തിരുവനന്തപുരം ∙ തലസ്ഥാനത്ത് കിള്ളിപ്പാലത്ത് ലോഡ്ജിൽ റെയ്ഡിന് എത്തിയ പൊലീസിന് നേരെ നാലംഗ കഞ്ചാവ് സംഘം നാടൻ പടക്കമെറിഞ്ഞു. ആക്രമണത്തിൽ പൊലീസുകാർ പരുക്കേൽക്കാതെ രക്ഷപ്പെടു കയായിരുന്നു . അക്രമത്തിന് പിന്നാലെ കഞ്ചാവ് സംഘത്തിലെ രണ്ടു പേർ പൊലീസുകാരെ കബളിപ്പിച്ചു ഓടി രക്ഷപ്പെട്ടു. ലോഡ്ജ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനി ഉൾപ്പെടെ രണ്ടു പേരെ പൊലീസ് തന്ത്രപൂർവം പിടികൂടി. നെടുങ്കാട് കടയ്ക്കൽ യോഗീശ്വരാലയത്തിൽ രജീഷ് (22), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് പൊലീസ് പിടിയിലായത്.
മുറിയിൽ നിന്ന് 5 കിലോ കഞ്ചാവ്, രണ്ടു ഗ്രാം എംഡിഎംഎ, രണ്ടു പെല്ലറ്റ് ഗൺ, ഒരു ലൈറ്റർ ഗൺ, രണ്ടു വെട്ടുകത്തി, 5 മൊബൈൽ ഫോൺ എന്നിവ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 12.15 ന് സിറ്റി നർകോട്ടിക് സെൽ സംഘവും കരമന പൊലീസും കിള്ളിപ്പാലം കിളളി ടവേഴ്സ് ലോഡ്ജിലെ നൂറ്റി നാലാം നമ്പർ മുറിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത പടക്കമേറ്. ഇതിന് പിന്നാലെ ലോഡ്ജിലെ മൂന്നാം നിലയിൽ നിന്നും രണ്ടു പേർ ചാടി രക്ഷപ്പെട്ടു. ഒരാൾ ബാൽക്കണി വഴിയും മറ്റൊരാൾ താഴേക്ക് ചാടിയുമാണ് രക്ഷപ്പെട്ടത്. ഇവർ നഗരത്തിലെ വൻകിട കഞ്ചാവ് – ക്വട്ടേഷൻ സംഘത്തിലെ കണ്ണികളാണെന്നു പൊലീസ് പറഞ്ഞു.
പടക്കമേറിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതികളിൽ ഒരാളുടെ സിസിടിവി ദ്യശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഷർട്ട് ധരിക്കാതെ ടെയിൽ പാകിയ റോഡിലൂടെ ഓടുന്ന ദ്യശ്യമാണ് പുറത്ത് വന്നത്. ഇയാൾ ഒരു കടയിൽ ഒളിക്കാൻ ശ്രമിക്കുന്നതും സമീപത്തെ ഓട്ടോ റിക്ഷ സ്റ്റാൻഡിൽ എത്തി പേരൂർക്കട ഭാഗത്തേക്ക് പോകണമെന്നു പറയുന്നതും ദ്യശ്യങ്ങളിലുണ്ട്. തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട രണ്ടുപേർക്കായി നഗരത്തിലും പുറത്തും തിരച്ചിൽ വ്യാപകമാക്കി. ലോഡ്ജിൽ കഞ്ചാവ് വിൽപന സംഘമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധനയ്ക്കായി എത്തിയത്.
പിടിയിലായ രജീഷിന്റെ പേരിലാണ് ലോഡ്ജിൽ മുറിയെടുത്തിരുന്നത്. അടിപിടി , മോഷണ കേസുകളിൽ രജീഷ് പ്രതിയാണെന്നു പൊലീസ് അറിയിച്ചു. മറ്റു കഞ്ചാവ് സംഘങ്ങളിൽ നിന്നുള്ള ആക്രമണം ചെറുക്കാനും പൊലീസിനെ ആക്രമിക്കാനുമാണ് സംഘം ആയുധങ്ങൾ കൈവശം സൂക്ഷിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം. മറ്റു ലഹരിമരുന്ന് സംഘങ്ങളിൽ നിന്ന് ഇവർക്ക് ഭീഷണിയുണ്ടായിരുന്നോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവർക്ക് കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘങ്ങളെ കുറിച്ചും അന്വേഷണം ആരംഭിച്ചു