ചാലക്കുടി ∙ ഷോളയാർ ഡാം തുറന്നതിനെ തുടർന്ന് ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് കൂടുതൽ ഉയർന്നതോടെ കരളുലഞ്ഞ് നഗരസഭയിലെയും പരിസര പഞ്ചായത്തുകളിലെയും ജനം. നഗരസഭയ്ക്കു പുറമേ പരിയാരം, മേലൂർ, കൊരട്ടി, കാടുകുറ്റി, കോടശേരി പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവർക്കും ജാഗ്രതാ നിർദേശം നൽകി. പ്രശ്നബാധിത പ്രദേശങ്ങളിലുള്ളവരെ മാറ്റിത്താമസിപ്പിക്കാനാരംഭിച്ചു.
താലൂക്കിൽ 5 കേന്ദ്രങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ ആരംഭിച്ചു. പരിയാരം പഞ്ചായത്തിൽ 2 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. മംഗലൻ കോളനിയിലെ 16 കുടുംബങ്ങളെ പരിയാരം സെന്റ് ജെബിഎസ് എൽപി സ്കൂളിലേക്കു മാറ്റി. 60 പേരാണു ക്യാംപുലുള്ളത്. അർച്ചനപ്പാടം ഭാഗത്തെ 7 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റി.
കാഞ്ഞിരപ്പിള്ളി പട്ടികജാതി കോളനിയിൽ നിന്ന് 8 കുടുംബങ്ങളെ കൊന്നക്കുഴി ഗവ. എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയിരുന്നു. മലയിടിച്ചിൽ ഭീഷണിയുള്ള കോടശേരി പഞ്ചായത്തിലെ മേട്ടിപ്പാടം മാവിൻചുവട് ഭാഗത്ത് നിന്ന് 40 വീട്ടുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. കൂടുതൽ കുടുംബങ്ങളും ബന്ധുവീടുകളിലാണ് അഭയം തേടിയത്.