കേളകം: കർണാടകയിൽനിന്ന് വഴിയോര കച്ചവടത്തിനായി മലയോരത്തെത്തിച്ച താറാവ് മുട്ട കൃത്രിമ മുട്ടയെന്ന സംശയത്തെത്തുടർന്ന് അമ്പായത്തോടിൽ, മുട്ട കയറ്റിവന്ന വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു.
തുടർന്ന് വാഹനങ്ങൾ കേളകം പൊലീസിൽ ഏൽപിച്ചു. ആന്ധ്ര രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിച്ച താറാവ് മുട്ടക്ക് ഒന്നിന് ആറു രൂപ നിരക്കിൽ കണ്ടപ്പുനത്ത് വിൽപനക്കെത്തിച്ചതായിരുന്നു. നാട്ടുകാരിൽ ഒരാളായ ചേലാട്ട് സനൽ, മുട്ട വേണം എന്നുപറഞ്ഞ് വാഹനത്തിനടുത്തെത്തി ഒരു മുട്ടയെടുത്ത് പൊട്ടിക്കുന്നത് കണ്ടതോടെ ഡ്രൈവർ വണ്ടിയെടുത്ത് കേളകം ഭാഗത്തേക്ക് ഓടിച്ചുപോയി.
ഇതോടെ സംശയം ബലപ്പെടുകയായിരുന്നു. തുടർന്ന് കേളകം പൊലീസിലും മറ്റുള്ള സ്ഥലങ്ങളിലെ നാട്ടുകാരെയും വിവരമറിയിച്ചതിെൻറ അടിസ്ഥാനത്തിൽ അമ്പായത്തോടുവെച്ച് മുട്ട വിൽപന നടത്തുന്ന ബൈക്ക് അടക്കം മൂന്ന് വാഹനങ്ങൾ നാട്ടുകാർ തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സാധാരണ താറാവ് മുട്ടയും ഇവരെത്തിച്ച മുട്ടയും തമ്മിൽ വ്യത്യാസങ്ങൾ കണ്ടെത്തുകയായിരുന്നു.
സാധാരണ മുട്ടകളേക്കാൾ കട്ടികൂടിയതാണ് ഇത്തരം മുട്ടകൾ. മുട്ടക്കുള്ളിൽ മഞ്ഞക്കരുവും വെള്ളയും തമ്മിൽ വേർതിരിവില്ല, കലങ്ങിയ ഒരു ദ്രാവകം ഒഴുകിവരുന്നു. തോടും വെള്ളയും തമ്മിൽ വേർതിരിക്കുമ്പോൾ റബർ പാടപോലെ പൊതിഞ്ഞിരിക്കുന്ന ആവരണം മുട്ടക്കുള്ളിൽ കണ്ടെത്താനാകുമെന്നതാണ് പ്രത്യേകത.
പാട കത്തിച്ചാൽ പ്ലാസ്റ്റിക്കിെൻറ മണവും. മറ്റൊരു പ്രത്യേകത, പച്ചമുട്ടയുടെ തോട് പുഴുങ്ങാതെ തന്നെ പൊളിക്കാനാകും എന്നതാണ്. തുടർന്ന് കേളകം പൊലീസ് അമ്പായത്തോടെത്തി തടഞ്ഞുവെച്ച വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി. മുട്ടയുടെ സാമ്പിളെടുത്ത് ആരോഗ്യ വിഭാഗത്തിന് കൈമാറുമെന്നും അതിനുശേഷം തുടർ നടപടി കൈക്കൊള്ളുമെന്നും പൊലീസ് അറിയിച്ചു.