ആലുവ∙ ഇടുക്കി, ഇടമലയാർ അണക്കെട്ടുകൾ തുറക്കുമ്പോൾ വെള്ളം ഒരുമിച്ചു പെരിയാറിലേക്ക് ഒഴുകാതിരിക്കുന്നതിനു നടപടി സ്വീകരിക്കാൻ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് മുൻകരുതൽ എടുക്കുന്നതാണ് പെരിയാറിൽ ജലനിരപ്പ് ഉയർന്നാൽ വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തും. ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പു ക്രമീകരിക്കും. ഡാം അലർട്ടുകളുടെ പശ്ചാത്തലത്തിൽ ജില്ലയിലെ സാഹചര്യം വിലയിരുത്താനാണു മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചത്.
പുഴയിലെ വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള തടസ്സങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കണമെന്നു ജലസേചന വകുപ്പിനു മന്ത്രി നിർദേശം നൽകി. ഫിഷറീസ് വകുപ്പിന്റെയും വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെയും സഹകരണം ഉറപ്പാക്കണം. ദുരിതാശ്വാസ ക്യാംപുകളിൽ സന്നദ്ധ സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തണം. ആവശ്യം വന്നാൽ കളമശേരി പിഡബ്ല്യുഡി അതിഥി മന്ദിരത്തിൽ കൺട്രോൾ റൂം തുറന്നു പ്രവർത്തനം ഏകോപിപ്പിക്കാനും മന്ത്രി നിർദേശിച്ചു.
ഇടമലയാറിലെ ഷട്ടറുകൾ തുറന്നാൽ പെരിയാർ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത കൂടുതലാണ്. ഇവിടെ തദ്ദേശ സ്ഥാപനങ്ങൾ വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കണം. കെഎസ്ഇബിയും ജല അതോറിറ്റിയും വേണ്ടത്ര ജാഗ്രതാ നടപടി കൈക്കൊള്ളണം. കലക്ടർ ജാഫർ മാലിക്, റൂറൽ എസ്പി കെ. കാർത്തിക്, കൊച്ചി സിറ്റി എസിപി ഐശ്വര്യ ഡോങ്റെ, സബ് കലക്ടർ വിഷ്ണു രാജ്, എഡിഎം എസ്. ഷാജഹാൻ, തഹസിൽദാർ സത്യപാലൻ നായർ എന്നിവർ പങ്കെടുത്തു.
പെരിയാർ ജലനിരപ്പ് ഒരു മീറ്റർ ഉയർന്നേക്കാമെന്നു കലക്ടർ
കൊച്ചി∙ ഇടമലയാറിൽ നിന്നു പുറന്തള്ളുന്ന വെള്ളം രാവിലെ 8നു ഭൂതത്താൻകെട്ടിലും 12നു കാലടി, ആലുവ ഭാഗത്തും എത്തുമെന്നു പ്രതീക്ഷിക്കുന്നതായി കലക്ടർ ജാഫർ മാലിക്. ഇടുക്കി അണക്കെട്ടിൽ നിന്നു രാവിലെ 11നു പെരിയാറിലേക്കൊഴുക്കുന്ന ജലവും 4 മുതൽ 6 മണിക്കൂറിനുള്ളിൽ കാലടി, ആലുവ ഭാഗത്തെത്തും. ഈ അധിക ജലപ്രവാഹം പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയർത്തിയേക്കാം.
താഴ്ന്ന പ്രദേശങ്ങളിലുള്ളവർ പ്രത്യേകിച്ചും മറ്റുള്ളവർ പൊതുവെയും ജാഗ്രത പുലർത്തണം. രാവിലെ 6 മുതൽ ഓരോ മണിക്കൂർ വ്യത്യാസത്തിൽ ജലനിരപ്പ് പരസ്യപ്പെടുത്താൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഉയരുന്ന ജലനിരപ്പു ബാധിച്ചേക്കാവുന്ന പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കുന്നവർക്കായി ക്യാംപുകൾ ഒരുക്കിയിട്ടുണ്ട്. ക്യാംപുകളുമായി ബന്ധപ്പട്ട പരാതികൾ കൺട്രോൾ റൂം നമ്പറുകളിലോ കലക്ടറുടെ ഫെയ്സ്ബുക് പേജിൽ കമന്റ് ചെയ്തോ അറിയിക്കാമെന്നും ജാഫർ മാലിക് അറിയിച്ചു.