തൊടുപുഴ ∙ ശക്തമായ മഴയിൽ ഇടുക്കി അണക്കെട്ടിൽ 3 ദിവസത്തിനുള്ളിൽ 7 അടി വെള്ളമാണ് ഉയർന്നത്. വിവിധയിടങ്ങളിൽ ഉരുൾ പൊട്ടിയതാണ് ജലനിരപ്പ് ഉയരാൻ കാരണമായത് . 51.83 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അണക്കെട്ടിന്റെ അതിർത്തികൾ ഇടുക്കി, തൊടുപുഴ, പീരുമേട് താലൂക്കുകളിലായി വ്യാപിച്ചുകിടക്കുകയാണ്. ഈ താലൂക്കുകളിൽ പെയ്യുന്ന മഴയിൽ ഏറിയ ഭാഗവും ജലാശയത്തിലെത്തും.
ഒക്ടോബറിൽ ഇടുക്കിയിൽ 115 ശതമാനം അധിക മഴ ലഭിച്ചിട്ടുണ്ട്. ഇതും ജലനിരപ്പ് ഉയരാൻ കാരണമാണ് . കൂടാതെ കഴിഞ്ഞ രണ്ടു പ്രളയങ്ങളിൽ അണക്കെട്ടിനുള്ളിൽ ചെളിയും മണലും അടിഞ്ഞ് സംഭരണശേഷി കുറഞ്ഞിട്ടുണ്ട്. അടുത്തിടെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഡാമിൽ മുങ്ങിത്തപ്പിയ രക്ഷാപ്രവർത്തർ അടിത്തട്ടിൽ 6 അടിയിലേറെ ചെളി നിറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അണക്കെട്ടിന്റെ സംഭരണശേഷി കുറച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ഇടുക്കി അണക്കെട്ട്
∙ നിലവിലെ ജലനിരപ്പ് – 2397.52 അടി (വൈകിട്ട് 7 മണി)
∙ കഴിഞ്ഞ വർഷം ഇതേ ദിവസം ജലനിരപ്പ് – 2393.83 അടി
∙ പരമാവധി സംഭരണ ശേഷി – 2408.5 അടി
∙ അനുവദനീയമായ പരമാവധി ജലനിരപ്പ്– 2403 അടി
∙ നിലവിൽ സംഭരിച്ചിരിക്കുന്ന വെള്ളം– 1366.185 ദശലക്ഷം ക്യുബിക് മീറ്റർ (93.60%)
∙ ഇന്ന് ആദ്യം ഉയർത്തുക മധ്യഭാഗത്തെ ഷട്ടർ, തൊട്ടുപിന്നാലെ വലത്തെയറ്റത്തെയോ ഇടത്തെയറ്റത്തെയോ ഒരു ഷട്ടർ കൂടി ഉയർത്തും.
∙ ഡാം ഷട്ടർ : 40 അടി വീതിയും 30 അടി ഉയരവുമുണ്ട് ഓരോ ഷട്ടറിനും. സാധാരണയായി 50 സെന്റി മീറ്ററാണ് ആദ്യം ഷട്ടർ ഉയർത്തുക.
∙ ഡാം തുറന്നാൽ വെള്ളം അറബിക്കടലിൽ എത്താനെടുക്കുന്ന സമയം – 6 മണിക്കൂർ