പുനലൂർ ∙ ഇന്നലെ തെന്മല പരപ്പാർ ഡാമിൽ നിന്ന് ജലം ഒഴുക്കി വിടുന്നതിനാൽ കല്ലടയാറ്റിൽ രാവിലെ മുതൽ ജലനിരപ്പ് ഉയർന്നു. ആയിരനെല്ലൂർ വില്ലേജിൽ 4 വീടുകൾ ഭാഗികമായി തകർന്നു. തൊളിക്കോട് പാലത്തിന് സമീപം കൂടുതൽ വീടുകളിലേക്ക് വെള്ളം കയറി. പരവട്ടം ആറ്റുകടവ്, തൊളിക്കോട്,കലയനാട് എന്നീ ഭാഗങ്ങളിലെ വീടുകളിലും വെള്ളം കയറി.അധികം നാശനഷ്ടങ്ങൾ ഉണ്ടായില്ലെന്ന് ആശ്വസിക്കാം . പശുമല റോഡ് ഭാഗത്തും പേപ്പർമിൽ സർക്കാർ മുക്ക് ഭാഗത്തും മൂന്നു ദിവസമായി റോഡിൽ വെള്ളക്കെട്ടാണ്.
നഗരസഭ അധ്യക്ഷ നിമ്മി ഏബ്രഹാം, ഉപാധ്യക്ഷൻ വി.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ ഇവിടം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയുടെ താഴത്തെ നില ഇപ്പോഴും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. അസംബ്ലീസ് ഓഫ് ഗോഡ് ആസ്ഥാനത്തെ ഗ്രൗണ്ട് പൂർണമായി മുങ്ങി. കല്ലടയാറ്റിൽ നിന്നുള്ള വെള്ളം വെട്ടിപ്പുഴ തോട്ടിലേക്ക് കയറിയതു മൂലം എംഎൽഎ റോഡിന്റെ വശങ്ങളിലെ ഏലാകളിൽ വെള്ളം കയറി.
പട്ടണ മധ്യത്തിലെ രണ്ടു സ്നാന ഘട്ടവും വെള്ളത്തിനടിയിലായി. തെന്മല പരപ്പാർ ഡാമിലെ ഷട്ടറുകൾ 150 സെന്റി മീറ്റർ ഉയർത്തിയിരുന്നത് 140 സെന്റി മീറ്ററായി ചുരുക്കി. വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്കിൽ കുറവ് വന്നതാണ് ഷട്ടർ താഴ്ത്താൻ കാരണം. കഴിഞ്ഞ ദിവസം രാത്രി മലയോര ഹൈവേയിൽ അഞ്ചൽ പുനലൂർ റൂട്ടിലെ അടുക്കള മൂലയിൽ അരമണിക്കൂറോളം വെള്ളം കയറിയിരുന്നു. പുനലൂർ ഐക്കരക്കോണം റോഡിൽ പാണക്കാട് ഭാഗത്തും റോഡിൽ വെള്ളം കയറിയിട്ടുണ്ട്.
പുനലൂർ ∙ താലൂക്കിൽ 7 ദിവസത്തിനിടെ കനത്ത മഴയിൽ ഒരു വീട് പൂർണമായും 19 വീടുകൾ ഭാഗികമായും തകർന്നു. ഞായറാഴ്ച പെയ്ത മഴയിൽ കുളത്തൂപ്പുഴ 50 ഏക്കർ സജിത് ഭവനിൽ സജിതയുടെ വീട് പൂർണമായി തകർന്നു. ഇടമൺ സദനത്തിൽ സൂസമ്മ ജേക്കബ്, ഇടമൺ പുതുക്കാട്ടിൽ പുത്തൻ വീട്ടിൽ ബിജി സുരേഷ്, തിങ്കൾക്കരിക്കം കടമാൻകോട് ഉഷസിൽ സുകുമാര പിള്ള , ഇടമൺ അയത്തിൽ കിഴക്കേക്കര ശോഭന എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്.
11 മുതൽ ശനിയാഴ്ച വരെ പുനലൂർ താലൂക്കിൽ ഭാഗികമായി വീടുകൾ തകർന്നവരുടെ പേരുവിവരം: തെന്മല സജി വിലാസത്തിൽ കുഞ്ഞമ്മ, അഗസ്ത്യക്കോട് ആശാഭവൻ ജോൺ സെബാസ്റ്റ്യൻ, തടിക്കാട് ഏറം വീട്ടിൽ രാധ നെട്ടയം പണയിൽ പുത്തൻവീട്ടിൽ ഏലിയാമ്മ ഇടമൺ വില്ലേജിൽ ഓമന,ഏരൂർ വില്ലേജിൽ ഗോപാലകൃഷ്ണൻ, രമേശ്കുമാർ, അറയ്ക്കൽ വില്ലേജിൽ മേഴ്സി ബാബു, ആര്യങ്കാവ് വില്ലേജിൽ ചന്ദ്രൻ, കരവാളൂർ വില്ലേജിൽ രതീഷ് കുമാർ, ചണ്ണപ്പേട്ട വില്ലേജിൽ മോഹനൻ, ആര്യങ്കാവ് വില്ലേജിൽ ശരണ്യ ശശി, സുരേഷ്, ഇടമൺ വില്ലേജിൽ സതീശൻ,ചണ്ണപ്പേട്ട വില്ലേജിൽ ദേവകി എന്നിവരുടെ വീടുകളാണ് തകർന്നത്.ണം റോഡിൽ പാണക്കാട് ഭാഗത്തും റോഡിൽ വെള്ളം കയറിയിട്ടുണ്ട്
ആയിരനെല്ലൂർ വില്ലേജിൽ കിണറ്റുമുക്ക് നെല്ലിവിള പുത്തൻവീട്ടിൽ ചിന്നമ്മ,മണലിൽ അപർണ വിലാസം അന്നമ്മ അലക്സാണ്ടർ, ആയിരനെല്ലൂർ വില്ലേജിൽ വിളക്കുപാറ ബിനു വിലാസത്തിൽ ബിനു എന്നിവരുടെ വീടിന്റെ അടുക്കള തകർന്നു.അലയമൺ വില്ലേജിൽ വനത്തും മുക്ക് രജനി വിലാസത്തിൽ രാജാമണിയുടെ വീട് ഇന്നലെ ഭാഗികമായി തകർന്നു
മഴയിൽ ദുരിതമായി മാലിന്യവും
പുത്തൂർ ∙ കല്ലടയാർ കരകവിഞ്ഞ് തീരപ്രദേശങ്ങളിൽ വെള്ളം കയറിയതിന് ഒപ്പം ഒഴുകിപ്പരന്ന മാലിന്യവും നാട്ടുകാർക്ക് ദുരിതമായി. ഞാങ്കടവ്–പാങ്ങോട് റോഡിനു സമീപം കൊണ്ടുവന്നു തള്ളിയ മാലിന്യമാണ് പ്രളയജലത്തിൽ ഒഴുകിപ്പരന്നത്. ഇത് കടുത്ത ആരോഗ്യഭീഷണി ഉയർത്തുന്നു എന്നാണ് നാട്ടുകാരുടെ പരാതി
ഞാങ്കടവ്–ആറ്റുവാശേരി റോഡിന്റെ വശങ്ങളിലും സ്ഥിരമായി മാലിന്യം തള്ളുന്നുണ്ട്. ഇവിടെയും റോഡിലേക്കു വെള്ളം കയറിയതോടെ മാലിന്യക്കെട്ടുകൾ വെള്ളത്തിൽ ഒഴുകി നടക്കുന്നുണ്ട്. ഗുരുതര ആരോഗ്യഭീഷണി ഉയർത്തിയിട്ടും അധികൃതർ നടപടി കൈക്കൊള്ളുന്നില്ലെന്ന് പരാതിയുണ്ട്.
തീരം ഇടിഞ്ഞു; ലക്ഷങ്ങളുടെ കുടിലുകൾ തകർച്ചയിൽ
തെന്മല∙ ഇക്കോടൂറിസം ലക്ഷങ്ങൾ മുടക്കി കല്ലടയാറിന്റെ തീരത്ത് സഞ്ചാരികൾക്കായി നിർമിച്ച കുടിലുകൾ തകർച്ചയിൽ. പരപ്പാർ അണക്കെട്ടിൽ നിന്ന് കല്ലടയാറ്റിലേക്ക് ജലമൊഴുക്ക് ആരംഭിച്ചതോടെ തീരം ഇടിഞ്ഞതാണ് കുടിലുകളുടെ തകർച്ചയിലേക്ക് നയിക്കുന്നത്. കുടിലുകളുടെ നിർമാണവേളയിൽത്തന്നെ തീരം ഇടിയുമെന്ന ആക്ഷേപം ഉയർന്നിരുന്നു. അത് ചെവിക്കൊള്ളാതെയാണ് പണി നടത്തിയത്.
ആറിന്റെ തീരത്തെ 5 കുടിലുകളിൽ സഞ്ചാരികളെ പാർപ്പിക്കാൻ സാധിക്കില്ല. ഇവിടെ സ്ഥാപിച്ചിരുന്ന സുരക്ഷാ വേലിയും തകർന്ന് ആറ്റിൽ പതിച്ചിട്ടുണ്ട്. ഏറെ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്ത് ഇരുമ്പ് പൈപ്പും ഷീറ്റും സിമന്റ് കട്ടയും ഉപയോഗിച്ച് എല്ലാ സൗകര്യങ്ങളോടും കൂടിയാണ് കുടിലുകൾ നിർമിച്ചത്. നിലവിൽ കുടിലുകളുടെ പരിസരം കാടുമൂടി കിടക്കുകയാണ്.