ഏനാത്ത് ∙ മഴയ്ക്കു ശമനമുണ്ടായെങ്കിലും കല്ലടയാറിൽ ജലനിരപ്പ് താഴ്ന്നില്ല. തീരം കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മണ്ണടി താഴത്ത് ഇടയം പാലം ഭാഗത്ത് നിന്ന് 11 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റി. കടമ്പനാട്- ഏഴംകുളം മിനി ഹൈവേയുടെ ഇരുവശത്തുമുള്ള ആറു വീടുകളിൽ പൂർണമായി വെള്ളം കയറി. ഇന്നലെ വൈകിട്ടോടെ നേരിയ തോതിൽ ജലനിരപ്പ് താണെങ്കിലും ഭീതി ഒഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇവിടെ വെള്ളം കയറിയത്. ദിവസങ്ങളായി വീട്ടുകാർ ജാഗ്രതയിലായിരുന്നു.
പുന്നക്കാട്, താഴത്ത് ഏലായിലെ കൃഷിയിടങ്ങൾ പൂർണമായി വെള്ളത്തിൽ മുങ്ങി, ഏലാകൾക്കരികിലെ വീടുകൾ പ്രളയഭീഷണിയിലാണ്. താഴത്ത് – പാണ്ടിമലപ്പുറം റോഡ് വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. ഏലായെ ആശ്രയിച്ച് കാലിവളർത്തൽ ശക്തമാണ്. മിക്ക വീടുകളിലെയും തൊഴുത്ത് വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് കർഷകർ പ്രതിസന്ധിയിലാണ്. ക്യാംപുകളിലേക്ക് മടങ്ങിയ ക്ഷീര കർഷകരും പ്രയാസത്തിലാണ്.
2018ലെ പ്രളയത്തിൽ തകർന്ന ഇടയംപാലത്തിനു സമീപം തോടിനു കരയിലെ പാലപ്പിള്ളി സരസ്വതിയുടെ പുതുക്കി നിർമിച്ച വീട് വെള്ളത്തിലായി. വീടിന്റെ ചുവരിനരികിലൂടെ ഒഴുകുന്ന തോടിനു സംരക്ഷണ ഭിത്തിയില്ലാത്തതുമൂലം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആറു കരകവിഞ്ഞെങ്കിലും ഏനാത്ത് കവലയിൽ വെള്ളപ്പൊക്ക ഭീഷണിയില്ല. മണ്ണടി റോഡിൽ ആറ്റുവെള്ളം കയറിയും സമീപത്തെ തോട് കര കവിഞ്ഞും താണ സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങി. കൃഷിയിടങ്ങളിലാണ് വെള്ളം കയറിയത്.
വീട് തകർന്നു
അടൂർ ∙ മഴയിൽ നഗരസഭയിൽ ഒരു വീടു കൂടി തകർന്നു. പന്നിവിഴ മുരിക്കിനാൽ തങ്കച്ചന്റെ വീടാണ് കഴിഞ്ഞ ദിവസം പുലർച്ചെ തകർന്നത്. ആളപായമില്ല. ഞായറാഴ്ച വൈകിട്ട് നഗരസഭയിലെ 15–ാം വാർഡിലും വീടിന്റെ അടുക്കള ഭാഗം മഴയിൽ തകർന്നു വീണിരുന്നു.