റാൻഡിനു സമീപത്തെ എ.കെ.കേളുവിന്റെ റിൻസി ജ്വല്ലറിയിൽ നിന്ന് 55 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്ന കേസിൽ കണ്ണൂരിൽ അറസ്റ്റിലായ തമിഴ്നാട്ടുകാരനായ പ്രതി മഞ്ചുനാഥിനെ നാദാപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങി ഇൻസ്പെക്ടർ ഫായിസ് അലിയുടെ നേതൃത്വത്തിൽ ജ്വല്ലറിയിൽ എത്തിച്ചു തെളിവെടുപ്പു നടത്തി 2018 ഡിസംബർ 3ന് പുലർച്ചെ മഞ്ചുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ചുമർ കുത്തിത്തുറന്ന് ലോക്കറിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണവും 6 കിലോ വെള്ളിയും കവർന്നെന്നാണ് കേസ്.
പ്രധാന പ്രതികളായ സൂര്യ, അഞ്ചുപുലി, രാജ എന്നിവരെ അന്നത്തെ നാദാപുരം എസ്ഐ എൻ.പ്രജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയും മോഷണ മുതലുകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.കണ്ണൂർ ടൗണിൽ യുവതിയുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മഞ്ചുനാഥിനെ കണ്ണൂർ ടൗൺ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കല്ലാച്ചി ജ്വല്ലറിക്കേസിലും പ്രതിയാണ് എന്ന് അറിഞ്ഞത്. റിമാൻഡിൽ കഴിയുന്നതിനിടെ കോടതിയാണ് 3 ദിവസത്തേക്ക് ഇയാളെ കസ്റ്റഡിയിൽ വിട്ടത്.