കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിൽ പെൺകുട്ടിയുടെ മൊഴി പുറത്ത്. വീട്ടിലെ ചികിത്സ കേന്ദ്രത്തിൽ വെച്ച് മോൻസൻ നിരവധി തവണ പീഡിപ്പിച്ചു എന്നും, തന്നെ ഗർഭിണിയാക്കിയെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകി.
പരാതി നൽകാൻ ഒരുങ്ങിയപ്പോൾ മോൻസൻ്റെ വീട്ടിലെ ഗുണ്ടകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. വീട്ടിൽ ജോലിക്കു നിന്ന സ്ത്രീയുടെ പ്രായപൂർത്തിയാകാത്ത മകളെയാണ് മോൻസൻ ലൈംഗികമായി പീഡിപ്പിച്ചത്.
കുട്ടിയുടെ മാതാവ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കു നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. ഈ കേസ് മോൻസൻ്റെ മറ്റു കേസുകൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറി.
പെൺകുട്ടിക്ക് തുടർ വിദ്യാഭ്യാസത്തിനു സൗകര്യം ഒരുക്കാം എന്ന വാഗ്ദാനം നൽകി കലൂരിലെ വീട്ടിൽ വച്ചും മറ്റൊരു വീട്ടിൽ വച്ചും പീഡിപ്പിച്ചു എന്നാണ് പരാതി. പെൺകുട്ടിക്ക് 17 വയസുള്ളപ്പോഴായിരുന്നു പീഡനം. ഭയം മൂലം ഇത്രയും നാൾ സംഭവം മറച്ചു വയ്ക്കുകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ അമ്മ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.