പത്തനംതിട്ട ∙ 2018ലെ പ്രളയശേഷം കേന്ദ്ര ജലകമ്മിഷൻ നിഷ്കർഷിച്ച പുതിയ റൂൾ കർവ് ഇക്കുറി കക്കി – ആനത്തോട് ഡാമിൽ അണക്കെട്ട് പ്രേരിത പ്രളയമെന്ന പരാതി ഒഴിവാക്കാൻ ഏറെ സഹായകമായെന്ന് വിദഗ്ധർ. മഴക്കാലത്ത് അപ്രതീക്ഷിത തീവ്രമഴ ഉണ്ടായാൽ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുടെ 10 ശതമാനത്തോളം സ്ഥലം ഒഴിച്ചിട്ട് ബാക്കി ഭാഗം നിറയാൻ അനുവദിക്കുന്ന ഡാം മാനേജ്മെന്റ് രീതിയാണിത്. മഴ, നീരൊഴുക്ക്, ഉൽപാദനം, നദിയിലെ പ്രളയ സ്ഥിതി തുടങ്ങിയ പല ഘടകങ്ങൾ കോർത്തിണക്കി തത്സമയം നിർധാരണം ചെയ്തെടുക്കുന്ന ഏകകമാണിത്. ജൂൺ 1 മുതൽ മേയ് 31 വരെ നീളുന്ന ജലവർഷ കലണ്ടറിനെ അടിസ്ഥാനമാക്കിയാണ് കർവ് നിശ്ചയിക്കുന്നത്.
നിയമം 4 ഡാമുകൾക്ക്
200 ദശലക്ഷം ഘനമീറ്റർ വരെ ശേഷിയുള്ള ഡാമുകൾക്കാണ് റൂൾ കർവ് ബാധകം. ഇടുക്കി, കക്കി, ബാണാസുര സാഗർ, ഇടമലയാർ എന്നീ ഡാമുകൾക്കാണ് സംസ്ഥാനത്ത് റൂൾ കർവ് നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് കക്കിയിൽ ജൂൺ മാസത്തിൽ 54 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കണം. ഒക്ടോബറിൽ ഉൽപാദനം 79 ദശലക്ഷം യൂണിറ്റാക്കും.
മാർച്ച്– മേയ് കാലത്ത് ഉൽപാദനം 192 ദശലക്ഷമാക്കുന്നതോടെ ഡാം കാലിയാകും. സമുദ്രനിരപ്പിൽ നിന്ന് 908 മീറ്റർ എന്ന നിലയിലേക്ക് ജലനിരപ്പ് അപ്പോൾ താഴും. 896 മീറ്ററാണ് കക്കിയുടെ അടിത്തട്ടു നിരപ്പ്. അതേസമയം, കക്കി 100 ശതമാനം നിറയുക എന്നു പറഞ്ഞാൽ 981 മീറ്റർ എന്ന പരമാവധി ശേഷിയിലേക്ക് ജലനിരപ്പ് ഉയരുക എന്നാണ് അർഥം. ഇതിനിടയിലെ 85 മീറ്ററാണ് കക്കി ഡാമിന്റെ ആഴം.
പരമാവധി നിറയുക നവംബറിൽ
പുതിയ റൂൾ കർവ് പ്രകാരം ജൂണിൽ 80 ശതമാനം, ജൂലൈ 84, ഓഗസ്റ്റ് 87, സെപ്റ്റംബർ 89, ഒക്ടോബർ 93–96, നവംബർ 98–100 ശതമാനം എന്ന രീതിയിൽ കക്കിയിൽ ജലം സംഭരിക്കാം. ഇതിനപ്പുറത്തേക്ക് വെള്ളം ഉയർന്നാൽ ഡാം തുറക്കണം. തീവ്രമഴയെ സംബന്ധിച്ച കാലാവസ്ഥാ വകുപ്പിന്റെയു മറ്റും പ്രവചനത്തിൽ നേരിയ പാകപ്പിഴകൾ സ്വാഭാവികമായതിനാൽ കെഎസ്ഇബിയിലെ ഡാം മാനേജ്മെന്റ് വിദഗ്ധർ കൂടി ഇടപെട്ടാണ് പുതിയ റൂൾ കർവ് നിശ്ചയിച്ചിരിക്കുന്നത്. തത്സമയ കാലാവസ്ഥ കൂടി നിരീക്ഷിക്കേണ്ട സങ്കീർണ നടപടിയാണിത്.
കക്കി മികച്ച മഴ കിട്ടിയ ഡാം
കക്കി ഡാമിന്റെ മഴപ്രദേശത്താണ് ഈ വർഷം ഏറ്റവുമധികം വേനൽമഴ ലഭിച്ചതെന്നും കണക്കുകളിൽ പറയുന്നു. പതിവിലും ഒന്നര മടങ്ങ് അധികമഴയായിരുന്നു. പമ്പാ ജലസേചന പദ്ധതിയുടെ മണിയാർ അണക്കെട്ടിലേക്ക് ഉൾപ്പെടെ ജലം എത്തിക്കുന്ന സുപ്രധാന അണക്കെട്ടാണ് കക്കി. രണ്ടു ദിവസം കനാലിലൂടെ ഒഴുക്കാനുള്ള വെള്ളമേ മണിയാറിൽ നിറയ്ക്കാനാവൂ. പിന്നീട് കക്കിയിൽ നിന്നെത്തി വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം പുറത്തേക്കു വിടുന്ന ജലമാണ് മണിയാറിനെ നിലനിർത്തുന്നത്.
തുറക്കൽ വൈകിച്ചു; പ്രളയം ഒഴിവാക്കാൻ
ശേഷിയുടെ 80 ശതമാനം കഴിഞ്ഞയുടൻ ഇക്കുറി കക്കി – ആനത്തോട് ഡാം തുറക്കാനുള്ള നടപടി ആരംഭിച്ചു. എന്നാൽ കനത്ത മഴ പ്രതീക്ഷിക്കാത്ത സമയമാണെങ്കിൽ റൂൾ കർവിനും മുകളിലേക്കു പോയാലും ഡാം ഉടൻ തുറക്കണമെന്നില്ല. വിദഗ്ധ സമിതിക്ക് ഇതു സംബന്ധിച്ചു തീരുമാനമെടുക്കാം. കക്കിയിൽ ഇത് ഇക്കുറി പരീക്ഷിച്ചു. കനത്ത മഴ പെയ്ത് ഡാമിലേക്കുള്ള നീരൊഴുക്കു വർധിച്ചെങ്കിലും ഡാം തുറക്കുന്നത് വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരം ഒരു ദിവസം കൂടി നീട്ടിവച്ചു.
കാരണം പമ്പാ നദി കനത്ത പ്രളയത്തിൽ അമർന്നിരിക്കുന്ന സമയത്ത് നിയന്ത്രിത തോതിലാണെങ്കിലും ഡാമിലെ ജലം എത്തുന്നത് ജനങ്ങളുടെ ദുരിതം വർധിപ്പിക്കുമെന്നതു മുന്നിൽ കണ്ടായിരുന്നു അധികൃതരുടെ തീരുമാനം. ഇതുമൂലം മഴ മാറിയ തിങ്കളാഴ്ച രാവിലെയാണ് ഡാം ഷട്ടറുകൾ തുറന്നത്. 2 ഷട്ടറുകൾ 60 സെമീ വീതം തുറന്നു വച്ചപ്പോൾ സെക്കൻഡിൽ 100 ഘനമീറ്റർ ജലം പുറത്തേക്ക് ഒഴുകി.
ഇതിന്റെ ഫലമായി പമ്പാനദിയിൽ കാര്യമായ തോതിൽ ജലനിരപ്പ് ഉയരുകയോ ജനങ്ങൾക്ക് ഇതുമൂലം ദുരിതമുണ്ടാവുകയോ ചെയ്തില്ല എന്നത് ഫലപ്രദമായ ദുരന്തനിവാരണ നടപടിയായെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ 2018ൽ ഇതു സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു