കൊക്കയാർ ∙‘വീടു തകർന്ന് പാഠപുസ്തകങ്ങൾ മുഴുവൻ ഒലിച്ചുപോയി. ഓൺലൈൻ ക്ലാസ് നാളെ തുടങ്ങും. ഞാൻ ഇനി എങ്ങനെ പഠിക്കും? ’– ദുരിതാശ്വാസ ക്യാംപിൽ എത്തുന്നവരുടെ മുന്നിൽ അനന്തപത്മനാഭൻ ഉയർത്തുന്ന ചോദ്യമിതാണ്.മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിലെ 9ാം ക്ലാസ് വിദ്യാർഥിയാണ് അനന്തപത്മനാഭൻ. നാരകംപുഴ ചന്ദക്കടവ് ഭാഗത്ത് താമസിച്ചിരുന്ന അനന്തപത്മനാഭന്റെ വീട് തകർന്നു. ഇരമ്പിയെത്തിയ മലവെള്ളം പുസ്തകങ്ങൾ ഒന്നടങ്കം വിഴുങ്ങി.
മാതാവ് ജലജയും സഹോദരനും ഉൾപ്പെടെ ദിവസങ്ങളായി കൂട്ടിക്കൽ സെന്റ് ലൂക്ക്സ് സിഎസ്ഐ ദേവാലയത്തിലെ ക്യാംപിൽ കഴിയുകയാണ്
ക്യാംപ് സന്ദർശിക്കാൻ എത്തിയ സിപിഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, പ്രകാശ് ബാബു എന്നിവരടങ്ങുന്ന സംഘം അനന്തന്റെ സങ്കടകഥ കേട്ടു. പന്ന്യൻ സ്ഥലത്ത് ഉണ്ടായിരുന്ന പഞ്ചായത്ത് അംഗങ്ങൾ, സാമൂഹിക പ്രവർത്തക ജിജിമോൾ എന്നിവർക്ക് കുട്ടിയുടെ പഠനം മുടങ്ങാതിരിക്കാൻ ഉടനടി പുസ്തകങ്ങൾ എത്തിക്കാൻ നിർദേശം നൽകി.