കണ്ണൂർ: വാഹനത്തിൻ്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയ പയ്യന്നൂര്‍ സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. എ എം വി ഐ കരിവെള്ളൂര്‍ തെരുവിലെ പി.വി.പ്രസാദിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം നാലോടെ എസ് ആര് ടി ഓഫീസിലെത്തിയ വിജിലന്‍സ് സംഘം എ എം വി ഐയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഏജന്റ് മുഖാന്തരമാണ് ഇയാള്‍ 6000 രൂപ കൈക്കൂലി വാങ്ങിയത്. വാഹനത്തിൻ്റെ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷകരോട് പണം ആവശ്യപ്പെട്ടിരുന്ന ഇയാള്‍ നിരീക്ഷണത്തിലായിരുന്നെന്ന് അന്വേഷണത്തിന് നേതൃത്വം നല്കിയ കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ് പി ബാബു പെരിങ്ങേത്ത് പറഞ്ഞു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനായി സെപ്റ്റംബര്‍ 29-ന് 3,000 രൂപയും ഒക്ടോബര്‍ ആദ്യം 6,000 രൂപയും ഇയാള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞമാസം ഇയാളെ പിടിക്കാന്‍ വിജിലന്‍സ് സംഘത്തിന് കഴിഞ്ഞില്ല. തിങ്കളാഴ്ച 6,000 രൂപയുമായി എത്താന്‍ എ.എം.വി.ഐ. ആവശ്യപ്പെട്ടതറിഞ്ഞ വിജിലന്‍സ് കെണിയൊരുക്കുകയായിരുന്നു. വിജിലന്‍സ് സംഘം നല്കിയ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ നോട്ടുകള്‍ അപേക്ഷകന് വൈകുന്നേരം മൂന്നോടെ കൈമാറി. പണം കൈപ്പറ്റിയ എ.എം.വി.ഐ. നിമിഷങ്ങള്‍ക്കകം ഇത് കൈമാറിയതായി വിജിലന്‍സ് സംഘം കണ്ടെത്തി.
കസ്റ്റഡിയിലെടുത്തപ്പോള്‍ ഇയാള്‍ ആദ്യം നിഷേധിച്ചെങ്കിലും രാസപരിശോധനയില്‍ കുറ്റം തെളിയുകയായിരുന്നു. പ്രസാദ് ഏഴുവര്‍ഷമായി മോട്ടോര്‍വാഹന വകുപ്പിലാണ് ജോലിചെയ്യുന്നത്. വാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്റ് ചെയ്ത കോപ്പികള്‍ ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുത്തു. ഉദ്യോഗസ്ഥൻ്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ 69,000 രൂപയും സ്ഥലം വാങ്ങിയതിൻ്റെതുള്പ്പെടെയുള്ള രേഖകളും കണ്ടെടുത്തു.
മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ പണം സര്‍ക്കാരിലേക്ക് കണ്ടുകെട്ടുമെന്നും മറ്റു രേഖകള്‍ വിശദമായി പരിശോധിക്കുമെന്നും വിജിലന്‍സ് സംഘം പറഞ്ഞു. വിജിലന്‍സ് ഇന്‍സ്പെക്ടര്‍ പി.ആര്.മനോജ്, എസ്.ഐ. കെ.പി.പങ്കജാക്ഷന്, എ.എസ്.ഐ.മാരായ പി.നിജേഷ്, എം.വി.വിനോദ്, പി.ബിജു, കെ.ശ്രീജിത്ത്, ജയശ്രീ, എസ്.സി.പി.ഒ.മാരായ എം.ഷൈജു, സജിത്ത് കൊതേരി, കെ.സുകേഷ്, കെ.നിതേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.