പാവറട്ടി ∙ ചേലൂർ പോത്തൻകുന്നിന്റെ ഭാഗം കനത്ത മഴയിൽ വൻ ശബ്ദത്തോടെ ഇടിഞ്ഞുവീണു. ഉരുൾപ്പൊട്ടൽ ഭീഷണിയുണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന് എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്സിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എത്തിയ സമയത്താണ് അപകടം സംഭവിച്ചത് സംഘം ആദ്യം എത്തിയ സ്ഥലത്താണു വൻതോതിൽ കല്ലും മണ്ണും വന്നുപതിച്ചതു .ആത്ഭുതകരമായാണ് സംഘം രക്ഷപ്പെട്ടത് .
ഇവിടെ നിന്നു മറ്റൊരു ഇടത്തേക്കു മാറി 5 മിനിറ്റിനുള്ളിലായിരുന്നു ഇത്. തലനാരിഴയ്ക്കു രക്ഷപ്പെട്ട ആശ്വസത്തിലാണു സംഘം. എളവള്ളി, കണ്ടാണശേരി പഞ്ചായത്തുകളിലായി കിടക്കുന്ന ഈ സ്ഥലം വലിയ ചെങ്കൽ മടയാണ്. 30 മീറ്ററിലേറെ താഴ്ചയിൽ ചെങ്കൽ വെട്ടിയ ഇവിടെ വലിയ ഗർത്തങ്ങളാണ്. വൻ തോതിൽ വെള്ളം കെട്ടിനിൽക്കുകയും ചെയ്യുന്നു. ഉറപ്പ് കുറവുള്ള മണ്ണായതിനാൽ മൊത്തം ഇടിയാൻ സാധ്യതയേറെയാണ്. കുന്നിന്റെ പല ഭാഗങ്ങളിൽ നിന്നു ജലം കിനിഞ്ഞ് ഇറങ്ങുന്നുണ്ട്.
ഒട്ടേറെ വീടുകളാണു കുന്നിനു ചുറ്റുമുള്ളത്. കുന്നിന്റെ അപകടാവസ്ഥ പരിശോധിക്കുന്നതിന് അടിയന്തരമായി വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നു ജില്ല കലക്ടറോട് ആവശ്യപ്പെടുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മുരളി പെരുനെല്ലി എംഎൽഎയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും യോഗം ഉടനെ വിളിച്ചുചേർക്കുന്നതിനും തീരുമാനിച്ചു