കെ.പി. കറുപ്പനെ കുറിച്ച് എഴുത്തുകാരൻ എം രാജീവ് കുമാർ എഴുതുന്നു.
മറ്റുള്ള കോളേജ് അദ്ധ്യാപകർ മുഴുവൻ ശമ്പളം വാങ്ങുമ്പോൾ മലയാളം അദ്ധ്യാപകർ അരമുറി ശമ്പളം പറ്റി കോളേജിന്റെ മൂലയിലെവിടെങ്കിലും ഇട്ടുകൊടുത്ത മേശക്കരികിൽ കസേരയുമിട്ട്, നാട്ടുഭാഷാ സൂപ്രണ്ടന്മാരായി ജന്മനാട്ടിൽ ഇരിക്കേണ്ടിവന്ന ഒരു ഗതികെട്ട കാലം കേരളത്തിലുണ്ടായിരുന്നു. രാജകുടുംബത്തിലുള എ.ആർ. രാജരാജവർമ്മ അങ്ങനെ യൂണിവേഴ്സിറ്റി കോളജിൽ നാട്ടുഭാഷാ സൂപ്രണ്ടായതു കൊണ്ടാണ് ഇന്ന് മലയാളത്തിനൊരു വ്യാകരണമുണ്ടായത് ” കേരള പാണിനീയം. ”
വ്യവസ്ഥയും വെള്ളിയാഴ്ചയുമൊക്കെ ഭാഷക്ക് വേണ്ടതു് നല്ലതു തന്നെ! എന്നാൽ സായ്പന്മാർ വന്ന് മാതൃഭാഷയെ മൂലക്കിരുത്തിയ കാലത്തേക്കാൾ സ്ഥിതിയൊന്നും ഇന്നും മാറിയിട്ടില്ല. സായ്പന്മാരുടെ സ്ഥാനം ഐ.എ.എസ്സുകാരേറ്റെടുത്തെന്ന് മാത്രം. എ.ബി.സി അറിഞ്ഞുകൂടാത്ത ഭരണാധിപന്മാരുടെ മുന്നിൽ തല ചൊറിഞ്ഞു നിന്നിട്ട് പണിപറ്റിക്കുന്നവന്മാരാണ് ലവന്മാർ.
“ചട്ടമെല്ലാം ഞങ്ങൾ നടപ്പിലാക്കിക്കൊള്ളാം അല്ലാതെ ഞങ്ങളെന്തിനാ ചെരക്കാനോ സെക്രട്ടേറിയറ്റിലിരിക്കുന്നത്. അവന്റമ്മേടെ ഒരു മലയാളം ” എന്ന് ഉള്ളാലെ നണ്ണി ,മലയാളത്തിലുള്ള നടപടി ഇംഗ്ലീഷിൽ നടപ്പാക്കുകയും ചെയ്യുന്ന ലവന്മാരുടെ തന്തമാരുടെ കാലത്ത് നടന്ന കാര്യമാണ് ഇനി പറയാൻ തുടങ്ങുന്നത്.തിരുവിതാംകൂറിൽ മലയാളം സൂപ്രണ്ടായി എ.ആർ. രാജരാജവർമ്മയെ വച്ചെങ്കിൽ കൊച്ചിയിൽ അധകൃത മലയാളത്തിന് അങ്ങനെ തന്നെ ഒരാളെത്തന്നെ വച്ചു.
ജാതിവാഴ്ച കേരളത്തിൽ ഫണം വിടർത്തി നിൽക്കുന്ന കാലമാണ്. കൊച്ചി രാജാവ് കെ.പി. കറുപ്പൻ എന്ന സൽസ്വഭാവിയും വിനയാന്വിതനുമായ ഒരു ധീവര സമുദായക്കാരനെ നാട്ടു ഭാഷാ സൂപ്രണ്ടായി എറണാകുളം മഹാരാജാസ് കോളേജിൽ നിയമിച്ചു.ആളു ചില്ലറക്കാരനല്ല.മലയാളത്തിലും സംസ്കൃതത്തിലും പുലിയായിരുന്നു. പുലിയല്ല ധ്രുവക്കരടി. പതുങ്ങി ഇരുന്നോളും….
1885 മേയ് 24 ന് ഇടപ്പള്ളിക്കടുത്ത് ചേരാനെല്ലൂരിൽ ജനിച്ച കെ.പി. കറുപ്പൻ കൊച്ചീരാജാവിന്റെ പ്രോത്സാ ഹനത്തിൽ വളർന്നുവന്ന ആളാണ്. സ്വപരിശ്രമത്താൽ ഇംഗ്ലീഷും പഠിച്ചു. നാമനിർദ്ദേശം വഴി കൊച്ചി നിയമസഭാംഗവുമായിരുന്നു.നാട്ടു ഭാഷാ സൂപ്രണ്ടിന്റെ പദവിക്കു പുറമേ കൊച്ചി ഭാഷാപരിഷ്ക്കരണക്കമ്മറ്റിയുടെ കാര്യദർശി യുമായിരുന്നു.
ഗദ്യത്തിലും പദ്യത്തിലുമായി ഇരുപതോളം കൃതികൾ എഴുതി. കറുപ്പന്റെ കൃതികളെ ” പ്രസന്ന പ്രൗഢസരസങ്ങളായി “ട്ടാണ് കേരള സാഹിത്യ ചരിത്രത്തിൽ ഉള്ളൂർ അടയാളപ്പെടുത്തുന്നത്. “അധിവാസനക്കാരനായ കവി ” എന്നും ഉള്ളൂരിന്റെ ഒരു നിരീക്ഷണമുണ്ട്. എന്താണിതിന്റെ വ്യാഖ്യാനമെന്നു മഹാകവി സാമിന്റെ പരിഷ്ക്കരിച്ച പതിപ്പിൽ കാണുമായിരിക്കും.
പാണ്ഡിത്യത്തോടൊപ്പം വിനയവും മര്യാദയും സ്വഭാവ നൈർമ്മല്യവുമുള്ള കവിയായിരുന്നു കെ.പി. കറുപ്പൻ.അധസ്ഥിതരുടെ ഉന്നമനമായിരുന്നു അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം. “ജാതിക്കുമ്മി ” എന്ന ഒറ്റ കൃതി മതിയല്ലോ കറുപ്പന് സാഹിത്യ ചരിത്രത്തിൽ നെഞ്ച് വിരിച്ച് നിൽക്കാൻ.
ശ്രീശങ്കരാചര്യരുടെ “മനീഷാപഞ്ചകം” സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ പൊളിച്ചെഴുതുക എന്നൊക്കെപ്പറഞ്ഞാൽ ആളൊരു ധ്രുവക്കരടി തന്നെ! ഭാവത്തിലും രൂപത്തിലും നവീനത്വം തുളുമ്പുന്ന ഒരു മുഗ്ദ്ധമോഹന കാവ്യശിൽപ്പം!
വായിക്കുമ്പോൾ സങ്കടം വരുന്നൊരു കൃതിയുണ്ട്, “ഉദ്യാനവിരുന്ന് “സ്ഥാനത്യാഗം ചെയ്ത കൊച്ചീ രാജാവിന്റെ പൂർണ്ണകായ പ്രതിമ മദ്രാസ്സ് ഗവർണ്ണർ ഘോഷാൽപ്രഭു 1925 ഒക്ടോബറിൽ അനാഛാദനം ചെയ്തു. ആ ഉദ്ഘാടനത്തിനുശേഷമുള്ള ഉദ്യാനവിരുന്നിൽ കൊച്ചിയിലെ സകലമാന ഉദ്യോഗസ്ഥന്മാ രെയും അവരുടെ ശിങ്കിടിക കളേയും വിളിച്ചു.എന്നിട്ടും കൊച്ചി നിയമസഭാംഗമായിരുന്നിട്ടു പോലും കെ.പി. കറുപ്പനെ വിളിച്ചില്ല. അതിൽ മനം നൊന്ത് ശാർദ്ദൂലവിക്രീഡിതത്തിൽ എഴുതിയ 20 ശ്ലോകങ്ങളാണ് “ഉദ്യാനവിരുന്നി “ലുള്ളത്. ഓരോ മുക്തകങ്ങൾ.
ദീനതയോടെ താൻ എന്തപരാധമാണ് ചെയ്തതെന്നു താഴ്മയോടെ ചോദിക്കുകയാണ് കെ.പി. കറുപ്പൻ ആ കൃതിയിൽ.അത് വായിച്ചു കഴിഞ്ഞാൽ നമുക്ക് തോന്നും ഏത് കോത്താഴത്തെ രാജാവാണ് ഇത് ചെയ്തതെന്ന്.! അത്രയ്ക്ക് അലിവാർന്ന അരുമയാന കൃതി.ഇനി കെ.പി. കറുപ്പന്റെ സാഹിത്യ ജീവിതത്തിൽ ഏറെ ഒച്ചപ്പാടുണ്ടാക്കിയ ഒരു കൃതിയെപ്പറ്റി പറയാം. “ബാലാകലാശം “മൂന്ന് അങ്കത്തിലുള്ള ഒരു നാടകമാണിത്. കൊച്ചിയെ ബാലയായും രാജാവിനെ കലേശനായും കൽപ്പിച്ച് എഴുതിയ പ്രതിരൂപാത്മക നാടകം. ഭരണം കാലോചിതമായി പരിഷ്ക്കരിക്കണമെന്നും വിദേശ ഇറക്കുമതി കുറക്കണമെന്നും വിദ്യാഭ്യാസ സൗജന്യം നൽകി കീഴാളരെ ഉദ്ധരിക്കണമെന്നും തീണ്ടൽ മുതലായ ആചാരങ്ങളെ നിയമം മൂലം നിരോധിക്കണമെന്നും നാടകത്തിലൂടെ പറയുക ചില്ലറ കാര്യമാണോ? അതും ധീവരനായ ഒരു നാട്ടു ഭാഷാസൂപ്രണ്ട് കേറി രാജാവിനെ പഠിപ്പിക്കുകയോ?.
കേരള വർമ്മ അമ്മാച്ചനും എ.ആർ.രാജരാജവർമ്മ മരുമകനും ഈ നാടകത്തെ പ്രശംസിച്ചപ്പോൾ ദേശാഭിമാനി രാമകൃഷ്ണപിള്ള തനി ജാതിക്കൊണം കാണിച്ചു. കെ.പി. കറുപ്പന്റെ നാടകത്തെ
വലിച്ചു കീറി ഒട്ടിച്ചു. ദേശാഭിമാനി എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ജാതീയമായ പക്ഷപാതമല്ലേ കെ. രാമകൃഷ്ണപിള്ള കാണിച്ചത്.? ആ നെയ്യാറ്റിൻകരനായരെ പിൻതുണച്ചു കൊണ്ട് തിരുവിതാംകൂറിലെ സകല നായന്മാരും അണിനിരന്നു. സി.വി.രാമൻ പിള്ളയേയും സരസകവിമണി കെ.സി.കേശവപിള്ളയേയും കണ്ണുനീർത്തുള്ളി കർത്താവ് നാലപ്പാട്ട് നല്ലനായർ നാരായണ മേനോനെയും വരെ രാമകൃഷ്ണപിള്ള വിമർശിച്ചിരിക്കുന്നു. പിന്നെ കെ.പി. കറുപ്പനെ വിമർശിച്ചതിൽ എന്താണ് അനൗചിത്യം!
പണ്ട് കുട്ടികൃഷ്ണമാരാർ വി.ഉണ്ണിക്കൃഷ്ണൻ നായരെന്ന കവിയെ കീറിയൊട്ടിച്ചതറിയാമോ?
വനകുസുമത്തിലെ “ഗോകുലാഷ്ടമി ” എന്ന കവിത എടുത്തു വച്ച് വള്ളത്തോളിന്റെ മോഷണമാണെന്നു പറഞ്ഞതു്. ചാതക ശബ്ദം രണ്ടിലും ഉണ്ടെന്ന കാര്യത്തിൽ തൂങ്ങി. അതിനു കാരണം ഇഷ്ടമില്ലാത്തൊരുത്തൻ അതിനെ സ്തുതിച്ചതു കൊണ്ടാണ്.നിരൂപണം അങ്ങനെയാണ്! തരം പോലെ അങ്ങ് തിരിയും.അയയിലിട്ട കോണകംപോലെ കാറ്റിനൊത്ത് മാറും. ഡി.സി. യ്ക്കൊത്ത് കുളിക്കാനും മാതൃ ഭൂമിയോടൊപ്പം കിടക്കാനും ചിന്തക്കൊപ്പം ഉറങ്ങാനും നിമിഷ നേരം മതി. നിരുപണം ജാക്കി വച്ച് നിന്നോളും.
നിരൂപണം ഏതാണ്ട് കൂടെ നടന്ന ജോയിക്കുട്ടി പാലത്തുങ്കലിനെപ്പറ്റി കമാന്നൊരക്ഷരം മിണ്ടാതെ പോയി ഇന്ദ്രബാബു എന്ന പിഞ്ചിനെ മഹാകവിയാക്കി അവതരിപ്പിച്ച നിഷ്പക്ഷമതി കെ.പി. അപ്പനെപ്പോലെയാണ്.
ഇനി ഉദാഹരണം പറഞ്ഞ് നാറ്റിക്കുന്നില്ല.നമ്മൾ പറഞ്ഞു വന്നത് കെ.പി. കറുപ്പനെപ്പറ്റിയല്ലേ?
“കേരളത്തിലെ സാമുദായിക ഗാനകലകൾ ” എന്നൊരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. വിവിധ സമുദായങ്ങളിലെ 14 വിധം ഗാനകലകളെപ്പറ്റിയാണ്.ഇന്നതാരെങ്കിലും അടിച്ചു മാറ്റി അച്ചടിച്ചാൽ ആരും ചോദിക്കാൻ വരില്ല. ചൂടപ്പം പോലെ വിറ്റുപോകുകയും ചെയ്യും.1938 മാർച്ച് 23 ന് കെ.പി. കറുപ്പൻ അന്തരിച്ചതു കൊണ്ട് ആർക്കുവേണമെങ്കിലും പാട്ടും പാടി അതച്ചടിക്കാം.
കൊച്ചീരാജാവ് ” കവിതിലകൻ ” പദവി നൽകി കെ.പി. കറുപ്പന ആദരിച്ചു. തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാൾ ഒരു വൈരമോതിരം തന്നെ കറുപ്പന് സമ്മാനിച്ചുആദ്യകൃതി സംസ്കൃതത്തിലാണ് കറുപ്പൻ എഴുതിയത്. “സ്തോത്ര മന്ദാരം.” പിന്നെ , “കാളിയ മർദ്ദനം ” തുള്ളൽ, “എഡ്വേർഡ് വിജയം “നാടകം, “ലളിതോപഹാരം ” കിളിപ്പാട്ട്, “ആചാരഭൂഷണം “, “ശകുന്തള അഥവാ നിരാകൃതയായ നായിക”, “ശാകുന്തളം വഞ്ചിപ്പാട്ട് “, “കേളീ കൗതുകം. “, “ബാലോദ്യാനം”, “ചിത്രാല ങ്കാരം “, “പുതിയ നൈഷധം “, “ലങ്കാമർദ്ദനം “, “മഹാസമാധി”, “സൗദാമിനി, “പഞ്ചവടി”, “ഭാഷാഭൈമീ പരിണയം ” നാടകം…. എന്നിവയാണ് മറ്റ് കൃതികൾ!
വളരെ ലളിതമാണ് കെ.പി. കറുപ്പന്റെ കാവ്യശൈലി. രസനീയവും.
ഇത്രയൊക്കെ എഴുതിയ സ്ഥിതിക്ക് നാലുവരി കറുപ്പനെ പകർത്തി അടിവരയിടാം
” കരൾക്കാമ്പിളക്കുന്ന കാളിന്ദിയാറ്റിൽ/കരപ്പൂമരക്കാനനേ ഗോക്കളോടും/തരക്കാരൊടും കേളിയാടുന്ന കണ്ണൻ/തരട്ടേ, പരം മേ വരം മേഘവർണ്ണൻ “ഇനി വായിക്കുക 1978 ൽ പുറത്തിറക്കിയ “കെ.പി. കറുപ്പന്റെ കൃതികൾ “