കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനു 96.5 ഏക്കർ ഉൾപ്പെടെ 248.75 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഉന്നതതല യോഗ തീരുമാനം. നേരത്തേ കേന്ദ്രം നിർദേശിച്ചിരുന്ന 152.25 ഏക്കറിനു പുറമേയാണ് റൺവേ വികസനത്തിനു 96.5 ഏക്കർകൂടി ഏറ്റെടുക്കാൻ 2 മന്ത്രിമാർ ഉൾപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം തീരുമാനിച്ചത്. ടെർമിനൽ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് 137 ഏക്കർ, ടെർമിനലിനു മുൻപിൽ കാർ പാർക്കിങ്ങിന് 15.25 ഏക്കർ എന്നിവ ഏറ്റെടുക്കാനായിരുന്നു കേന്ദ്രത്തിന്റെ പുതിയ നിർദേശം.
എന്നാൽ, റൺവേ വികസനമാണു പ്രധാനമെന്നു യോഗം വിലയിരുത്തി. 248.75 ഏക്കർ ഏറ്റെടുത്താൽ വിമാനത്താവളത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കാനാകുമെന്നു മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വി.അബ്ദുറഹിമാൻ എന്നിവർ അറിയിച്ചു. വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതിനു നിലവിൽ മറ്റു തടസ്സങ്ങളില്ല. വിമാനാപകട റിപ്പോർട്ടിൽ അപകട കാരണം വിമാനത്താവളത്തിന്റെയോ റൺവേയുടേയോ പ്രശ്നമല്ലെന്നു വ്യക്തമാണ്. ഈ സാഹചര്യത്തിൽ വലിയ വിമാനങ്ങൾക്കു സർവീസ് നടത്തുന്നതിനുള്ള നടപടികൾ പുനരാരംഭിക്കണമെന്നു കേന്ദ്ര വ്യോമയാന മന്ത്രിയോട് ആവശ്യപ്പെടും.
തീരുമാനങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും. തുടർന്നു കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ അറിയിക്കും.പരിസരവാസികളെ വിശ്വാസത്തിലെടുത്തു മതിയായ നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കും. പരമാവധി കുറച്ച് സ്ഥലംകൊണ്ടു വികസനം സാധ്യമാക്കുകയാണു ലക്ഷ്യമെന്നും പരിസ്ഥിതി ആഘാതമില്ലാതെ എങ്ങനെ വികസനം സാധ്യമാക്കാനാകുമെന്നു ചർച്ച ചെയ്യുമെന്നും മന്ത്രിമാർ പറഞ്ഞു. എംപിമാരായ എം.പി.അബ്ദുസ്സമദ് സമദാനി, ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ.രാഘവൻ, എംഎൽഎമാരായ ടി.വി.ഇബ്രാഹിം, പി.അബ്ദുൽ ഹമീദ്, കലക്ടർ വി.ആർ.പ്രേംകുമാർ, സബ് കലക്ടർ ശ്രീധന്യ സുരേഷ്
എയർപോർട്ട് ഡയറക്ടർ ആർ.മഹാലിംഗം, എയർപോർട്ട് ജോയിന്റ് ജനറൽ മാനേജർ കെ.മുഹമ്മദ് ഷാഹിദ്, കൊണ്ടോട്ടി നഗരസഭാധ്യക്ഷ സി.ടി.ഫാത്തിമത്ത് സുഹ്റാബി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാൻ മുഹമ്മദലി, കൊണ്ടോട്ടി നഗരസഭാ കൗൺസിലർ കെ.പി.ഫിറോസ്, പള്ളിക്കൽ പഞ്ചായത്ത് അംഗങ്ങളായ ലത്തീഫ് കൂട്ടാലുങ്ങൽ, ജമാൽ കരിപ്പൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. വിമാനത്താവള വളപ്പിൽനിന്നു മഴവെള്ളം കുത്തിയൊലിച്ചെത്തി പരിസരവാസികൾക്കുണ്ടാകുന്ന പ്രയാസം, വിമാനത്താവളത്തിലേക്കുള്ള വാഹന യാത്രാ സൗകര്യം വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്തു.
മറ്റൊരു വിമാനത്താവളം: നിർദേശം തള്ളി
കരിപ്പൂർ ∙ കരിപ്പൂരിനു പുറമേ, കോഴിക്കോട് കേന്ദ്രീകരിച്ച് മറ്റൊരു വിമാനത്താവളം എന്ന നിർദേശം ഉന്നതതല യോഗം തള്ളി. റൺവേ വികസനം വേണ്ടെന്ന കേന്ദ്ര തീരുമാനവും യോഗം തള്ളിക്കളഞ്ഞതായി മന്ത്രിമാർ അറിയിച്ചു. കോഴിക്കോട് വിമാനത്താവളം സംരക്ഷിക്കുകയാണു പ്രധാനമെന്നു യോഗം വിലയിരുത്തി. റൺവേ വികസനം ഇല്ലാതെ ടെർമിനൽ വികസനവും കാർ പാർക്കിങ് വികസനവും മാത്രമായി ഒതുക്കാനുള്ള കേന്ദ്ര നിർദേശം ഫലപ്രദമാകില്ലെന്നാണ് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്.