കൽപറ്റ ∙ സ്കൂളുകൾ നവംബർ ഒന്നിനു തുറക്കാനിരിക്കെ ജില്ലയിലെ സ്കൂളുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി നെട്ടോട്ടത്തിൽ. ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ സ്കൂളുകൾക്കു തുറക്കാനാവില്ല. പല സ്കൂളുകളിലും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ജില്ലയിലെ 44 സ്കൂളുകൾക്ക് അറ്റകുറ്റപ്പണി ആവശ്യമാണ്. 15 സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികളും കുടിവെള്ള സൗകര്യങ്ങളുമില്ല. 13 സ്കൂളുകളിൽ ആസ്ബസ്റ്റോസ് ഷീറ്റുകൾ പാകിയ മേൽക്കൂരയ്ക്കു താഴെയാണ് അധ്യയനം.
ഫിറ്റ്നസ് ഇല്ലെങ്കിൽ പിടിവീഴും
സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിലെ എൻജിനീയറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റാണു വേണ്ടത്. എൽകെജി തൊട്ടുള്ള സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ള സ്കൂളിനു ബലക്ഷയം കാരണം അപകടം സംഭവിച്ചാൽ സർട്ടിഫിക്കറ്റ് നൽകിയ എൻജിനീയറും പ്രതിയാകും.
സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ പൊതുമരാമത്ത് വകുപ്പ് എൻജിനീയറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കണമെന്നു നേരത്തേ സർക്കാർ നിർദേശം നൽകിയിരുന്നതാണ്. എന്നാൽ, മിക്ക സ്കൂളുകളും ഇത് അവഗണിച്ചു.ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്നു ബാലാവകാശ കമ്മിഷൻ കഴിഞ്ഞ 2016 ജൂലൈയിൽ നിർദേശവും നൽകിയിരുന്നു.
തുടർന്നു സ്കൂൾ കെട്ടിടങ്ങൾക്കു പൊതുമരാമത്ത് വകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നു സർക്കാർ നിർദേശം നൽകി. ഇതു പരിശോധിക്കാൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാർക്കു നിർദേശവും നൽകി. എന്നാൽ, മിക്കയിടങ്ങളിലും പാലിക്കപ്പെട്ടില്ല.
സ്കൂൾതല ജാഗ്രതാ സമിതി യോഗം ഉടൻ ചേരണമെന്ന് നിർദേശം
കൽപറ്റ ∙ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ യോഗം ചേർന്നു. പഞ്ചായത്ത് എജ്യുക്കേഷൻ കമ്മിറ്റി, മുനിസിപ്പൽ എജ്യുക്കേഷൻ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ. സ്കൂൾതല ജാഗ്രതാ സമിതി യോഗങ്ങൾ നാളേയ്ക്കു മുൻപു പൂർത്തീകരിക്കാൻ യോഗം നിർദേശം നൽകി. സ്കൂൾതല ശുചീകരണ പ്രവർത്തനങ്ങൾ 23നു മുൻപു പൂർത്തീകരിക്കും.ജനപ്രതിനിധികൾ, എസ്എംസി, പിടിഎ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പാക്കും.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു ഡൊമിസിലിയറി കെയർ സെന്ററുകളായി പ്രവർത്തിച്ചിരുന്ന വിദ്യാലയങ്ങൾ, പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവ വീണ്ടെടുത്ത് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ അണുനശീകരണം നടത്തും. സ്കൂൾ പരിസരത്തെ ഉപയോഗശൂന്യമായ കെട്ടിടങ്ങൾ, അപകടകരമായ നിലയിലുള്ള മരങ്ങൾ എന്നിവ മുറിച്ചു നീക്കുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നതിന് വിദ്യാലയങ്ങൾ തദ്ദേശ സ്ഥാപന മേധാവികൾക്ക് അപേക്ഷ നൽകണം.
പട്ടികവർഗ വിദ്യാർഥികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിനായി വകുപ്പ് ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, പ്രമോട്ടർമാർ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേരും. വിദ്യാർഥികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി വിളിക്കും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗരേഖ പ്രകാരമുളള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. മുഹമ്മദ് ബഷീർ, എഡിഎം എൻ.ഐ. ഷാജു, ജില്ലാ പ്ലാനിങ് ഓഫിസർ വി.എസ്. ബിജു, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ പി. ജയരാജൻ, ഡപ്യൂട്ടി ഡിഎംഒ ഡോ.പി. ദിനീഷ്, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി. ലീല, ഡയറ്റ് പ്രിൻസിപ്പൽ ടി.കെ. അബ്ബാസ് അലി, ജില്ലാ വിദ്യാഭ്യാസ ഓഫിസർ സുനിൽകുമാർ, എസ്എസ്കെ പ്രോഗ്രാം കോഓർഡിനേറ്റർ പി.ജെ. ബിനേഷ്, ഐടിഡിപി പ്രോജക്റ്റ് ഓഫിസർ കെ.സി. ചെറിയാൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംകോഓർഡിനേറ്റർ വിൽസൺ തോമസ് തുടങ്ങിയവർ പങ്കെടുത്തു.