പരവൂർ ∙ മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കിയ ആളെ ഒരു മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. നെടുങ്ങോലം സ്വദേശിയായ മുപ്പത്തഞ്ചുകാരനെയാണ് പിടികൂടിയത്. തിങ്കൾ രാത്രി 9 ന് ആണ് ഇയാൾ തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കുകയായിരുന്നു ..
48 മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്തും എന്നായിരുന്നു അയാൾ പോലീസിനെ അറിയിച്ചത് . തുടർന്നുള്ള പരിശോധനയിൽ, വിളിച്ചയാൾ പരവൂർ സ്വദേശിയാണെന്നു പോലീസ് കണ്ടെത്തി. പിന്നാലെ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ എ.നിസാർ, സബ് ഇൻസ്പെക്ടർ നിതിൻ നളൻ, സിപിഒമാരായ സായിറാം, രാജേഷ്, രതീഷ് എന്നിവർ ഇയാളുടെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.
ഇയാളുടെ സ്വന്തം ഫോണിൽ നിന്നാണ് വിളിച്ചത്. ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അന്വേഷണത്തിൽ ഇയാൾ മാനസിക പ്രശ്നമുള്ള ആളാണെന്നും 15 വർഷമായി ചികിത്സയിലാണെന്നും പോലീസ് കണ്ടെത്തി . ഇയാളെ പൊലീസ് ഇന്നലെ രാവിലെ തിരുവനന്തപുരം പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.