മുണ്ടക്കയം ∙ പ്രളയത്തിൽ മുങ്ങിയ മുണ്ടക്കയം പുത്തൻചന്തയിലെ വീടുകളിൽ കുടുങ്ങിപ്പോയവരെ സാഹസികമായി രക്ഷപ്പെടുത്തിയത് കുറെ യുവാക്കൾ.ദൈവത്തിന്റെ കൈയൊപ്പ് പതിച്ച ചില യുവാക്കൾ; എവിടെനിന്ന് എന്നറിയാതെ അവർ രക്ഷകരായി എത്തുകയായിരുന്നു. രാത്രി മുഴുവൻ പെയ്ത മഴയും ഉരുൾ പൊട്ടലും മണിമലയാറിനെ രൗദ്രമാക്കിയിരുന്നു. പുഴയും തോടും കവിഞ്ഞ് വെള്ളം വീടുകളിലേക്ക് ഇരമ്പി. ആറ്റിറമ്പിലെ പല വീടുകളും പ്രളയം കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. പലരും ഉറക്കമുണരുമ്പോൾ വീട്ടുപടിക്കൽ തിരമാലകൾ പോലെ വെള്ളം അലയടിക്കുന്നു. ചെറിയ വെള്ളപ്പൊക്കങ്ങളുടെ ഓർമയിൽ ‘ഇതെത്ര കണ്ടിരിക്കുന്നു’ എന്ന മട്ടിൽ വീട്ടമ്മമാർ വീട്ടിൽ തന്നെ ഇരുന്നു.ഒരു നിമിഷത്തെ അബദ്ധം വലിയ വില അവർക്ക് കൊടുക്കേണ്ടി വന്നു .
വെള്ളം ഒരിക്കലും വീടിനുള്ളിലെത്തില്ലെന്നും കടന്നാൽത്തന്നെ മുകൾനിലയിലോ ടെറസിലോ ഇരുന്ന് രക്ഷപ്പെടാമെന്നും പലരും കരുതി.പക്ഷെ അത് വെറും പഴമോഹമായിരുന്നു. ദൂരസ്ഥലങ്ങളിൽ നിന്ന് മക്കളും അടുത്ത ബന്ധുക്കളും മൊബൈൽ ഫോണിൽ പലരെയും വിളിച്ച് വീടുപേക്ഷിച്ച് രക്ഷപ്പെടാൻ കെഞ്ചിപ്പറഞ്ഞു നോക്കിയെങ്കിലും എല്ലാം ഉപേക്ഷിച്ചു വെറും കയ്യോടെ ഇറങ്ങാൻ പലരും മടിച്ചു. ഇതിനിടെ മൊബൈൽ ഫോൺ ബന്ധവും അറ്റു. കാണെക്കാണെ വെള്ളം വീടിനുള്ളിലേക്ക് തള്ളിക്കയറി. സ്ത്രീകളും കുട്ടികളും മുകൾനിലയിലേക്ക് കോണിപ്പടികൾ കയറി. തൊട്ടുപിന്നാലെ വെള്ളവും പടികയറി വന്നു. ഒടുവിൽ പലരും ഒന്നാം നിലയിലും ടെറസിലും എത്തി. വൈകാതെ വെള്ളവും ടെറസിലെത്തി. പ്രളയം തങ്ങളെ വിഴുങ്ങാൻ പോകുന്നു എന്ന സത്യം അപ്പോഴാണ് പലരെയും തുറിച്ചു നോക്കിയത്നിർവഹിക്കാൻ പോലും വഴിയില്ല
സ്ത്രീകളും കുട്ടികളും കരഞ്ഞു നിലവിളിച്ചു. ചുറ്റും മഹാപ്രളയം. മലനാടാണ്. രക്ഷാപ്രവർത്തനത്തിന് ഈ നാട്ടിൽ വള്ളങ്ങൾ ഇല്ല. ആർത്തലച്ചു വരുന്ന വെള്ളത്തിലൂടെ രണ്ടു മൂന്നു യുവാക്കൾ വീർപ്പിച്ച ടയർ ട്യൂബും തള്ളി നീന്തി എത്തുന്നു. ട്യൂബിനു കുറുകെ ഒരാൾക്ക് ഇരിക്കാൻ പാകത്തിൽ തുണി കെട്ടിയിരുന്നു. പ്രായമായവർ ഉൾപ്പെടെ ഓരോരുത്തരെയായി ട്യൂബ് വഞ്ചിയിൽ കയറ്റിയിരുത്തി കെട്ടിവലിച്ച് അവർ കരയിൽ എത്തിച്ചു. നാട്ടുകാർ രക്ഷതേടി മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു വരെ വിളിച്ചു.
കലക്ടർക്കും ഫയർഫോഴ്സിനും തിരുവനന്തപുരത്തു നിന്ന് അടിയന്തിര സന്ദേശങ്ങൾ പറന്നു. പക്ഷേ മണിമലയാറിനും ഒരു തോടിനും ഇടയിൽ ഒറ്റപ്പെട്ട പ്രളയഭൂമിയിൽ ഒരു ഫയർഫോഴ്സ് എൻജിനു പോലും എത്താൻ പറ്റിയില്ല. നാട്ടിലെ കുറെ യുവാക്കൾ രക്ഷാദൗത്യസേനയായി മാറി. അവരുടെ കയ്യിലുള്ളതാകട്ടെ കാറ്റു നിറച്ച ഏതാനും ട്യൂബുകൾ മാത്രം. ഇന്നലെ വൈകിട്ട് ഈ ചെറുപ്പക്കാരിൽ ചിലരെ കണ്ടെത്തി.
പ്രളയത്തിൽ തകർന്ന സ്വന്തം വീടുകളിൽ നിന്ന് ശേഷിച്ച സാധനങ്ങൾ പെറുക്കിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു അവരിൽ പലരും. 2 യുവാക്കളുടെ വീടുകൾ നിശ്ശേഷം തകർന്നിരുന്നു. അവർക്ക് രക്ഷാപ്രവർത്തനത്തിന് ആരും ഒരു പരിശീലനവും നൽകിയിട്ടില്ല. ദുരിതാശ്വാസത്തിന്റെ ബാലപാഠം ഒരു സർവകലാശാലയിലും പഠിക്കാത്തവർ. ദൈവം തോന്നിപ്പിച്ചതു പോലെ കയ്യിൽ കിട്ടിയ ട്യൂബുകളിൽ കാറ്റു നിറച്ച് രക്ഷയ്ക്കായി വെള്ളത്തിലൂടെ നീന്തി എത്തുകയായിരുന്നു.
.